Skip to main content

സുരക്ഷിത കൂടൊരുക്കും കേരളം പദ്ധതി'  അവലോകനം ചെയ്തു

'ആലപ്പുഴ :ജില്ലയിലെ പ്രളയ ബാധിതരായ ആളുകൾക്ക് കൈത്താങ്ങായി പ്രളയ ദുരന്ത പുനരധിവാസ ഭവന നിർമാണ പദ്ധതി 'സുരക്ഷിത കൂടൊരുക്കും കേരളം  'പദ്ധതി അവലോകനം ചെയ്തു. ജില്ലയിലെ വിവിധ പഞ്ചായത്തു /മുനിസിപ്പാലിറ്റിയിൽ ഉള്ള ഗുണഭോക്താക്കൾക്ക് സഹായകേന്ദ്രം ആരംഭിക്കാൻ ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ വ്യാഴാഴ്ച ചേർന്ന യോഗത്തിൽ തീരുമാനിച്ചു. 

പ്രളയ ദുരന്തത്തിൽ പൂർണമായി തകർന്നതോ ഗുരുതരമായി കേടുപാടുകൾ പറ്റിയതോ ആയ വീട്ടുടമകൾ ആണ് ഇതിന്റെ ഉപഭോക്താക്കൾ. ഗുണഭോക്താക്കൾ നേരിട്ടോ സർക്കാർ മേൽനോട്ടത്തിലോ ആണ് ഭവന നിർമാണ രീതികൾ. 4 ലക്ഷം രൂപ വരെയാണ് ധന സഹായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, ദുരന്ത നിവാരണ നിധി എന്നിവയിൽ നിന്നാണ് ധന സഹായം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ റീ ബിൽഡ് കേരള എന്ന വെബ്സൈറ്റിൽ ചേർത്തിട്ടുള്ള നാശനഷ്ടം സംഭവിച്ചിട്ടുള്ള ലിസ്റ്റിൽ നിന്നാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. ഇന്നലെ വരെയുള്ള  കണക്കുകൾ പ്രകാരം ജില്ലയിൽ  1162 ഗുണഭോകതാക്കൾ ആണ് ഉൾപെട്ടിട്ടുള്ളത് . ഇതിൽ ഇനിയും മാറ്റമുണ്ടാകുമെന്ന് യോഗം വിലയിരുത്തി. അവസാനവട്ട കണക്കെടുപ്പ് പൂർത്തിയായിട്ടില്ല. അതുകൂടി പൂർത്തിയാകുമ്പോഴെ വീടുകളുടെ എണ്ണം സംബന്ധിച്ച് അന്തിമ കണക്കാകൂ. അമ്പലപ്പുഴ-107, ആര്യാട്-48, ഭരണിക്കാവ് -23, ചമ്പക്കുളം -149, ചെങ്ങന്നുർ -114, ഹരിപ്പാട് -141, കഞ്ഞിക്കുഴി -49, മാവേലിക്കര -50, മുതുകുളം -10, പട്ടണക്കാട് -34, തൈക്കാട്ടുശേരി -5, വെളിയനാട് -305 എന്നിങ്ങനെ ആണ് ബ്ലോക്ക് തലത്തിലെ ഗുണഭോക്താക്കളുടെ കണക്ക്. 127 ഗുണഭോക്താക്കൾ ആണ് വിവിധ  മുനിസിപ്പാലിറ്റികളിലായി  ഉള്ളത്.  വരുന്ന 17ന്  വിവിധ ബ്ലോക്ക് അടിസ്ഥാനത്തിൽ ഗുണഭോകതാക്കളുടെ മീറ്റിംഗ് നടത്താൻ യോഗത്തിൽ തീരുമാനിക്കുകയുണ്ടായി. എ ഡി എം ഐ അബ്ദുൾ സലാം അധ്യക്ഷനായ യോഗത്തിൽ ലൈഫ് മിഷൻ കോഓർഡിനേറ്റർ ഉദയ സിംഹൻ  എ ഡി സി ജനറൽ ഡി ഷിൻസ്, പ്ലാനിങ് ഓഫീസർ കെ എസ് ലതി, ഡെപ്യൂട്ടി കളക്ടർ   പി സ്വർണ്ണമ്മ എന്നിവർ പങ്കെടുത്തു..

date