Skip to main content

പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ജില്ലാ സ്‌കൂള്‍ ശാസ്ത്രമേള

 

ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കുട്ടികള്‍ക്കായി ജില്ലാ തലത്തില്‍ സംഘടിപ്പിച്ച സ്‌കൂള്‍ ശാസ്ത്രമേളക്ക് വന്‍ പങ്കാളിത്തം. ജില്ലാ പ്രവൃത്തിപരിചയ മേളയിലും ഗണിതശാസ്ത്രമേളയിലുമായി 1800 ഓളം കുട്ടികള്‍ പങ്കെടുത്തു. തിരുവനന്തപുരം ജില്ലയെ 12 സബ്ജില്ലകളായി തിരിച്ചായിരുന്നു മത്സരം.  രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ തൈക്കാട് മോഡല്‍ സ്‌കൂളിലായിരുന്നു മത്സരം നടന്നത്.

പ്രവൃത്തി പരിചയ വിഭാഗത്തില്‍ നെറ്റ് നിര്‍മാണം, കുട നിര്‍മാണം, മുളകൊണ്ടുള്ള വിവിധ വസ്തുക്കളുടെ നിര്‍മാണം, പാചകം എന്നിവ ഉള്‍പ്പടെ 35 ഇനങ്ങളില്‍ മത്സരം നടന്നു. നമ്പര്‍ ചാര്‍ട്ട്, സ്റ്റില്‍ മോഡല്‍, വര്‍ക്കിങ് മോഡല്‍, പസ്സില്‍ എന്നിങ്ങനെ 14 ഇനങ്ങളിലാണ് ഗണിതശാസ്ത്രമേളയില്‍ മത്സരങ്ങള്‍ നടന്നത്. കൂടാതെ അധ്യാപകര്‍ക്കായി ടീച്ചിങ് എയിഡ് മത്സരവും ഇതിനോടൊപ്പം നടന്നു.

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ വിജയികള്‍ക്ക് ഇത്തവണ മൊമെന്റോ ഉണ്ടാകില്ല. പകരം സര്‍ട്ടിഫിക്കറ്റ് ലഭിക്കും. സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന ശാസ്ത്രമേള ഈ മാസം 22 ന് കണ്ണൂരില്‍ നടക്കും.
(പി.ആര്‍.പി. 2664/2018)

 

date