Skip to main content

സാങ്കേതികവിദ്യയുടെ വളര്‍ച്ചക്കനുസരിച്ച് വിദ്യാഭ്യാസരംഗത്തും  മാറ്റങ്ങള്‍ നടപ്പാക്കണം - മന്ത്രി കെ.ടി.ജലീല്‍

 

സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തിനനുസരിച്ച് വിദ്യാഭ്യാസരംഗത്തും മാറ്റങ്ങളുണ്ടാകണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ പറഞ്ഞു. അസാപ്പിന്റെ നൂതന സംരംഭമായ അഡ്വാന്‍സ്ഡ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ ഉദ്ഘാടനം മസ്‌കറ്റ് ഹോട്ടലില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 

  സാങ്കേതികവിദ്യ നമ്മുടെ സാമൂഹിക ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. അതിനെ അവഗണിച്ച് നമ്മുടെ വിദ്യാഭ്യാസമേഖലയ്ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി, മെഷീന്‍ ലേണിംഗ്, ബ്ലോക്ക് ചെയ്ന്‍ എന്നിവയുടെ കാലഘട്ടമാണിത്. നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി ഇത്തരം കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ച്  പരിഷ്‌കരിക്കണം. സര്‍ക്കാരിന്റെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങളും ഇത്തരം മാറ്റങ്ങള്‍ നടപ്പാക്കാന്‍ മുന്നോട്ട് വരണം. 

  കേരളം വിദ്യാഭ്യാസത്തില്‍ വളരെ മുന്നിലാണെങ്കിലും ഉന്നതവിദ്യാഭ്യാസ രംഗത്ത് പിന്നാക്കം പോകുന്ന അവസ്ഥയാണുള്ളത്. ഈ മേഖലയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആവശ്യമായ പരിശീലനം നല്‍കണം. സര്‍ട്ടിഫിക്കറ്റ് എന്നത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനുള്ള യോഗ്യത മാത്രമാണ്. എന്നാല്‍ കഴിവും പ്രാപ്തിയുമുള്ളവരെ കണ്ടെത്തേണ്ടതുണ്ട്. അക്കാദമിക് മേഖലയിലുള്ളവര്‍ക്ക് പരിശീലനം നല്‍കുന്നതിനൊപ്പം ജീവിതാനുഭവങ്ങളുള്ളവരെയും പരമ്പരാഗത തൊഴില്‍ സിദ്ധിയുള്ളവരെയും പരിശീലനത്തില്‍ ഉള്‍പ്പെടുത്താന്‍ അസാപ് മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു.

   ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഉഷ ടൈറ്റസ് അധ്യക്ഷത വഹിച്ചു. ടെക്‌നിക്കല്‍ എജൂക്കേഷന്‍ ഡയറക്ടര്‍ ഡോ.കെ.പി. ഇന്ദിരാദേവി, ഷാജി ജോസഫ്, ഡോ.ബെന്നി ജോസഫ്, ഡോ. ജിജി സി.വി, അരുണ്‍ പി.എസ് എന്നിവര്‍ ആശംസ നേര്‍ന്നു. 

  പരമ്പരാഗത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷീന്‍ ലേണിംഗ് കോഴ്‌സിന്റെ ലോഞ്ചും എ.എസ്.ഡി.സിയുമായി കൈകോര്‍ക്കുന്ന എഞ്ചിനീയറിംഗ് കോളജുമായുള്ള ധാരണാപത്രം ഒപ്പിടലും ചടങ്ങില്‍ നടന്നു.

പി.എന്‍.എക്സ്. 5081/18

 

 

date