Skip to main content

ശുദ്ധമായ വെളിച്ചെണ്ണ ലോകവിപണിയില്‍ എത്തിക്കുക ലക്ഷ്യം - മന്ത്രി ടി.പി. രാമകൃഷ്ണന്‍

 

നാളികേര കൃഷിയെ പ്രോത്സാഹിപ്പിച്ച് ശുദ്ധമായ വെളിച്ചെണ്ണ ലോകവിപണിയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് തൊഴില്‍, എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. നാളികേര കൃഷിയില്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്നം വിത്തു തേങ്ങയുടെ ഉദ്പാദനകുറവാണ്. ഉദ്പാദനം വര്‍ധിപ്പിക്കുന്നതിന് വേണ്ടി തെങ്ങ് കൃഷിയെ പ്രോത്സാഹിപ്പിക്കാനായി ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ കൃഷിയേയും പ്രോത്സാഹിച്ച് കൊണ്ട് കാര്‍ഷിക മേഖലയ്ക്ക് വലിയ പരിഗണന കൊടുത്ത് നമ്മുടെ നാടിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ കൃഷിക്കാരെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിനും സഹായിക്കുന്നതിനും വേണ്ടിയുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സിവില്‍ സ്റ്റേഷനില്‍ പുതുതായി ആരംഭിച്ച കുടുംബശ്രീ സുഭിക്ഷ ഔട്ട് ലെറ്റ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുഭിക്ഷ പദ്ധതി വിപുലപ്പെടുത്തി സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ലാഭമുണ്ടാക്കാന്‍ ലക്ഷ്യമിട്ടല്ല ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സപ്ലൈകോയുടെ 13 നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിച്ചിട്ടില്ല. വിലവര്‍ദ്ധനവല്ല നിയന്ത്രണമാണ് ഇത്തരം സ്ഥാപനങ്ങളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം പറഞ്ഞു. 

 പേരാമ്പ്ര ബ്ളോക്ക് പഞ്ചായത്ത്, ജില്ലാ ഗ്രാമവികസന ഏജന്‍സി എന്നിവ സംയുക്തമായി കേന്ദ്ര ദാരിദ്യ്രനിര്‍മാര്‍ജന പരിപാടിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച വനിതകള്‍ക്കുള്ള സ്വയംതൊഴില്‍ സംരംഭമാണ് സുഭിക്ഷ. പതിനഞ്ചുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന സുഭിക്ഷയില്‍ ഏഴു ഗ്രാമപഞ്ചായത്തിലെ ദാരിദ്യ്രരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ വനിതകളാണ് അംഗങ്ങള്‍. തുടക്കത്തില്‍ വീടുകളെയും സ്വയംസഹായസംഘങ്ങളെയും കേന്ദ്രീകരിച്ച് ചെറുകിട ഉല്‍പ്പാദക യൂണിറ്റുകളാണുണ്ടായത്. ഉല്‍പ്പാദനം, വിപണനം, വിനിമയം, സാങ്കേതിക വിദ്യാവികസനം, വായ്പ വിതരണം, ഓഫീസ് ഭരണം എന്നിങ്ങനെ എല്ലാ മേഖലയിലും നേതൃശേഷിയുള്ള, പരിശീലനം നേടിയ വനിതകളാണ് സുഭിക്ഷയെ നയിക്കുന്നത്. സ്ത്രീകളുടെ തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കാന്‍ വലിയ തോതില്‍ കഴിഞ്ഞുവെന്നു മാത്രമല്ല, നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യാനും സുഭിക്ഷയ്ക്ക് കഴിയുന്നു.

ചടങ്ങില്‍ സുഭിക്ഷ ചെയര്‍മാന്‍ എം. കുഞ്ഞമ്മത് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എം റോഷ്ണി നാരായണന്‍, സുഭിക്ഷ പ്രൊജക്ട് ഡയറക്ടര്‍ കെ.പി. ജോസഫ്, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.സി. കവിത, പി.എ.യു റിട്ട. പ്രൊജക്ട് ഓഫീസര്‍ പി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സുഭിക്ഷ സി.ഇ.ഒ. പി.കെ. ബാലകൃഷ്ണന്‍ സ്വാഗതവും ഡയറക്ടര്‍ മൈമൂന ബഷീര്‍ നന്ദിയും പറഞ്ഞു. 

വനിതാ ശിശുക്ഷേമം സര്‍ക്കാറിന്റെ മുഖ്യപരിഗണന- മന്ത്രി ടി.പി രാമകൃഷ്ണന്‍

 സര്‍ക്കാര്‍ കുട്ടികളുടെയും കൗമാരക്കാരുടെയും പ്രശ്നങ്ങള്‍ മനസ്സിലാക്കാനും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാക്കാനും പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും സംസ്ഥാന ബജറ്റിന്റെ 16  ശതമാനം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി മാറ്റിവെച്ചെന്നും തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി ജെന്‍ഡര്‍ ബഡ്ജറ്റ് ആണ് കേരളത്തിലുള്ളത്. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ കുട്ടികളിലും കൗമാരക്കാര്‍ക്കുമിടയിലുണ്ടാകുന്ന ദൗര്‍ബല്യങ്ങള്‍ മുതലെടുത്ത് അവരെ ലഹരിക്ക്് അടിമകളാക്കുന്നവരെ സമൂഹം ഒറ്റക്കെട്ടായി നേരിടണം, നവ മാധ്യമങ്ങളിലെ മരണഗ്രൂപ്പുകളില്‍ കുട്ടികള്‍ അകപ്പെടുന്നത് തടയാന്‍ വീടിനുള്ളില്‍ സൗഹൃദ അന്തരീക്ഷം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

എസി ഷണ്‍മുഖദാസ് മെമ്മോറിയല്‍ ആയുര്‍വേദിക് ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ്  കെയര്‍ സെന്റര്‍ സംഘടിപ്പിച്ച ശിശുദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.  ചടങ്ങില്‍ സെന്ററില്‍ പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന ഹോളി ഇന്റര്‍ വെന്‍ഷന്‍ ക്ലിനിക്കിന്റെയും അഡോളസെന്റ് ഹെല്‍ത്ത് ക്ലിനിക്, ഓട്ടിസം ക്ലിനിക്കിന്റെയും  ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു, 
  സ്ഥാപനത്തിന്റെ  വികസനം സംബന്ധിച്ച് തയ്യാറാക്കിയ രൂപരേഖ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി  തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ കൈമാറി  സ്പന്ദനം പ്രോജക്റ്റിനെ യും സ്ഥാപനത്തെക്കുറിച്ചും ഉള്ള അയനം ഡോക്യുമെന്ററി യുടെ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു. 

ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷന്‍ ആയി, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എന്‍ ശ്രീകുമാര്‍ പദ്ധതി വിശദീകരണം നടത്തി, തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി പ്രകാശന്‍ മാസ്റ്റര്‍ ധാരണ പത്രം കൈമാറി. തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമീള കെ.ടി , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയര്‍ പെഴ്സണ്‍  പ്രജിത കെ.ജി, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ഇ.ടി മനോഹരന്‍, തലക്കുളത്തൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ യു.പ്രദീപ് കുമാര്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല തുടങ്ങിയവര്‍ സംസാരിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.എം മന്‍സൂര്‍ സ്വാഗതവും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പി.സി ജെസ്സി നന്ദിയും പറഞ്ഞു.

date