Skip to main content
..

കര്‍ഷകചൂഷണം തടയുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധം: മന്ത്രി വി.എസ് സുനില്‍ കുമാര്‍

നെല്ല് സംഭരണത്തില്‍ സ്വകാര്യ മില്ലുകള്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നത് തടയാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.   സംസ്ഥാന വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ആലത്തൂര്‍ മോഡേണ്‍ റൈസ് മില്‍ പുന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.  സഹകരണ മേഖലയിലുള്ള മുഴുവന്‍ മില്ലുകളും തുറന്നു പ്രവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്. നെല്ല് സംഭരണത്തില്‍ ഓയില്‍ പാം ഇന്ത്യക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുന്നതോടെ മില്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തനം തുടങ്ങും. 
ജില്ലയിലെ കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കുന്നതിനായി നവംബര്‍ 19 വരെ അദാലത്തുകള്‍ നടത്തും. നവംബര്‍ 30നകം തുക പൂര്‍ണമായി കൊടുത്തു തീര്‍ക്കും. പ്രളയവുമായി ബന്ധപ്പെട്ട് 90 ശതമാനം നഷ്ടപരിഹാരവും നല്‍കി. അവശേഷിക്കുന്നതിലെ സാങ്കേതിക തടസങ്ങള്‍ പരിഹരിച്ച് ബാക്കി ഉടന്‍ വിതരണം ചെയ്യും. പ്രകൃതിക്ഷോഭം മൂലമുള്ള കാര്‍ഷിക നഷ്ടപരിഹാരം വൈകുന്ന സ്ഥിതി സര്‍ക്കാര്‍ ഇല്ലാതാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 2012 മുതലുള്ള കുടിശിക പൂര്‍ണമായും നല്‍കിയതായും മന്ത്രി പറഞ്ഞു. ഓയില്‍ പാം ഇന്‍ഡ്യാ ലിമിറ്റഡിനാണ് മില്ലിന്റെ നടത്തിപ്പ് ചുമതല.  
പരിപാടിയില്‍  കെ.ഡി പ്രസന്നന്‍ എം.എല്‍.എ അധ്യക്ഷനായി. ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ വിജയന്‍ കുനിശ്ശേരി, വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ വാഴൂര്‍ സോമന്‍, ആലത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ജി ഗംഗാധരന്‍, ജില്ലാ പഞ്ചായത്ത് അംഗം വി മീനാകുമാരി, ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ് എം.ഡി ഡോ. ബാബു തോമസ്, വെയര്‍ ഹൗസിങ് എംഡി പി.എച്ച് അഷറഫ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
 

date