Skip to main content

പുരാരേഖകളുടെ അപൂര്‍വ്വ പ്രദര്‍ശനം നാളെ ആരംഭിക്കും   

 മലയാളം ഔദേ്യാഗിക ഭാഷാ വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാന പുരാരേഖാ വകുപ്പ് ഡിസംബര്‍ 5, 6 തീയതികളില്‍ കണ്ണൂര്‍ ടി  ടി ഐ(മെന്‍) ല്‍ ചരിത്രരേഖാ പ്രദര്‍ശനവും ഭാഷാ സെമിനാറും സംഘടിപ്പിക്കുന്നു.  നാളെ (ഡിസം.5) രാവിലെ 10 മണിക്ക് പുരാരേഖാ-പുരാവസ്തു-മ്യൂസിയം-തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി പ്രദര്‍ശനം ഉദ്ഘാടനം നിര്‍വഹിക്കും.  ഭാഷാ സെമിനാറില്‍ മലയാള ഭാഷയുടെ ചരിത്രവും വികാസവും എന്ന വിഷയത്തില്‍ നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജ് വിഷയം അവതരിപ്പിക്കും.  സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജെ രജികുമാര്‍ മോഡറേറ്റര്‍ ആയിരിക്കും. 
    സംസ്ഥാന  പുരാരേഖാ വകുപ്പിന്റെ അമൂല്യങ്ങളായ ചരിത്രരേഖകളാണ് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുള്ളത്.  നാടിന്റെ ചരിത്രവും പൈതൃകവും വിളിച്ചോതുന്ന നിരവധി അപൂര്‍വ്വ രേഖകള്‍ പ്രദര്‍ശനത്തിലുണ്ട്.  മലയാള ഭാഷയുടെ പരിണാമം കാണിക്കുന്ന ചാര്‍ട്ട്, നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുളയില്‍ എഴുതപ്പെട്ട രേഖകളായ മുളക്കരണങ്ങള്‍, ചെപ്പേടുകള്‍, താളിയോലകള്‍, നാരായം, ഗ്രന്ഥങ്ങള്‍, ചുരുണകള്‍, വിളംബരങ്ങള്‍, അപൂര്‍വ്വങ്ങളായ സര്‍ക്കാര്‍ ഉത്തരവുകള്‍ എന്നിവയും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്.  6 ന് വൈകുന്നേരം വരെ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം സൗജന്യമായി കാണാവുന്നതാണ്.
പി എന്‍ സി/4600/2017
 

date