Skip to main content

കരിമലയില്‍ ആരോഗ്യവകുപ്പിന്‍റെ അടിയന്തര വൈദ്യസഹായ കേന്ദ്രം

    ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ചേര്‍ന്ന് കരിമലയില്‍ ശബരിമല തീര്‍ഥാടകര്‍ക്കായി പുതിയ അടിയന്തര വൈദ്യസഹായ കേന്ദ്രം തുറന്നു. ചരിത്രത്തില്‍ ആദ്യമായാണ് കരിമലയില്‍ വൈദ്യസഹായ കേന്ദ്രം തുറക്കുന്നത്. തീര്‍ഥാടന പാതയിലെ 15-ാമത്തെ കേന്ദ്രമാണ് കരിമലയില്‍ തുറന്നിട്ടുള്ളത്. മറ്റ് 14 കേന്ദ്രങ്ങളും പമ്പ മുതല്‍ സന്നിധാനം വരെയുള്ള രണ്ട് പാതകളിലായാണ് പ്രവര്‍ത്തിക്കുന്നത്. കാനന പാതയിലൂടെ എത്തുന്ന തീര്‍ഥാടകര്‍ക്ക് ഏറെ സഹായകരമായിരിക്കും കരിമലയിലെ പുതിയ വൈദ്യ സഹായകേന്ദ്രം. വനം വകുപ്പിന്‍റെ കരിമല ക്യാമ്പ് ഷെഡിനോട് ചേര്‍ന്ന് വനം വകുപ്പ് തയ്യാറാക്കി നല്‍കിയ താത്ക്കാലിക ഷെഡിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഒരു പുരുഷ സ്റ്റാഫ് നഴ്സും മൂന്ന് പുരുഷ നഴ്സിംഗ് വിദ്യാര്‍ഥികളുമാണ് ഇവിടെ സേവനത്തിനുള്ളത്. 24 മണിക്കൂറും സേവനം ലഭ്യമാണ്. ഹൃദയപുനരുജ്ജീവന യന്ത്രം, പള്‍സോക്സി മീറ്റര്‍, ഓക്സിജന്‍ സിലിണ്ടര്‍, ബിപി അപ്പാരറ്റസ്, ഗ്ലൂക്കോമീറ്റര്‍ തുടങ്ങി ജീവന്‍ രക്ഷയ്ക്കാവശ്യമായ എല്ലാ ഉപകരണങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. വൈദ്യുതി ലഭ്യമല്ലാത്തതിനാല്‍ വനം വകുപ്പിന്‍റെ ക്യാമ്പ് ഷെഡിലുള്ള സോളാര്‍ വൈദ്യുതി സംവിധാനമുപയോഗിച്ചാണ് വൈദ്യസഹായ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ തീര്‍ഥാടകര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കിയശേഷം സ്ട്രച്ചറില്‍ ഒന്നര മണിക്കൂര്‍ കൊണ്ട് ചെറിയാനവട്ടത്ത് എത്തിക്കുവാന്‍ കഴിയും. അവിടെ നിന്നും ആംബുലന്‍സില്‍ പമ്പയില്‍ എത്തിക്കാം. കരിമലയിലെ ആരോഗ്യ സേവകര്‍ക്ക് സൗജന്യ ഭക്ഷണം ഒരുക്കുന്നത് അയ്യപ്പ സേവാ സംഘമാണ്. നിലയ്ക്കല്‍ ഗവണ്‍മെന്‍റ് ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രശോഭിനാണ് എല്ലാ അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളുടെയും ചുമതല.                                                   (പിഎന്‍പി 3654/17) 

date