Skip to main content

വനിതാ മതിൽ:  51 അംഗ സംഘാടക സമിതി രൂപീകരിച്ചു

 

പുതുവർഷ ദിനത്തിൽ നവോത്ഥാന ചിന്തകളുണർത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിൽ ക്യാമ്പയിന്റെ പ്രവർത്തനങ്ങൾക്കു വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനു 51 അംഗ സംഘാടക സമിതി രൂപീകരിച്ചു. നവോത്ഥാന മൂല്യങ്ങൾ, സ്ത്രീപുരുഷ സമത്വം എന്നിവ ഉയർത്തിപ്പിടിക്കുന്ന സന്ദേശങ്ങൾ എല്ലാവരിലും എത്തിക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പയിൻ നടത്തുന്നത്. ജില്ലയിൽ നിന്നും 60000 വനിതകൾ പങ്കെടുക്കും. ജനുവരി ഒന്നിന് വൈകുന്നേരം മൂന്നിന്  ആലപ്പുഴ- അരൂർ ദേശീയ പാതയിലാണ് ജില്ലയിൽ നിന്നുള്ള വനിതകൾ എത്തിച്ചേരുന്നത്. ക്യാമ്പയിന്റെ ഭാഗമായി നവോത്ഥാന പ്രതിജ്ഞ, സമ്മേളനം തുടങ്ങിയവയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിളംബര ജാഥയും നടത്തും. 

കോട്ടയം ജില്ലയിൽ ഭക്ഷ്യ- പൊതു വിതരണ വകുപ്പു മന്ത്രി പി. തിലോത്തമനാണ് മുഖ്യരക്ഷാധികാരി. സി.കെ ആശ എ.എൽ.എയാണ് സംഘാടകസമിതി ചെയർപേഴ്‌സൺ. ജില്ലാ കളക്ടർ ഡോ. ബി.എസ് തിരുമേനി  കൺവീനറും സബ്കളക്ടർ ഈശപ്രിയ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സിനി കെ.തോമസ് എന്നിവർ ജോയിന്റ് കൺവീനർമാരും സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പ് ജില്ലാ ഓഫീസർ എം.എം മോഹൻദാസ് ട്രഷററുമാണ്.  പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് വിവിധ സംഘടനകളുടെ പ്രതിനിധികളെ വൈസ്. ചെയർപേഴ്‌സൺമാരായും ജോ.കൺവീനർമാരായും തിരഞ്ഞെടുത്തിട്ടുണ്ട്. 

വൈസ്. ചെയർപേഴ്‌സൺമാർ- കെ.വി ബിന്ദു (അഖിലേന്ത്യ ജനാധിപത്യമഹിളാ ആസോസിയേഷൻ) അഡ്വ. ഷീജ അനിൽ (എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ), പദ്മ ചന്ദ്രൻ (കടുത്തുരുത്തി ബ്‌ളോക്ക് പ്രസിഡന്റ്) ജെസ്സി നൈനാൻ (തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ)് അഡ്വ. സി.ആർ സിന്ധുമോൾ  (ആശ വർക്കേഴ്‌സ് യൂണിയൻ), മണ്ണിൽ ബേബി (കെ.ഡി.എഫ)് അനിഷ് കൊക്കര (എ.കെ.വി.എം.എസ)് ആർ.രാജീവ് (എസ്എൻഡിപി യൂണിയൻ), കാളികാവ് ശശികുമാർ (കെ.പി.എം.എസ്);  ജോ. കൺവീനർമാർ - ഭാനുമതി ജയപ്രകാശ് (കേരള സാംബവ സൊസൈറ്റി വനിതാ സമാജം, അമ്പിളിക്കുട്ടൻ (ശ്രീനാരായണ സഹോദര ധർമ്മവേദി), എലിസബത്ത് സേവ്യർ (ആശ വർക്കേഴ്‌സ് അസോസിയേഷൻ), എസ്.ആർ മോഹനചന്ദ്രൻ (കെ.ജി.ഒ.എ), പ്രകാശ് എൻ. കങ്ങഴ (കെജിഒഎഫ്), ഹേന ദേവദാസ് (കേരള ഗവ.നഴ്‌സസ് അസോസിയേഷൻ), ബി. ശശികുമാർ (പു.കാ.സ ജില്ലാസെക്രട്ടറി), നിഖിൽ (യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർപേഴ്‌സൺ) എന്നിവരെ തിരഞ്ഞെടുത്തു.

  ക്യാമ്പയിന്റെ മുഖ്യസംഘാടനം സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പാണ് നിർവ്വഹിക്കുക. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിനാണ് പ്രചരണ ചുമതല. തദ്ദേശ സ്വയം ഭരണം, പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നോക്ക വികസനം, വ്യവസായം, വിദ്യാഭ്യാസം, സഹകരണം എന്നീ വകുപ്പുകൾ പ്രധാന പങ്ക് വഹിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപന ജനപ്രതിനിധികൾ, സാമൂഹ്യ-സാംസ്‌ക്കാരിക-സർവ്വീസ്  സംഘടനകളും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വനിതകൾ, കുടുംബശ്രീ പ്രവർത്തകർ, ആശ-അങ്കണവാടി -തൊഴിലുറപ്പ് പദ്ധതി പ്രവർത്തകർ, കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിലേയും സ്ഥാപനങ്ങളിലേയും വനിതാ ജീവനക്കാർ - കുടുംബാംഗങ്ങൾ, കോളേജ് -യൂണിവേഴ്സിറ്റി വിദ്യാർത്ഥിനികൾ, അധ്യാപികമാർ  തുടങ്ങിയവർ ക്യാമ്പയിന്റെ ഭാഗമാകും.

 കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എ ഡി എം അലക്‌സ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വനിതാ മതിൽ സംസ്ഥാനകമ്മറ്റി  കൺവീനർ പുന്നല ശ്രീകുമാർ പരിപാടിയുടെ സാമൂഹിക പ്രസക്തി വിശദീകരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ സിനി കെ. തോമസ് കോട്ടയം ജില്ലയിലെ പദ്ധതി വിശദീകരിച്ചു. സംസ്ഥാന കമ്മറ്റി വൈസ് ചെയർമാൻ അഡ്വ. സി. കെ വിദ്യാസാഗർ, സബ്കളക്ടർ ഈശപ്രിയ, ജോ. കൺവീനർമാരായ സി.പി സുഗതൻ, അഡ്വ.ദേവദാസ്, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ പി.കെ സജീവ്, കെ.കെ സുരേഷ് തുടങ്ങിയവർ സംസാരിച്ചു. സാമൂഹ്യനീതി വകുപ്പ് പ്രോഗ്രാം ഓഫീസർ കെ.വി ആശ മോൾ സ്വാഗതവും വനിത പ്രൊട്ടക്ഷൻ ഓഫീസർ പി.എൻ ശ്രീദേവി നന്ദിയും പറഞ്ഞു. ജില്ലാതല ഉദ്യോഗസ്ഥർ, വിവിധ സംഘടനാ പ്രതിനിധികൾ, സർവ്വീസ് സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 

                                                   (കെ.ഐ.ഒ.പി.ആർ-2356/18)

 

date