Skip to main content

അതിഥിത്തൊഴിലാളികള്‍ക്ക് ചികിത്സാ സഹായം ചിസ് പ്ലസ് മാതൃകയില്‍: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (നവംബര്‍ 16) 

 

  സംസ്ഥാനത്ത് വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന അതിഥിത്തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷ ലക്ഷ്യമിടുന്ന ആവാസ് പദ്ധതി വഴി നല്‍കിയിരുന്ന ചികിത്സാ സഹായം ഇനി മുതല്‍ ചിസ് പ്ലസ് മാതൃകയില്‍. ചിയാക്കിന്റെ ചിസ് പ്ലസ് സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 56 സര്‍ക്കാര്‍ ആശുപത്രികളില്‍ ആവാസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് പണം നല്‍കാതെ ചികിത്സ ലഭ്യമാക്കുന്ന ആവാസ് അഷ്വറന്‍സ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (നവംബര്‍ 16) വൈകിട്ട് ആറിന്  തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. യോഗത്തില്‍ മന്ത്രി തൊഴിലാളികള്‍ക്കുള്ള മരണാനന്തര ധനസഹായം വിതരണം ചെയ്യും.  

രാജ്യത്ത് തന്നെ ഇത് ആദ്യമായാണ് അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ഇത്തരം പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്.  ആവാസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത 301000 തൊഴിലാളികള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. തൊഴിലും നൈപുണ്യവും വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജനറല്‍, ജില്ലാ ആശുപത്രികളും മെഡിക്കല്‍ കോളേജുകളും ഉള്‍പ്പെടും.  ആവാസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് 15000 രൂപയുടെ ചികിത്സാ സഹായവും രണ്ടു ലക്ഷം രൂപയുടെ അപകടമരണ ഇന്‍ഷ്വറന്‍സ് പരിരക്ഷയുമാണ് ലഭിക്കുക. ചികിത്സാരേഖകള്‍ ഹാജരാക്കി മാത്രമേ മുമ്പ് ഇന്‍ഷുറന്‍സ് ആനുകൂല്യം അനുവദിച്ചിരുന്നുള്ളു. 

കെ മുരളീധരന്‍ എം എല്‍ എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മേയര്‍ വി കെ പ്രശാന്ത്, കൗണ്‍സിലര്‍ ഐ പി ബിനു, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ: ആഷാ തോമസ്, ലേബര്‍ കമ്മിഷണര്‍ എ അലക്സാണ്ടര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ: സരിത ആര്‍ എല്‍, ചിയാക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ അശോക് കുമാര്‍, മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ: റംലാ ബീവി തുടങ്ങിയവര്‍ സംബന്ധിക്കും.

പി.എന്‍.എക്സ്. 5087/18

date