Skip to main content

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സഹതാപമല്ല, സമൂഹത്തിന്‍റെ അംഗീകാരമാണ് ആവശ്യം - മന്ത്രി മാത്യു ടി.തോമസ്

    ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സഹതാപമല്ല  സമൂഹത്തിന്‍റെ അംഗീകാരമാണ്  ആവശ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു.  സര്‍വശിക്ഷാ അഭിയാന്‍റെ ആഭിമുഖ്യത്തിലുള്ള ഭിന്നശേഷി വാരാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം പുല്ലാട് ബിആര്‍സിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മറ്റുള്ളവരെപ്പോലെ എല്ലാ അവകാശങ്ങളും അനുഭവിക്കാന്‍ അര്‍ഹരാണ് ഭിന്നശേഷിയുള്ള കുട്ടികളും. വീടുകളില്‍ ഇത്തരം കുട്ടികള്‍ക്ക് പ്രത്യേക വാത്സല്യവും ശ്രദ്ധയും നല്‍കി വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയണം. മുന്‍കാലങ്ങളില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ ജനിക്കുന്നത് ഒരു ശാപമായി കുടുംബങ്ങളും സമൂഹവും കരുതിയിരുന്നു. എന്നാല്‍ ഇന്ന് സമൂഹത്തിന്‍റെ ചിന്താഗതിയില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളും മറ്റു കുട്ടികളെപ്പോലെ അവകാശങ്ങള്‍ ഉള്ളവരാണെന്ന് സമൂഹം ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം കുട്ടികളെ അംഗീകരിക്കുന്ന ഒരു മനസ്സ് രൂപപ്പെടുത്തിയെടുക്കുന്നതില്‍ സര്‍ക്കാരുകളുടെയും സന്നദ്ധ സംഘടനകളുടെയും ഇടപെടലുകള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് നടന്ന ഭിന്നശേഷിക്കാരുടെ ഒളിമ്പിക്സിലെ 100 മീറ്റര്‍ ഓട്ടമത്സരത്തില്‍ ആരുടെയും കണ്ണ് നനയിക്കുന്ന ഒരു സംഭവമുണ്ടായി. മത്സരം തുടങ്ങി അല്‍പ്പസമയത്തിന് ശേഷം ഒരു കുട്ടി ട്രാക്കില്‍ വീണു. കൂടെയോടിയിരുന്ന എല്ലാ കുട്ടികളും ഓട്ടം നിര്‍ത്തി ആ കുട്ടിയെ പിടിച്ചെഴുന്നേല്‍പ്പിച്ച് ആശ്വസിപ്പിച്ചതിനുശേഷം എല്ലാവരും കൂടി നിരന്ന് നിന്ന് വീണ്ടും ഓട്ടം ആരംഭിച്ചു. ഈ സംഭവം വലിയൊരു സന്ദേശമാണ് ലോകത്തിന് നല്‍കിയത്. നിസാരകാര്യങ്ങള്‍ക്ക് പോലും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ശ്രമിക്കുന്ന സാധാരണ മനുഷ്യര്‍ക്ക് ഒരു വലിയ പാഠമാണ് ഭിന്നശേഷിക്കാരായ ആ കുട്ടികള്‍ പ്രവര്‍ത്തിയിലൂടെ കാണിച്ചുതന്നതെന്നും മന്ത്രി പറഞ്ഞു. 
    ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ജോര്‍ജ്മാമ്മന്‍ കൊണ്ടൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ജി.അനിത നിര്‍വഹിച്ചു. തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എല്‍സി ക്രിസ്റ്റഫര്‍, കോയിപ്രം ഗ്രാമപഞ്ചായത്തംഗം ഷിബു കുന്നപ്പുഴ, എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ആര്‍.വിജയമോഹനന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ.ജോസ് എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.പി.ജയലക്ഷ്മി, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എസ്.ഷൈലജാകുമാരി, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
    പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഭിന്നശേഷിക്കാരെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിന് എല്ലാവര്‍ഷവും ഡിസംബര്‍ മൂന്ന് ലോകഭിന്നശേഷി ദിനമായി ആചരിക്കുന്നു. ഭിന്നശേഷിക്കാരോട് എല്ലാവര്‍ക്കും സഹഭാവം ഉണ്ടാക്കുന്നതിനാണ് സര്‍വശിക്ഷാ അഭിയാന്‍റെ ആഭിമുഖ്യത്തില്‍ ഒരാഴ്ചക്കാലം ജില്ലയില്‍ ഭിന്നശേഷി വാരമായി ആചരിക്കുന്നത്. വാരാചരണത്തിന്‍റെ ഭാഗമായി ജില്ലയിലെ എല്ലാ ബ്ലോക്ക് റിസോഴ്സ് സെന്‍ററുകളിലും ബോധവത്ക്കരണ ക്ലാസുകള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള സഹായോപകരങ്ങളുടെ വിതരണം, കുട്ടികള്‍ക്കുള്ള വിവിധ മത്സരങ്ങള്‍ തുടങ്ങിയവും സംഘടിപ്പിച്ചിട്ടുണ്ട്. ഡിസംബര്‍ ഏഴിന് വാരാചരണം സമാപിക്കും.
    ഭിന്നശേഷിക്കാരായ ശ്യാം, അഭിരാജ്, അശ്വിന്‍ റജി എന്നിവര്‍ക്ക് സഹായോപകരണങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. ഭിന്നശേഷി വാരാചരണത്തിന്‍റെ ഭാഗമായി ജില്ലയില്‍ എസ്എസ്എയുടെ ആഭിമുഖ്യത്തില്‍ 11 വീല്‍ ചെയറുകള്‍, 25 റൊളേറ്ററുകള്‍, 25 സെറിബ്രല്‍ പാള്‍സി വീല്‍ചെയറുകള്‍, എട്ട് മള്‍ട്ടി സെന്‍സറിംഗ് ഇന്‍റഗ്രേറ്റഡ് എഡ്യുക്കേഷണല്‍ കിറ്റുകള്‍, ഒരു ഫോള്‍ഡിംഗ് വാക്കര്‍,  രണ്ട് കോളര്‍ സെര്‍വിക്കല്‍ ഉപകരണങ്ങള്‍, 64 ഹിയറിംഗ് എയ്ഡുകള്‍ എന്നിവയുള്‍പ്പെടെ 136 സഹായോപകരണങ്ങളാണ് വിതരണം ചെയ്യുന്നത്.                                                 (പിഎന്‍പി 3651/17) 
 

date