Skip to main content

2018ലെ കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമഭേദഗതി ബില്ലിന് അംഗീകാരം

 

* ജോലിക്കിടയിൽ ഇരിക്കാൻ അവകാശമായി

കടകളിലെയും വാണിജ്യസ്ഥാപനങ്ങളിലെയും സ്ത്രീകൾ അടക്കമുള്ള ജീവനക്കാരുടെ അന്തസ്സും സുരക്ഷിതത്വവും ഉറപ്പുവരുത്തുകയും ജോലിക്കിടയിൽ ഇരിക്കാൻ അവകാശം നൽകുകയും ചെയ്യുന്ന 2018ലെ കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമഭേദഗതി ബിൽ നിയമസഭ പാസാക്കി.  1960ലെ കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമത്തിൽ ജീവനക്കാർക്കനുകൂലമായ സുപ്രധാനഭേദഗതികളാണ് വരുത്തിയിട്ടുള്ളത്. നിയമനിർമാണചരിത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ബില്ലിനാണ് നിയമസഭ അംഗീകാരം നൽകിയതെന്ന് തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

ലക്ഷക്കണക്കിന് സ്ത്രീകൾ അടക്കമുള്ള ജീവനക്കാർക്ക് ഇതോടെ ഇരിപ്പിടം നിയമപരമായ അവകാശമായി മാറി.  ജീവനക്കാർക്ക് ഇരിപ്പിടം നൽകേണ്ടത്് തൊഴിലുടമയുടെ ഉത്തരവാദിത്വമാണ്. വൈകീട്ട് ഏഴുമുതൽ പുലർച്ചെ ആറ് മണിവരെ സ്ത്രീകളെ ജോലി ചെയ്യിക്കരുതെന്ന നിലവിലെ  വ്യവസ്ഥയിൽ മാറ്റം വരുത്തി. വൈകീട്ട് ഒമ്പതു മണി വരെ സ്ത്രീജീവനക്കാരെ ജോലിക്ക് നിയോഗിക്കാമെന്ന് വ്യവസ്ഥ ചെയ്തു. മതിയായ സുരക്ഷ, താമസസ്ഥലത്തേക്ക് യാത്രാസൗകര്യം എന്നിവ ഉറപ്പുവരുത്തിക്കൊണ്ട് രാത്രി ഒമ്പതു മണി  മുതൽ പുലർച്ചെ ആറു മണിവരെ സ്ത്രീകളെ അവരുടെ അനുവാദത്തോടെ ജോലിക്ക് നിയോഗിക്കാം. രാത്രി ഒമ്പതിനുശേഷം രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച്‌പേരടങ്ങുന്ന ഗ്രൂപ്പായി മാത്രമേ ജോലിക്ക് നിയോഗിക്കാവൂ. ആഴ്ചയിൽ ഒരു ദിവസം കടകളും സ്ഥാപനങ്ങളും അടച്ചിടണമെന്ന വ്യവസ്ഥ ഒഴിവാക്കി. എല്ലാ ദിവസവും സ്ഥാപനങ്ങൾ തുറക്കാം. ആഴ്ചയിൽ ഒരുദിവസം ജീവനക്കാർക്ക്  വേതനത്തോടു കൂടിയ അവധി നിർബന്ധമായും നൽകിയിരിക്കണമെന്ന് വ്യവസ്ഥ ചെയ്തു. 

ഏജൻസികൾ വഴി റിക്രൂട്ട് ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെ എല്ലാ വിഭാഗം തൊഴിലാളികളെയും വിജ്ഞാപനം വഴി തൊഴിലാളി എന്ന നിർവചനത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ സർക്കാരിന് അധികാരമുണ്ടാവും. നിയമലംഘനങ്ങൾക്കുള്ള പിഴ വർധിപ്പിച്ചു. നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്ന തൊഴിലുടമകൾക്കുള്ള പിഴ ഓരോ വകുപ്പിനും അയ്യായിരം രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി വർധിപ്പിച്ചു. നിയമലംഘനം ആവർത്തിക്കുന്നവർക്ക് ചുമത്തുന്ന പിഴ പതിനായിരം രൂപയിൽ നിന്ന് രണ്ടൺു ലക്ഷം രൂപയായി ഉയർത്തി. സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഒരാൾക്ക്  2500 രൂപ എന്ന ക്രമത്തിലായിരിക്കും പിഴ ഈടാക്കുക. കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമപ്രകാരം സ്ഥാപന ഉടമ സൂക്ഷിക്കേണ്ട രജിസ്റ്ററുകൾ ഇലക്‌ട്രോണിക് ഫോർമാറ്റിൽ സൂക്ഷിക്കാൻ അനുമതി നൽകി.

ഇരിപ്പിടം അനുവദിക്കുന്നതടക്കമുള്ള വ്യവസ്ഥകൾ ഉടൻതന്നെ നടപ്പാക്കാൻ തൊഴിലുടമകൾ മുൻകൈയെടുക്കണം. ട്രേഡ് യൂണിയനുകളും ജീവനക്കാരും അവകാശങ്ങൾ ഉറപ്പാക്കാനാവശ്യമായ ഇടപെടൽ നടത്തണം. നിയമം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തൊഴിൽവകുപ്പ് ഉദ്യോഗസ്ഥർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. തൊഴിലുടമകളുടെ ഭാഗത്തുനിന്ന് നിയമഭേദഗതിയുടെ അന്തസ്സത്തക്ക് നിരക്കാത്ത സമീപനങ്ങൾ ഉണ്ടായാൽ അക്കാര്യം തൊഴിൽവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി പരിഹാരം കാണണം. 

സ്ത്രീകൾക്ക് അന്തസ്സ് ഉയർത്തിപ്പിടിച്ച് ജോലിചെയ്യാൻ കഴിയുന്ന തൊഴിലിടങ്ങൾ സൃഷ്ടിക്കുമെന്നും തൊഴിലിടങ്ങളിൽ  ലിംഗസമത്വം നടപ്പാക്കുമെന്നും സർക്കാരിന്റെ തൊഴിൽനയത്തിൽ പ്രഖ്യാപിച്ചിരുന്നു.  വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനസ്വഭാവമനുസരിച്ച് സ്ത്രീകൾക്ക് മതിയായ യാത്രാസൗകര്യം, ആഴ്ച അവധി, വിശ്രമ ഇടവേള തുടങ്ങിയവ  ഉറപ്പാക്കുമെന്നും ഇരിപ്പിടസൗകര്യം നിർബന്ധമാക്കുമെന്നും തൊഴിൽനയത്തിൽ വ്യക്തമാക്കിയിരുന്നു. ഈ പ്രഖ്യാപനങ്ങളാണ് ഇപ്പോൾ യാഥാർഥ്യമായത്.  സർക്കാരിന്റെ തൊഴിലാളിക്ഷേമനടപടികളിലെ നാഴികക്കല്ലാണ് ഈ നിയമഭേദഗതിയെന്നും മന്ത്രി പറഞ്ഞു.

പി.എൻ.എക്സ്. 5403/18

date