Skip to main content

ഇഎസ്‌ഐ ആശുപത്രിയില്‍ സ്പെഷ്യാലിറ്റി സേവനം മെച്ചപ്പെടുത്തും: മന്ത്രി ടി പി രാമകൃഷ്ണന്‍  പരിയാരം മെഡിക്കല്‍ കോളേജും എകെജി ആശുപത്രിയും പാനലില്‍ തുടരും

 

കണ്ണൂര്‍ തോട്ടട എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് (ഇഎസ്‌ഐ) ആശുപത്രിയില്‍ സ്‌പെഷ്യാലിറ്റി സേവനം മെച്ചപ്പെടുത്തുമെന്ന് എക്‌സൈസ്-തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. ഇവിടെ അനുവദിക്കപ്പെട്ട സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരില്ലാത്ത കേസുകളില്‍ മറ്റ് ആശുപത്രികളില്‍ സേവനം ലഭ്യമാക്കുന്നതിനുള്ള തടസ്സം നീക്കിയതായും നേരത്തേയുണ്ടായിരുന്ന ആ സംവിധാനം തുടരുമെന്നും മന്ത്രി അറിയിച്ചു. 

പരിയാരം മെഡിക്കല്‍ കേളേജ്, എകെജി ആശുപത്രി എന്നിവയെ എംപാനല്‍ പട്ടികയില്‍ നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. എകെജി ആശുപത്രിക്കുള്ള കുടിശ്ശിക ഇതിനകം നല്‍കിക്കഴിഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജിനുള്ള കുടിശ്ശിക നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. ലിസ്റ്റില്‍ കൂടുതല്‍ ആശുപത്രികളെ ഉള്‍പ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

പരിയാരം മെഡിക്കല്‍ കോളേജിനോട് അനുബന്ധിച്ച് ഇ എസ് ഐ ഡിസ്‌പെന്‍സറി ആരംഭിക്കുന്നതിനായി ആരോഗ്യവകുപ്പുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഇഎസ്‌ഐ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആക്കുന്നത് സംബന്ധിച്ച് വിശദ പദ്ധതി രേഖ (ഡിപിആര്‍) തയ്യാറാക്കാന്‍ ഇഎസ്‌ഐ ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

ആശുപത്രിയില്‍ പുതുതായി എക്‌സ്‌റേ മെഷീന്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും. 8 മുതല്‍ 3 മണി വരെ ലാബിന്റെ സേവനം ലഭ്യമാക്കുന്നതിന് ക്രമീകരണമുണ്ടാവണമെന്നും മന്ത്രി പറഞ്ഞു. കീമോതെറാപ്പി, റോഡിയേഷന്‍ ചികില്‍സകള്‍ക്ക് ഓരോ തവണവും റഫറന്‍സ് ലെറ്റര്‍ ഹാജരാക്കണമെന്ന ഇഎസ്‌ഐ കോര്‍പറേഷന്റെ പുതിയ നിബന്ധന രോഗികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി യോഗം വിലയിരുത്തി. പഴയതു പോലെ ആറു മാസത്തിലൊരിക്കല്‍ ഹാജരാക്കിയാല്‍ മതിയെന്ന വ്യവസ്ഥ തിരികെ കൊണ്ടുവരാന്‍ കോര്‍പറേഷനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. 

ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.  

എംപിമാരായ പി കെ ശ്രീമതി ടീച്ചര്‍, കെ കെ രാഗേഷ്, മേയര്‍ ഇപി ലത, ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വീസസ് വിഭാഗം ഡയരക്ടര്‍ ഡോ. അജിത നായര്‍, ഇഎസ്‌ഐ കോര്‍പറേഷന്‍ റീജിയണല്‍ ഡയരക്ടര്‍ ഡോ. ജോസഫ്, ഡെപ്യൂട്ടി ഡയരക്ടര്‍ കറുപ്പ സ്വാമി, റീജ്യണല്‍ ഡെപ്യൂട്ടി ഡയരക്ടര്‍ ഡോ. പ്രേമ കുമാരി, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സുമ ബാലകൃഷ്ണന്‍, കെ കെ ഭാരതി, ആശുപത്രി സൂപ്രണ്ട് ഡോ. വി കെ ഓമന, എച്ച് ഡി സി അംഗങ്ങള്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date