Skip to main content

പഠനത്തിനുളള അവകാശമാണ് ഏറ്റവും വലുത് - വിദ്യാഭ്യാസമന്ത്രി

 

പഠിക്കാനുള്ള അവകാശമാണ് ഏറ്റവും വലിയ മനുഷ്യാവകാശമെന്നും അത് നിഷേധിച്ചതു കൊണ്ടാണ് പലരും സമൂഹത്തിൽ പിന്തള്ളപ്പെട്ടതെന്നും വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. മതനിരപേക്ഷമായ ഭരണകൂടമുണ്ടായപ്പോൾ എല്ലാർക്കും പഠനമെന്നത് സാധ്യമായി. തിരുവനന്തപുരത്ത് തൈക്കാട് പി.ഡബ്ല്യു.ഡി.  റെസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച ഭരണഘടന സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മനുഷ്യാവകാശമെന്നത് ആസ്വദിക്കണമെങ്കിൽ പൂർണ്ണമായ സ്വാതന്ത്ര്യം, സമത്വം എന്നിവ ഉണ്ടാകണം. പഠിച്ച വിഷയങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോഴും പ്രാവർത്തികമാക്കുമ്പോഴും മാത്രമേ യഥാർത്ഥ പഠനം സാധ്യമാകൂയെന്ന് മന്ത്രി പറഞ്ഞു.   സാക്ഷരതാമിഷൻ സംഘടിപ്പിച്ച മികവുത്സവം സാക്ഷരതാ പരിപാടിയിൽ മികച്ച വിജയം നേടിയ 42 പേരുടെ സർട്ടിഫിക്കറ്റും മെഡലും മന്ത്രി വിതരണം ചെയ്തു. സംസ്ഥാനത്തെ 625 കേന്ദ്രങ്ങളിലായി നടത്തിയ മികവുത്സവത്തിൽ10,076 പേർ പങ്കെടുത്തു. ഇതിൽ 8605 പേർ വിജയിച്ചു. ഇതര സംസ്ഥാന തൊഴിലാൡളെ മലയാളം പഠിപ്പിക്കാനുള്ള ചങ്ങാതി, പട്ടികജാതി കോളനികളിൽ നടപ്പിലാക്കി വരുന്ന നവചേതന, ആദിവാസി കോളനികൾ കേന്ദ്രീകരിച്ചുള്ള സമഗ്ര, തീരദേശ സാക്ഷരതാ പദ്ധതിയായ അക്ഷരലക്ഷം എന്നീ പദ്ധതികളിലെ പഠിതാക്കൾക്കായാണ് മികവുത്സവം സംഘടിപ്പിച്ചത്. നാല് പദ്ധതികളിലുമായി ഏറ്റവും കൂടുതൽ പേർ പങ്കെടുത്തത് കോഴിക്കോട് ജില്ലയിൽ നിന്നാണ്. ചങ്ങാതി പദ്ധതിയിൽ 1738, നവചേതനയിൽ 1756, സമഗ്രയിൽ 1996, അക്ഷരസാഗരം പദ്ധതിയിൽ 3115 എന്നിങ്ങനെയാണ് വിജയിച്ചവരുടെ കണക്ക്. 

പൗരാവകാശത്തിന്റ വർത്തമാനം എന്ന വിഷയത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് പ്രഭാഷണം നടത്തി. സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയും നിയമസഭയും സംയുക്തമായാണ് സാക്ഷരത വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചത്. സാക്ഷരതാമിഷൻ ഡയറക്ടർ ഡോ. പി. എസ്. ശ്രീകല, അസി. ഡയറക്ടർ കെ. അയ്യപ്പൻ നായർ തുടങ്ങിയവർ സംസാരിച്ചു.

പി.എൻ.എക്സ്. 5452/18

date