Skip to main content

ആറു മാസത്തിനിടെ നേമം ബ്ലോക്ക് നിര്‍മിച്ചത് 90 ഫാം പോണ്ടുകള്‍

 

ജല സംരക്ഷണം ലക്ഷ്യമിട്ട് നേമം ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ കഴിഞ്ഞ ആറു മാസത്തിനിടെ നിര്‍മിച്ചത് 90 ഫാം പോണ്ടുകള്‍.  സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ അവരുടെ അനുമതിയോടെ നിര്‍മിച്ച ഫാം പോണ്ടുകളാണ് ഇതിലേറെയും. ജലസംരക്ഷണത്തോടൊപ്പം മണ്ണ് സംരക്ഷണം, മത്സ്യക്കൃഷി പ്രോത്സാഹനം എന്നിവകൂടി ഫാം പോണ്ടുകളുടെ നിര്‍മാണത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.

പത്തു മീറ്റര്‍ നീളവും പത്തുമീറ്റര്‍ വീതിയും മൂന്നു മീറ്റര്‍ ആഴവുമുള്ള കുളങ്ങളാണ് ഇതിനായി നിര്‍മിക്കുന്നത്. കല്ലിയൂര്‍ ഗ്രാമപഞ്ചായത്തില്‍ 32ഉം പള്ളിച്ചലില്‍ 30 ഉം വിളപ്പില്‍ ഗ്രാമപഞ്ചായത്തില്‍ 14 ഉം ഫാം പോണ്ടുകള്‍ നിര്‍മിച്ചു. മാറനല്ലൂരില്‍ അഞ്ച് ഫാം പോണ്ടുകള്‍ നിര്‍മിച്ചപ്പോള്‍ വിളവൂര്‍ക്കലില്‍ നാലും മലയിന്‍കീഴില്‍ മൂന്നും ബാലരാമപുരത്ത് രണ്ടും ഫാം പോണ്ടുകള്‍ നിര്‍മിക്കാനായി.

70,000 രൂപ മുതല്‍ ഒരു ലക്ഷം രൂപവീതമാണ് ഓരോ ഫാം പോണ്ടിനും ചെലവു വരുന്നത്. ജലസംരക്ഷണത്തോടൊപ്പം മത്സ്യക്കൃഷിയും വിജയകരമായി ഈ കുളങ്ങളില്‍ നടത്താനാകും. ഇതിനായി ഫിഷറീസ് വകുപ്പുമായി സഹകരിച്ച് കര്‍ഷകര്‍ക്ക് സൗജന്യമായി മത്സ്യക്കുഞ്ഞുങ്ങളെ നല്‍കി വരികയാണെന്ന് നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍. ശകുന്തളകുമാരി പറഞ്ഞു. മത്സ്യകൃഷിയിലൂടെ ലഭിക്കുന്ന ആദായവും ഇവര്‍ക്കു തന്നെ സ്വന്തമാക്കാനാകും. സ്വന്തമായി മത്സ്യകൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് അങ്ങനെയും കൃഷി ചെയ്യാന്‍ സൗകര്യമുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
(പി.ആര്‍.പി. 2665/2018)

 

date