Skip to main content

ത്വക് രോഗങ്ങള്‍ കണ്ടെത്താന്‍ ജില്ലയിലെ മുഴുവന്‍ വീടുകളിലും പരിശോധന നടത്തും

കുഷ്ഠരോഗ നിര്‍ണയ പരിപാടിയുടെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകര്‍ ഡിസംബര്‍ അഞ്ച് മുതല്‍ ജില്ലയിലെ മുഴുവന്‍ വീടുകളിലും സന്ദര്‍ശനം നടത്തുമെന്ന്  ജില്ലാകലക്ടര്‍ അമിത് മീണ അറിയിച്ചു.  9,41,390 വീടുകളിലെ രണ്ട് വയസിന് മുകളിലുള്ള 46,79,380 പേരെ പരിശോധനയ്ക്ക് വിധേയമാക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലും രോഗനിര്‍ണയം നടത്തും. തൊളിപ്പുറത്തുണ്ടാകുന്ന ചെറിയ പാടുകള്‍ പോലും അവഗണിക്കരുതെന്നും ജില്ലയില്‍ കുഷ്ഠരോഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നത് ഗൗരവമായി കാണണമെന്നും കലക്ടര്‍ ഓര്‍മിപ്പിച്ചു.
 അശ്വമേധം എന്ന പേരില്‍ നടത്തുന്ന രോഗനിര്‍ണയ പരിപാടിയില്‍  20-25 വീടുകളില്‍  ഓരോ ദിവസവവും പരിശോധന നടത്തും.  ഒരു സ്ത്രീയും പുരുഷനുമടങ്ങുന്നതാണ് പരിശോധകസംഘം. കുഷ്ഠരോഗത്തിന്റെ  ലക്ഷണങ്ങള്‍ കണ്ടാല്‍ അവ പ്രത്യേകം രേഖപ്പെടുത്തും. രോഗനിര്‍ണയത്തിന് ശേഷം അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് സൗജന്യ ചികിത്സ ഉറപ്പാക്കും. സന്ദര്‍ശന സമയത്ത് വീട്ടിലില്ലാത്തവര്‍ക്കു വേണ്ടി വീണ്ടും ഗൃഹസന്ദര്‍ശനം നടത്തും. ഈ കാലയളവില്‍ നാട്ടിലില്ലാത്തവരൊഴികെ മുഴുവന്‍ പേരെയും പരിശോധിക്കണം.  ഹോമിയോ, ആയുര്‍വേദം തുടങ്ങി മറ്റു ചികിത്സ വിഭാഗങ്ങളും സഹകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗിരിവര്‍ഗ കോളനികള്‍, ഹോസ്റ്റലുകള്‍ തീരമേഖല എന്നിവക്ക് പ്രത്യേകം കര്‍മ്മ പദ്ധതിയുണ്ടാകും. കുഷ്ഠരോഗവിമുക്ത കേരളം എന്ന സ്വപ്നം 2020 ല്‍ യാഥാര്‍ഥ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന്  കലക്ടര്‍ പറഞ്ഞു.
വിപുലമായ പ്രചാരണ പരിപാടികളോടെയാണ് ജില്ലയില്‍'അശ്വമേധം ' നടപ്പാക്കുന്നതെന്ന് ഡി.എം.ഒ.ഡോ.കെ.സക്കീന പറഞ്ഞു. 4707 ടീമാണ് ജില്ലയില്‍ വേണ്ടത്. ആശ വര്‍ക്കര്‍മാര്‍ക്ക് പുറമെ അംഗന്‍വാടി ജീവനക്കാര്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരെയും പരിഗണിക്കും. പുരുഷ വളണ്ടിയര്‍മാരായി ട്രോമാകെയര്‍ , എന്‍.എസ്.എസ്, തീരദേശ-ഗിരി വര്‍ഗ മേഖലയിലെ പ്രത്യേക പ്രവര്‍ത്തകര്‍, നെഹ്‌റു യുവകേന്ദ്ര തുടങ്ങിയ സന്നദ്ധ സംഘടനകളില്‍ നിന്ന്  തെരഞ്ഞെടുക്കും. 9414 വളണ്ടിയര്‍മാരെയും  942 സൂപ്പര്‍വൈസര്‍മാരെയുമാണ് കണ്ടെത്തേണ്ടത്. സൂപ്പര്‍വൈസര്‍മാരായി ആരോഗ്യ വകുപ്പില്‍ ജോലി ചെയ്യുന്നവര്‍ക്ക് പുറമെ വിരമിച്ചവരെയും പരിഗണിക്കും.
കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന്റെ പ്രചാരണത്തിനായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ജില്ലയില്‍ സംഘടിപ്പിക്കുന്നത്. പ്രശ്‌നോത്തരി,  ചിത്രരചന, ഉപന്യാസ രചന,  സൗഹൃദ കായിക മത്സരങ്ങള്‍ തുടങ്ങിയവ ജില്ലയിലുടനീളം സംഘടിപ്പിക്കുന്നുണ്ട്. ഡിസംബര്‍ മൂന്നിന് ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ നടക്കും. മലപ്പുറം ടൗണ്‍ ഹാളിലാണ് പരിപാടി.
ജില്ലയില്‍ വിജയകരമായി പരിപാടി നടപ്പാക്കാന്‍ എല്ലാവരുടെയും സഹകരണം ഡി.എം.ഒ.അഭ്യര്‍ത്ഥിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സക്കീന പുല്‍പ്പാടന്‍, ഡെപ്യൂട്ടിഡി.എം.ഒ.ഡോ.കെ.പി.അഹമ്മദ് അഫ്‌സല്‍, ജില്ല ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സുശീല, ഹോമിയോ ഡി.എം.ഒ.ഡോ.എല്‍.ഷീബ ബീഗം, കുടുംബശ്രീ ഡി.പി.എം. എം.എ.അജീഷ,  മാസ് മീഡിയ ഓഫീസര്‍ ടി.എം.ഗോപാലന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് വണ്‍ ടി.എം.വേലായുധന്‍, അസി. ലെപ്രസി ഓഫീസര്‍ എം.അബ്ദുല്‍ ഹമീദ്, എന്‍.എം.എസ്.വി.കെ.അബ്ദുല്‍ സത്താര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ വകുപ്പുകളിലെ ജില്ലാതല  ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

 

date