Skip to main content

വിമുക്തി മിഷൻ: ലഹരിവിരുദ്ധക്ലബ്ബുകൾ വ്യാപിപ്പിക്കും

 

ലഹരിമുക്തകേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനാവശ്യമായ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുവാൻ വേണ്ടി രൂപീകരിച്ച വിമുക്തി മിഷന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കിടയിൽ സംഘടിപ്പിക്കുന്ന ബോധവത്കരണപ്രവർത്തനങ്ങൾ  ശക്തിപ്പെടുത്തുമെന്ന് തൊഴിൽ-എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി സ്‌കൂളുകളിലും കോളേജുകളിലും പ്രവർത്തിച്ചുവരുന്ന ലഹരി വിരുദ്ധക്ലബ്ബുകൾ കൂടുതൽ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കും. 

നിലവിൽ സ്‌കൂൾ തലത്തിൽ 2761 ക്ലബ്ബുകളും കോളേജ് തലത്തിൽ 511 ക്ലബ്ബുകളുമാണ്  പ്രവർത്തിക്കുന്നത്. സ്‌കൂൾ-കോളേജ് അധികൃതരുടെ ആവശ്യപ്രകാരം കൂടുതൽ വിദ്യാലയങ്ങളിൽ ക്ലബ്ബുകൾ രൂപീകരിക്കാൻ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 

വിദ്യാർഥികളെ ലഹരിവസ്തുക്കളുടെ പിടിയിൽപെടാതെ സംരക്ഷിക്കുകയാണ് ലഹരിവിരുദ്ധക്ലബ്ബുകളുടെ ലക്ഷ്യം. എക്‌സൈസ് കമ്മീഷണർ മുതൽ സിവിൽ എക്‌സൈസ് ഓഫീസർ വരെ എല്ലാ ഉദ്യോഗസ്ഥർക്കും ഒന്നോ അതിലധികമോ വിദ്യാലയങ്ങളുടെ ചുമതല നൽകിയിട്ടുണ്ട്. എക്‌സൈസ് കമ്മീഷണർ ഋഷിരാജ്‌സിങാണ് തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ ചുമതല വഹിക്കുന്നത്. 

ലഹരിവിരുദ്ധക്ലബ്ബുകളുടെ കൺവീനർമാരും സ്‌കൂൾ അധികൃതരുമായും നിരന്തരബന്ധം പുലർത്തിയും വിദ്യാലയ പരിസരങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്തിയും ലഹരിവസ്തുക്കളുടെ ഉപയോഗവും വിതരണവും തടയാൻ എക്‌സൈസ് വകുപ്പ് നടപടി സ്വീകരിക്കുന്നുണ്ട്. ഏതെങ്കിലും വിദ്യാർഥിയിൽ ലഹരിവസ്തുക്കളുടെ ഉപയോഗമോ താൽപര്യമോ ഉപയോഗിക്കാനുള്ള താൽപര്യമോ ശ്രദ്ധയിൽപെട്ടാലുടൻ തുടർനടപടിയെടുക്കാൻ ലഹരിവിരുദ്ധക്ലബ്ബുകൾ സഹായിക്കും. 

ലഹരിവസ്തുക്കളുടെ ഉപയോഗം വർധിക്കുന്നത് തടയാൻ എൻഫോഴ്‌സ്‌മെന്റ് നടപടികൾ ശക്തമാണ്. ലഹരിമാഫിയയെ അടിച്ചമർത്താൻ സർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. പുതുതലമുറയെ ലഹരിവലയിൽപ്പെടാതെ സംരക്ഷിക്കാൻ സാമൂഹികമായ ഇടപെടൽ ഉണ്ടാകണം. അധ്യാപകർക്കും സ്‌കൂൾ അധികൃതർക്കും രക്ഷിതാക്കൾക്കും ഇതിൽ നിർണായകപങ്കുണ്ട്. സ്‌കൂളുകളും കോളേജുകളും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളും ചുറ്റിപ്പറ്റി മയക്കുമരുന്നുകളും മറ്റ് ലഹരിപദാർഥങ്ങളും  വിതരണം ചെയ്യുന്നവരെ പിടികൂടാൻ അതത് പ്രദേശത്തെ ബഹുജനങ്ങൾ പിന്തുണ നൽകണം. രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തകർക്കും യുവജന-വിദ്യാർഥി സംഘടനകൾക്കും തൊഴിലാളികൾക്കും റസിഡന്റ്‌സ് അസോസിയേഷനുകൾക്കുമൊക്കെ ഇതിൽ നല്ല ഇടപെടൽ നടത്താനാവും. ഒരു കുട്ടിപോലും ഇത്തരം സംഘങ്ങളുടെ വലയിൽ പെടില്ലെന്ന് ഉറപ്പാക്കാനുള്ള ശക്തമായ നിരീക്ഷണം  പൊതുസമൂഹത്തിൽ നിന്നുണ്ടാകണം. 

വിവിധ സർക്കാർവകുപ്പുകൾ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എൻസിസി, നാഷണൽ സർവീസ് സ്‌കീം, കുടുംബശ്രീ, സ്‌കൂളുകളിലെയും കോളേജുകളിലെയും ലഹരിവിരുദ്ധക്ലബ്ബുകൾ, സ്‌പോർട്‌സ് കൗൺസിൽ, ലൈബ്രറി കൗൺസിൽ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, മദ്യവർജ്ജന സമിതികൾ, സന്നദ്ധസംഘടനകൾ, വിദ്യാർഥി-യുവജന-മഹിളാസംഘടനകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, മാധ്യമങ്ങൾ തുടങ്ങി എല്ലാമേഖലകളിലുള്ളവരുടെയും സഹകരണത്തോടെ വിമുക്തി മിഷന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധബോധവത്കരണപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും.

വിമുക്തിയുടെ ഭാഗമായി രൂപം നൽകിയ 14 ജില്ലകളിലും ഡീ അഡിക്ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ആരംഭിച്ച ഡീ അഡിക്ഷൻ സെന്ററുകളിൽ ലഹരിക്കടിമപ്പെട്ടവരെ ചികിത്സിച്ച് സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള എല്ലാ സംവിധാനങ്ങളുമുണ്ട്. കിടത്തിച്ചികിത്സ, കൗൺസലിങ് തുടങ്ങി എല്ലാ സേവനങ്ങളും ഇവിടെ ലഭിക്കും. 

ലഹരിക്കിരയായവർക്ക് കൗൺസലിങ് നൽകാനായി  തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടും മേഖലാ കൗൺസലിങ് സെന്ററുകൾ തുറന്നിട്ടുണ്ട്.  രാവിലെ എട്ടുമുതൽ രാത്രി എട്ടുമണിവരെ നേരിട്ടും  ഫോൺ  മുഖേനയും കൗൺസലിങ് നൽകും. ടോൾഫ്രീ നമ്പർ : 14405.

പി.എൻ.എക്സ്. 5404/18

date