Skip to main content

എക്‌സൈസ് വകുപ്പിന്റെ ഡീഅഡിക്ഷന്‍ സെന്ററിന്  റാന്നിയില്‍ 14ന് തുടക്കമാകും

 

ലഹരിവസ്തുക്കളുടെ ഉപയോഗം മാരകമായ രീതിയില്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ലഹരിക്ക് അടിമപ്പെട്ടവരെ മുഖ്യധാരയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുള്ള വിമുക്തി പദ്ധതിയുടെ ഭാഗമായുള്ള ഡീഅഡിക്ഷന്‍ സെന്റര്‍ ഈ മാസം 14ന് റാന്നിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. റാന്നി താലൂക്ക് ആശുപത്രിയോട് ചേര്‍ന്നുള്ള ഡീഅഡിക്ഷന്‍ സെന്ററിന്റെ ഉദ്ഘാടനം രാജുഎബ്രഹാം എംഎല്‍എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്, ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു തുടങ്ങിയവര്‍ പങ്കെടുക്കും. 

ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെയാണ് എക്‌സൈസ് വകുപ്പ് റാന്നി താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് ഡീഅഡിക്ഷന്‍ സെന്റര്‍ ആരംഭിച്ചിട്ടുള്ളത്. ഒരു അസിസ്റ്റന്റ് സര്‍ജന്‍, ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, മൂന്ന് സ്റ്റാഫ് നഴ്‌സ്, ഒരു സൈക്ക്യാട്രിസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍, മൂന്ന് സുരക്ഷാ ജീവനക്കാര്‍, ക്ലീനിംഗ് സ്റ്റാഫ് എന്നിവരെ ആരോഗ്യ വകുപ്പ് നിയമിച്ചിട്ടുണ്ട്. മയക്കുമരുന്ന്, മദ്യം, പുകയില തുടങ്ങിയവയ്ക്ക് അടിമപ്പെട്ടവര്‍ക്കുള്ള കിടത്തിചികിത്സ ഉള്‍പ്പെടെ സൗജന്യമായി ഇവിടെ ലഭിക്കും. ചികിത്സയ്ക്ക് ശേഷം കൗണ്‍സിലിംഗ്, മാനസികോല്ലാസത്തിനുവേണ്ടിയുള്ള ക്ലബ്, പുനരധിവാസത്തിനുള്ള സഹായം എന്നിവയും ലഭ്യമാക്കും. ഇവിടെ 24 മണിക്കൂറും അത്യാഹിതവിഭാഗവും പ്രവര്‍ത്തിക്കും. 

ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വിദ്യാലയ പ്രതിനിധികള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍പ്പെടുന്നവരും ലഹരിക്കടിമപ്പെട്ട ആളുകളെ ഡീ അഡിക്ഷന്‍ സെന്ററില്‍ ചികിത്സാ വിധേയമാക്കി ലഹരിയില്‍ നിന്നും മോചിപ്പിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അഭ്യര്‍ഥിച്ചു. ലഹരിമോചന കേന്ദ്രത്തിന്റെ വിലാസം ഡീ അഡിക്ഷന്‍ സെന്റര്‍, താലൂക്ക് ആശുപത്രി, റാന്നി. ഫോണ്‍: 04735 229589. 

date