Skip to main content

അശ്വമേധം : കുഷ്‌ഠരോഗ നിര്‍ണ്ണയ പരിപാടി ജില്ലയില്‍ തുടങ്ങുന്നു

കുഷ്‌ഠരോഗ വ്യാപനം തടയുന്നതിന്‌ ലക്ഷ്യമിട്ട്‌ അശ്വമേധം പരിപാടിയ്‌ക്കായി ജില്ല ഒരുങ്ങുന്നു. സംസ്ഥാനത്ത്‌ എട്ട്‌ ജില്ലകളിലാണ്‌ കുഷ്‌ഠരോഗ നിര്‍ണ്ണയ ഗൃഹസന്ദര്‍ശന പരിപാടിയായ അശ്വമേധം നടക്കുന്നത്‌. ഡിസംബര്‍ 5 മുതല്‍ 18 വരെയാണ്‌ കുഷ്‌ഠരോഗ നിര്‍ണ്ണയത്തിനായുളള ഗൃഹസന്ദര്‍ശന പരിപാടി നടത്തുക. കുഷ്‌ഠരോഗം ഒരു ബാക്‌ടീരിയ രോഗമാണ്‌. വായുവിലൂടെയാണ്‌ പ്രധാനമായും ഈ രോഗം പടരുന്നത്‌. തുമ്മുകയോ ചുമയ്‌ക്കുകയോ ചെയ്യുമ്പോള്‍ രോഗാണു രോഗിയില്‍നിന്നും പുറത്ത്‌ കടക്കുന്നു. ചികിത്സയെടുക്കുന്ന രോഗികളില്‍നിന്നും രോഗം പകരുകയില്ല. തൊലിപ്പുറത്ത്‌ കാണുന്ന സ്‌പര്‍ശന ശേഷി കുറഞ്ഞ നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍, കട്ടികൂടിയ തിളക്കമുളള ചര്‍മ്മം, വേദനയില്ലാത്ത വ്രണങ്ങള്‍, കൈയ്യിലും കാലിലും ഉണ്ടാകുന്ന മരവിപ്പും വേദനയും ബലക്ഷയം, ചെവി, മറ്റു ശരീരഭാഗങ്ങളിലെ ചെറു മുഴകള്‍, ഞരമ്പുകളില്‍ വേദന എന്നിവയാണ്‌ കുഷ്‌ഠരോഗത്തിന്റെ തുടക്കത്തില്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍. ഈ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കുഷ്‌ഠരോഗ നിര്‍ണ്ണയ പരിപാടിയുടെ ഭാഗമായി വീടുകളില്‍ സന്ദര്‍ശിക്കുന്ന പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകരോട്‌ തുറന്ന്‌ പറയുന്നത്‌ വഴി സ്വകാര്യത സംരക്ഷിച്ചുകൊണ്ട്‌ തന്നെ വിദഗ്‌ധ പരിശോധന യിലൂടെ രോഗം ആരംഭത്തിലെ തന്നെ ചികിത്സിച്ച്‌ രോഗപകര്‍ച്ച തടയാന്‍ സാധിക്കും.6 മുതല്‍ 12 മാസത്തിനുളളില്‍ തന്നെ രോഗം പൂര്‍ണ്ണമായും ചികിത്സിച്ച്‌ ഭേദമാക്കാന്‍ സാധിക്കുന്നത്‌ വഴി കുഷ്‌ഠരോഗം മൂലമുളള അംഗവൈകല്യങ്ങള്‍ തടയുവാനും സാധിക്കുന്നു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുളള നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്‌തിട്ടുണ്ട്‌. ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, വളണ്ടിയര്‍മാര്‍ എന്നിവര്‍ക്ക്‌ തുടര്‍ പരിശീലന പരിപാടികളും നടത്തി വരുന്നുണ്ട്‌. ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി പത്രപ്രവര്‍ത്തകര്‍ക്കുളള ശില്‌പശാല, വിവിധ മാധ്യമങ്ങള്‍ മുഖേന സന്ദേശങ്ങളും വീഡിയോ പ്രദര്‍ശനങ്ങള്‍, റാലികള്‍, മൈക്ക്‌ അനൗണ്‍സ്‌മെന്റ്‌ എന്നിവ സംഘടിപ്പിക്കും. കൂടാതെ ഇതിനോടനുബന്ധിച്ച്‌ സ്‌കൂളുകളില്‍ നാടക മത്സരങ്ങളും കോളേജുകളില്‍ പോസ്റ്റര്‍ നിര്‍മ്മാണ മത്സരവും നടത്തും. തൃശ്ശൂര്‍ ടൗണ്‍ഹാളിലാണ്‌ ഡിസംബര്‍ 5 ന്‌ ജില്ലാതല ഉദ്‌ഘാടന പരിപാടി നടക്കുക.

date