Skip to main content

സദ്ഭരണത്തിന് പൗരസമൂഹത്തിന്റെ സജീവ ഇടപെടൽ വേണം: ഗവർണർ

 

* സദ്ഭരണ മേഖലാ സമ്മേളനം തുടങ്ങി

പൗരസമൂഹത്തിന്റെ സജീവമായ ഇടപെടലിലൂടെ ജനാധിപത്യസ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയാലെ സദ്ഭരണം സാധ്യമാവൂ എന്ന് ഗവർണർ പി.സദാശിവം പറഞ്ഞു. പൗരസമൂഹത്തിന്റെ ഇടപെടൽ അനുവദിക്കുന്നതിനുള്ള സമ്മതം നമ്മുടെ ഉള്ളിൽനിന്ന് തന്നെ ഉയർന്നുവരേണ്ട നവീകരണമാണെന്നും അദ്ദേഹം പറഞ്ഞു.  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്  ഇൻ ഗവൺമെന്റും കേന്ദ്രഭരണപരിഷ്‌കാര വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന സദ്ഭരണത്തെക്കുറിച്ചുള്ള ദ്വിദിന മേഖലാസമ്മേളനം  തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   എല്ലാ വിഭാഗങ്ങളുടെയും ഭരണകൂടത്തിന്റെയും താത്പര്യങ്ങളെ നിരന്തരജാഗ്രതയോടെയും സമഭാവനയോടെയും സേവിക്കാൻ പ്രതിജ്ഞാബദ്ധമായ, പ്രൊഫഷണലായി നിയന്ത്രിക്കപ്പെടുന്ന ഒരു സിവിൽ സർവീസ് സദ്ഭരണത്തിന്റെ അടിസ്ഥാനശിലയാണ്. പൗരരുടെ ക്ഷേമം ഉന്നതമായ ലക്ഷ്യമായ ഭരണകൂട സ്ഥാപനങ്ങളുടെ വിജയകരമായ പ്രവർത്തനത്തിന്റെ പ്രതിഫലനമാണ് സദ്ഭരണം. കേരള സ്ത്രീധന നിരോധനനിയമം 1961 നടപ്പാക്കുന്നതിലെ തടസ്സങ്ങൾ മറികടക്കുന്നതിന്, സ്ത്രീധനം നൽകുന്നവരെ കുറ്റവാളികൾ എന്നതിനു പകരം ഇരകളായി കണ്ട് അവരെ ശിക്ഷയിൽനിന്ന് ഒഴിവാക്കുന്നതിന് സംസ്ഥാന ഭരണപരിഷ്‌കാര കമ്മിഷൻ നൽകിയ നിർദേശം ഗവർണർ എടുത്തുപറഞ്ഞു. ഇത്തരം സംസ്ഥാനതല സമിതികളുടെ ശുപാർശകൾ ഇത്തരം സമ്മേളനങ്ങളിൽ ചർച്ചാവിഷയമാകണമെന്നും ഗവർണർ പറഞ്ഞു. 

ഹോട്ടൽ ഉദയ് സ്യൂട്ട്‌സിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായിരുന്നു. രാജ്യത്തിന്റെയും വ്യക്തികളുടെയും താത്പര്യങ്ങൾ സമരസപ്പെടുമ്പോഴാണ് സദ്ഭരണം യാഥാർഥ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ഭരണപരിഷ്്കാര വകുപ്പ് സെക്രട്ടറി കെ.വി. ഈപ്പൻ മുഖ്യപ്രഭാഷണം നടത്തി. ഐംഎംജി ഡയറക്ടർ കെ.ജയകുമാർ സ്വാഗതവും കേന്ദ്ര ഭരണപരിഷ്‌കാര വകുപ്പ് അഡീഷണൽ സെക്രട്ടറി വി.ശ്രീനിവാസ് കൃതജ്ഞതയും പറഞ്ഞു. 

സദ്ഭരണ ഉദ്യമങ്ങൾ, വികസനം കാംക്ഷിക്കുന്ന ജില്ലകൾ എന്നതാണ് സമ്മേളനത്തിന്റെ മുഖ്യവിഷയം. പശ്ചിമ, ദക്ഷിണ ഇന്ത്യയിലെ ഒൻപത് സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്ര ഭരണപ്രദേശങ്ങളിൽനിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.  സമ്മേളനം ഇന്ന് സമാപിക്കും.   

പി.എൻ.എക്സ്. 5450/18

date