Skip to main content

ഗദ്ദിക 2018: സാംസ്‌കാരിക മേളയ്ക്ക് ഒരുക്കങ്ങള്‍ ആരംഭിച്ചു

പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പിന്റെയും കിര്‍ത്താഡ്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക പ്രദര്‍ശന വിപണന മേളയായ ഗദ്ദിക-2018 ജില്ലയുടെ ആഘോഷ മേളയാക്കാന്‍ സംഘാടക സമിതി യോഗം തീരുമാനിച്ചു. ജില്ലാ കളക്ടറുടെ ചേബറില്‍ ചേര്‍ന്ന യോഗത്തില്‍ മേള വിജയിപ്പിക്കാനുള്ള കാര്യപരിപാടികളെകുറിച്ചു ചര്‍ച്ചചെയ്തു. പട്ടികജാതി,ഗോത്ര വിഭാഗങ്ങളുടെ ദൈവികവും വംശീയവുമായ കലാ സംസ്‌കൃതികളുടെയും കരകൗശല വൈവിദ്യങ്ങളുടെയും തനത് അറിവുകളുടെയും പ്രദര്‍ശനവും വിപണനവും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ഗദ്ദികയ്ക്ക് ആദ്യമായാണ് ജില്ല ആതിഥ്യമരുളുന്നത്. ഡിസംബര്‍ 22 മുതല്‍ 30 വരെ കാലിക്കടവ് മൈതാനത്ത് നടത്തുന്ന മേളയില്‍ നൂറോളം സ്റ്റാളുകളും നൂറുകണക്കിന് കലാകാരന്മാരും അണിനിരയ്ക്കും. 
സപ്തഭാഷകളുടെ വൈവിധ്യം കൂടി ഈ വര്‍ഷത്തെ ഗദ്ദികയെ വ്യത്യസ്ഥമാക്കും. മേളയ്ക്ക് കൊഴുപ്പ് കൂട്ടാന്‍ ഫോക്‌ലോര്‍ അക്കാദമി, കലാമണ്ഡലം, കെപിഎസി, തുളു അക്കാദമി തുടങ്ങിയവയുടെ നിരവധി കലാ-സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. മേളയുടെ ടൂറിസം സാധ്യതകള്‍ പരിശോധിക്കാനും പൊതുജനങ്ങളില്‍  മേളയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു നിര്‍ദ്ദേശിച്ചു. 
       മേളയുടെ ചെയര്‍മാനും തൃക്കരിപ്പൂര്‍ എംഎല്‍എയുമായ എം. രാജഗോപാലന്‍,  പട്ടികജാതി വികസന ഓഫിസര്‍ എസ്.മീനാ റാണി, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ പി.ടി. അനന്തകൃഷ്ണന്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

date