Skip to main content

ചെടികളില്‍ നിന്നുണ്ടാക്കുന്ന മരുന്നുകള്‍ക്ക് പേറ്റന്റ് നേടും: ആരോഗ്യ മന്ത്രി

 

ജില്ലയില്‍ സ്ഥാപിക്കുന്ന ഇന്ത്യന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍ ആയുര്‍വേദ (ഐആര്‍ഐഎ) വഴി നമ്മുടെ നാട്ടിലെ ചെടികളില്‍ നിന്നും മരുന്നുണ്ടാക്കാന്‍ കഴിയുമെന്ന് പഠനത്തിലൂടെ കണ്ടെത്തി അതിന് പേറ്റന്റ് നേടുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ഒന്നാമത് നാഷണല്‍ നാച്ചുറോപ്പതി ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് പടിയൂര്‍- കല്ല്യാട് ഗ്രാമ പഞ്ചായത്തില്‍ 300 ഏക്കര്‍ സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. 60 രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരാണ് ഇത്തവണത്തെ ആയുഷ് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നതെന്നും ശൈലജ ടീച്ചര്‍ അറിയിച്ചു.

പ്രകൃതിദത്തമായതും ചെലവ് കുറഞ്ഞതുമായ ചികിത്സാ രീതിയാണ് നാച്ചുറോപ്പതിയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. രോഗമില്ലാത്ത ആരോഗ്യകരമായ സമൂഹം എന്ന ആശയം ജനങ്ങളിലേക്കെത്തിക്കാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാച്ചുറോപ്പതി മെഡിക്കല്‍ ക്യാമ്പ്, ബോധവല്‍ക്കരണ ക്ലാസ്സ് എന്നിവയും നാച്ചുറോപ്പതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.

മട്ടന്നൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ അനിത വേണു, ഡിഎംഒ (ഭാരതീയ ചികിത്സാ വകുപ്പ്) ഡോ. എസ് ആര്‍ ബിന്ദു, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

date