Skip to main content

ആയിരം വനിതകള്‍ക്ക് പതിനേഴര കോടി രൂപ ചെലവില്‍  തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കും : മന്ത്രി ജെ.മെഴ്‌സിക്കുട്ടി അമ്മ

 

മത്സ്യമേഖലയിലെ ആയിരം വനിതകള്‍ക്ക് പതിനേഴര കോടി ചെലവില്‍ പുതിയ തൊഴില്‍സംരംഭങ്ങള്‍ ആരംഭിക്കാന്‍ നടപടികള്‍ തുടരുന്നതായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മെഴ്‌സിക്കുട്ടി അമ്മ പറഞ്ഞു.  തിരുവനന്തപുരം ജില്ലയിലെ തീരമൈത്രി കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഭൂമിയും വീടും പദ്ധതി പ്രകാരം സര്‍ക്കാര്‍ അനുവദിച്ച 10 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 45 വീടുകളുടെ താക്കോല്‍ദാനവും മന്ത്രി നിര്‍വഹിച്ചു.

കടലില്‍ നിന്ന് 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന 1500 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഓഖി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ച തുകയില്‍ നിന്നും ഒരു രൂപ പോലും സര്‍ക്കാര്‍ മാറ്റി ചെലവാക്കിയിട്ടില്ല. ദുരന്തനിവാരണത്തിനായി 14 കോസ്റ്റല്‍ സ്റ്റേഷനുകളില്‍ 200 ഓളം മത്സ്യത്തൊഴിലാളികളെ കോസ്റ്റല്‍ വാര്‍ഡന്‍മാരായി നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

120 മത്സ്യത്തൊഴിലാളി ഗ്രൂപ്പുകള്‍ക്ക് സ്വന്തമായി വള്ളവും മത്സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങുന്നതിനും നിബന്ധനകളോടെയുള്ള ധനസഹായം പരിഗണനയിലാണ്.

ഇടനിലക്കാരില്ലാതെയും കമ്മീഷന്‍ നല്‍കാതെയും മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യം നേരിട്ടു വില്‍ക്കുന്ന നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. മത്സ്യത്തൊഴിലാളി വനിതകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സാഫ് വഴി സ്ത്രീ ശാക്തീകരണം, സാമ്പത്തിക സുരക്ഷ, ആരോഗ്യം, നൈപുണ്യ പരിശീലനം എന്നിവ ഉള്‍പ്പെടുത്തി പുതിയ തൊഴില്‍ സംരംഭങ്ങളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന് മന്ത്രി വ്യക്തമാക്കി.

ചടങ്ങില്‍ കൗണ്‍സിലര്‍ എന്‍.എ റഷീദ് അധ്യക്ഷത വഹിച്ചു. ഷൈനി വില്‍ഫ്രെഡ്, ലൈലാ ബീവി, പുല്ലുവിള സ്റ്റാന്‍ലി, എ.എസ്.ഹരികുമാര്‍, കെന്നടി എന്നിവര്‍ പങ്കെടുത്തു.

പി.എന്‍.എക്സ്. 5111/18

 

date