Skip to main content

മതമൈത്രിയുടെയും മതസൗഹാര്‍ദത്തിന്റെയും കേന്ദ്രമാണ് മിനി പമ്പ- മന്ത്രി ഡോ.കെ .ടി ജലീല്‍.

     മതമൈത്രിയുടെയും മതസൗഹാര്‍ദത്തിന്റെയും കേന്ദ്രമാണ് മിനി പമ്പയെന്നും അതിനാല്‍ അവയെ നല്ല രൂപത്തിലേക്ക് ഉയര്‍ത്തി കൊണ്ടുവരാനാണ് ഏവരും ആഗ്രഹിക്കുന്നതെന്നും ഉന്നത വിദ്യഭ്യാസ- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ.കെ .ടി ജലീല്‍.  നവീകരിച്ച മിനി പമ്പ സമര്‍പ്പണവും തവനൂര്‍ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന 'മിനി പമ്പ ശുചിത്വ' പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 രണ്ട് മാസം നീണ്ടു നില്‍ക്കുന്ന മണ്ഡലകാലയളവില്‍  അന്യ സംസ്ഥാനങ്ങളില്‍ നിന്ന്  വരുന്ന ഭക്തര്‍ക്കുവരെ വിപുലമായ സൗകര്യങ്ങളാണ് മിനി പമ്പയില്‍ ഒരുക്കിയിരിക്കുന്നത്.  ഈ കാലയളവില്‍ ആത്മീയതയുടെയും ഭക്തിയുടെയും കലാപരിപാടികള്‍ ഇവിടെ നടക്കും. കൂടാതെ  എല്ലാ മതവിഭാഗങ്ങള്‍ക്കും ഇവിടെ ഇടമുണ്ടെന്നും കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ഇടം കൂടിയാണ് മിനി പമ്പയെന്നും മന്ത്രി പറഞ്ഞു.  മിനി പമ്പ ജനങ്ങള്‍ക്കിടയിലെ സ്നേഹവും സൗഹാര്‍ദ്ദവും ഊട്ടി ഉറപ്പിക്കും.
     ഒരുപാട് മതങ്ങളും വിശ്വാസങ്ങളും നിലനില്‍ക്കുന്ന രാജ്യമാണിതെന്നും എല്ലാ വിശ്വാസങ്ങളെ സംരക്ഷിക്കേണ്ടതും അവര്‍ക്ക് പരിരക്ഷണം നല്‍കേണ്ടതും നമ്മള്‍ ഓരോരുത്തരുടെയും ചുമതലയാണ്. എല്ലാ വിശ്വാസങ്ങളെയും മത ധാരകളെയും ബഹുമാനിക്കാനും ആദരിക്കാനുമാണ് ശബരിമല ലോകത്തോട് വിളിച്ചു പറയുന്നത്. എല്ലാ മത വിശ്വാസങ്ങളും വിശ്വാസ ധാരകളെയും നിലനില്‍ക്കുന്ന ഇന്ത്യ അതാണ് നമ്മള്‍ ഒരോരുത്തരും ആഗ്രഹിക്കുന്നതെന്നും അതിന് വിരുദ്ധമായതെല്ലാം നിരുത്സാഹപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
    മന്ത്രിയുടെ 2013-14, 2014-15 എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒന്നര കോടി രൂപ ചെലവഴിച്ചാണ് മിനിപമ്പ നവീകരിച്ചിരിക്കുന്നത്. അകാലത്തില്‍ പൊലിഞ്ഞു പോയ ചിത്രകാരി ടി.കെ പത്മിനിയുടെ നാമധേയത്തിലാണ് മിനിപമ്പയില്‍ ഓപ്പണ്‍ ഓഡിറ്റോറിയം ഒരുക്കിയിരിക്കുന്നത്. പരിപാടിയില്‍ സന്തോഷ് ആലംങ്കോടിന്റെ നേതൃത്വത്തില്‍ സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യത്തിലെ 101 പേര്‍ അവതരിപ്പിച്ച പഞ്ചവാദ്യവും അരങ്ങേറി.
 തവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി അബ്ദുള്‍ നാസര്‍ അധ്യക്ഷനായ പരിപാടിയില്‍ പത്മശ്രീ. മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ , പൊന്നാനി ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ്  കെ. ലക്ഷ്മി , മലപ്പുറം ഇറിഗേഷന്‍ ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സുരേഷ് കുമാര്‍ ,തവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ മിനി, തിരൂര്‍ ആര്‍ഡിഒ മെഹറലി, പൊന്നാനി തഹസില്‍ദാര്‍ അന്‍വര്‍ സാദത്ത്, മിനിപമ്പ സ്പെഷ്യല്‍ ഓഫീസര്‍ സുഗേഷ്, പി. ജ്യോതി, ടി.വി ശിവദാസ് എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.    

 

date