Skip to main content

പൊതുമേഖലാസ്ഥാപനങ്ങളെ സർക്കാർ സംരക്ഷിക്കും - മന്ത്രി ഇ.പി ജയരാജൻ

 

പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുകയെന്ന നയസമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചു വരുന്നതെന്ന് വ്യവസായമന്ത്രി ഇ.പി ജയരാജൻ നിയമസഭയിൽ അറിയിച്ചു. എം സ്വരാജ് എം.എൽ.എ നൽകിയ ശ്രദ്ധക്ഷണിക്കൽ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

സംസ്ഥാന സർക്കാരിന്റെ അധീനതയിൽ പ്രവർത്തിച്ചുവരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ പൊതുമേഖലയിൽ നിലനിർത്തി മത്സര ക്ഷമതയുള്ളവയാക്കുന്നതിനുള്ള നയമാണ് സർക്കാരിന്റേത്. അതിന്റെ ഭാഗമായി, കേന്ദ്ര സർക്കാർ സ്വകാര്യവത്ക്കരിക്കാൻ തീരുമാനിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിന്റെ പാലക്കാട് യൂണിറ്റ് സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ ഉത്തരവായി. തുടർന്ന്  'ഇൻസ്ട്രുമെന്റേഷൻ കേരള ലിമിറ്റഡ്' എന്ന പേരിൽ സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള പുതിയ കമ്പനി രൂപീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.

കാസർഗോഡ് ജില്ലയിൽ പ്രവർത്തിച്ചുവരുന്ന ബി.എച്ച്.ഇ.എൽ-ഇ.എം.എൽ എന്ന സംയുക്ത സംരംഭത്തിൽ സംസ്ഥാനത്തിന് 49 ശതമാനം ഓഹരികളാണുള്ളത്. കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള 51 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ തീരുമാനിച്ചപ്പോൾ ഓഹരികൾ കേരളത്തിന് ഏറ്റെടുക്കാൻ സമ്മതവുമാണോ എന്ന് ആരാഞ്ഞു. തുടർന്ന് ഓഹരികൾ സംസ്ഥാനം വാങ്ങുന്നതിനുള്ള കേരളത്തിന്റെ നിർദ്ദേശം ബി.എച്ച്.ഇ.എൽ ബോർഡ് അംഗീകരിക്കുകയും അവർ നൽകിയെ കരട് എഗ്രിമെൻറ് സർക്കാർ പരിശോധിക്കുകയാണ്.

കൊച്ചിയിലെ അമ്പലമുകളിൽ എഫ്.എ.സി.ടിയുടെ അധീനതയിലുള്ള 481 ഏക്കർ ഭൂമി കിഫ്ബി ഫണ്ട് ഉപയോഗിച്ച് പെട്രോകെമിക്കൽ പാർക്ക്  സ്ഥാപിക്കുന്നതിന് വ്യവസായ വകുപ്പും, ഫാക്ടും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. എന്നാൽ ഭൂമി കൈമാറുന്ന സംബന്ധിച്ച് കേന്ദ്ര കാബിനറ്റ് തീരുമാനം ഇതുവരെ ലഭ്യമായിട്ടില്ല. സർക്കാർ ഏറ്റെടുത്ത് നൽകിയ എച്ച്.എം.ടിയുടെ കൈവശത്തിലുള്ള ഭൂമി സംസ്ഥാനത്തിന് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും അനുകൂല പ്രതികരണം ലഭിച്ചിട്ടില്ല.

സംസ്ഥാനത്തിന്റെ ആസ്തികൾ അന്യാധീനപ്പെട്ട് പോകാതിരിക്കുന്നതിനും തൊഴിൽസംരക്ഷണത്തിനും സംസ്ഥാനത്തിന്റെ മൊത്തം വളർച്ചയ്ക്കും എതിരായി വരുന്ന കേന്ദ്രസർക്കാരിന്റെ ഓഹരി വിറ്റഴിക്കൽ നയം എങ്ങനെ പ്രതിരോധിക്കാമെന്ന് സഭ കൂട്ടായി ചിന്തിക്കണമെന്ന് മന്ത്രിസഭയിൽ അറിയിച്ചു.

പി.എൻ.എക്സ്. 5422/18

date