Skip to main content

കുഷ്ഠ രോഗ നിര്‍ണ്ണയ പ്രചാരണര്‍ഥം സൗഹൃദ ഫുട്‌ബോള്‍ മീഡിയ ഇലവനും നാഷനല്‍ ഹെല്‍ത്ത് മിഷനും സമനിലയില്‍

 

കുഷ്ഠ രോഗ നിര്‍ണ്ണയ പ്രചാരണര്‍ഥം  ആരോഗ്യവകുപ്പ് നടത്തുന്ന അശ്വമേധം  പരിപാടിയുടെ ഭാഗമായി സൗഹൃദ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു.കോട്ടപ്പടി ക്ലബ് വണ്‍ സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ മത്സരത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ടീമായ മീഡിയ ഇലവനും നാഷണല്‍ ഹെല്‍ത്ത് മിഷനും  സമനിലയില്‍ എത്തി. സൗഹൃദ മത്സരം മലപ്പുറം എം.എല്‍.എ പി. ഉബൈദുള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ഈ വര്‍ഷം ഡിസംബര്‍ അഞ്ച് മുതല്‍ 18 വരെ ജില്ലയിലുടനീളം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കുഷ്ഠ രോഗ നിര്‍ണ്ണയത്തില്‍ പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ വീടുകളിലും സ്ഥാപനങ്ങളിലുമായി പരിശോധന നടത്തും. സംസ്ഥാനത്ത് കുട്ടികളുള്‍പ്പടെ കുഷ്ഠരോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ പുതിയ നടപടി. കുഷ്ഠരോഗം പൂര്‍ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

പരിപാടിയില്‍  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന , നഗരസഭ അധ്യക്ഷ സി.എച്ച് ജമീല, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അഹമ്മദ് അഫ്സല്‍,ജില്ല ലെപ്രസി ഓഫീസര്‍ ഡോ. കെ.മുഹമ്മദ് ഇസ്മായില്‍ ,അസി. ലെപ്രസി ഓഫീസര്‍ എം.അബ്ദുല്‍ ഹമീദ്,പ്രസ്‌ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാള്‍ എന്നിവര്‍ സംസാരിച്ചു.   

 

date