Skip to main content

അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് കേരളത്തില്‍ ലഭിക്കുന്നത്  രാജ്യത്ത് ഒരിടത്തും ലഭിക്കാത്ത പരിഗണന -മന്ത്രി ടി.പി. രാമകൃഷ്ണന്‍

 

*ആവാസ് അഷ്വറന്‍സ് പദ്ധതിക്ക് തുടക്കമായി

രാജ്യത്ത് ഒരിടത്തും ലഭിക്കാത്ത സാമൂഹ്യസുരക്ഷയും പരിഗണനയുമായി അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് കേരളത്തില്‍ ലഭിക്കുന്നതെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. 

ആവാസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് പണം നല്‍കാതെ ചികിത്സ ലഭ്യമാക്കുന്ന ആവാസ് അഷ്വറന്‍സ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാമൂഹ്യ, സാമ്പത്തികഘടനയുടെ ഭാഗമാണ് ഇന്ന് അന്യസംസ്ഥാനത്തൊഴിലാളികള്‍.  കേരളത്തിലെ തൊഴിലാളികള്‍ക്കുള്ള എല്ലാ തൊഴില്‍ സംരക്ഷണവും നിയമപരിരക്ഷയും അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതില്‍പ്രധാനമാണ് 'ആവാസ്' അഷ്വറന്‍സ് പദ്ധതി. കേരളത്തില്‍ മെഡിക്കല്‍ കോളേജുകളും ആര്‍.സി.സിയും ഉള്‍പ്പെടെ 56 ആശുപത്രികളില്‍ ഇതുവഴിയുള്ള സൗജന്യ ചികിത്സ ലഭിക്കും. 3,19,111 പേരാണ് 'ആവാസി'ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എട്ടു തൊഴിലാളി കുടുംബങ്ങള്‍ക്ക് ഇതിനകം മരണാനന്തര ഇന്‍ഷുറന്‍സ് സഹായമായ രണ്ടുലക്ഷം രൂപ നല്‍കിക്കഴിഞ്ഞു. സഹായമെത്തിക്കാനും കൂടുതല്‍പേരെ രജിസ്റ്റര്‍ ചെയ്യിക്കാനും ഉദ്യോഗസ്ഥര്‍ മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു.

തൊഴിലാളികള്‍ക്കായി ഫെസിലിറ്റേഷന്‍ സെന്റര്‍ തിരുവനന്തപുരം തമ്പാനൂരും എറണാകുളം പെരുമ്പാവൂരും തുടങ്ങിക്കഴിഞ്ഞു. മറ്റു ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കും. താമസസൗകര്യമൊരുക്കാനായി അപ്‌നാഘര്‍ ഫ്‌ളാറ്റ് സമുച്ചയം പാലക്കാട് കഞ്ചിക്കോട്ട് പൂര്‍ത്തിയാവുകയാണ്. മറ്റു ജില്ലകളിലേക്ക് ഇത് വ്യാപിപ്പിക്കും. ആരോഗ്യവകുപ്പുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പുകളും ബോധവത്കരണ ക്ലാസുകളും തുടര്‍ന്നുവരുന്നതായും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ മന്ത്രി തൊഴിലാളികള്‍ക്കുള്ള മരണാനന്തര ധനസഹായം വിതരണം ചെയ്തു. തിരുവനന്തപുരത്തെ ടെക്‌സ്റ്റയിലില്‍ ജോലി ചെയ്യവേ മരിച്ച തിരുനല്‍വേലി സ്വദേശി ജോണ്‍തോമസിന്റെ മക്കളായ ദേവദാസ്, ജഗദീഷ് എന്നിവര്‍ മന്ത്രിയില്‍ നിന്ന് രണ്ടുലക്ഷം രൂപയുടെ സഹായം ഏറ്റുവാങ്ങി.

ചടങ്ങില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ: ആഷാ തോമസ്, ലേബര്‍ കമ്മിഷണര്‍ എ അലക്‌സാണ്ടര്‍, ചിയാക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ അശോക് കുമാര്‍, ജനറല്‍ ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് എല്‍.സി. സരിതാകുമാരി, ആര്‍.എം.ഒ സ്റ്റാന്‍ലി ജെയിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.   

സംസ്ഥാനത്ത് വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന അതിഥിത്തൊഴിലാളി കളുടെ ആരോഗ്യ പരിരക്ഷ ലക്ഷ്യമിടുന്ന ആവാസ് പദ്ധതി വഴി നല്‍കിയിരുന്ന ചികിത്സാ സഹായം ചിസ് പ്ലസ് മാതൃകയിലാണ് ഇനി ലഭിക്കുക. ചിയാക്കിന്റെ ചിസ് പ്ലസ് സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 56 സര്‍ക്കാര്‍ ആശുപത്രികളില്‍ ആവാസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യ ചികിത്സ ലഭിക്കും. രാജ്യത്ത് തന്നെ ഇത് ആദ്യമായാണ് അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ഇത്തരം പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. ആവാസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. തൊഴിലും നൈപുണ്യവും വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജനറല്‍, ജില്ലാ ആശുപത്രികളും മെഡിക്കല്‍ കോളേജുകളും ഉള്‍പ്പെടും.  ആവാസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് 15000 രൂപയുടെ ചികിത്സാ സഹായവും രണ്ടു ലക്ഷം രൂപയുടെ അപകടമരണ ഇന്‍ഷ്വറന്‍സ് പരിരക്ഷയുമാണ് ലഭിക്കുക. ചികിത്സാരേഖകള്‍ ഹാജരാക്കി മാത്രമേ മുമ്പ് ഇന്‍ഷുറന്‍സ് ആനുകൂല്യം അനുവദിച്ചിരുന്നുള്ളു.

പി.എന്‍.എക്സ്. 5112/18

date