Skip to main content

മുന്‍ മന്ത്രി സി എന്‍ ബാലകൃഷ്‌ണന്റെ  നിര്യാണത്തില്‍ മന്ത്രിമാര്‍ അനുശോചിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ സഹകരണവകുപ്പ്‌ മന്ത്രിയുമായിരുന്ന സി എന്‍ ബാലകൃഷ്‌ണന്റെ നിര്യാണത്തില്‍ മന്ത്രി എ സി മൊയ്‌തീന്‍ അനുശോചിച്ചു. ദീര്‍ഘകാലം തൃശൂര്‍ ഡി സി സി പ്രസിഡന്റായിരിക്കെ പല വിഷയങ്ങളിലും സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. ഒരു മികച്ച സഹകാരിയായിരുന്ന അദ്‌ദേഹം. ഖാദി ഗ്രാമവ്യവസായ വികസന അസോസ്സിയേഷന്റെയും 30 വര്‍ഷത്തിലേറെ സംസ്‌ഥാന ഖാദി ഫെഡറേഷന്റെയും പ്രസിഡന്റായിരുന്നു. ഗ്രന്‌ഥശാലാസംഘത്തിന്റെ സംസ്‌ഥാന വൈസ്‌ പ്രസിഡന്റായിരുന്നു. സഹകാരി രത്‌നപുരസ്‌കാരം, മികച്ച പൊതുപ്രവര്‍ത്തകനുള്ള കെ കെ ബാലകൃഷ്‌ണന്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. വിനോദാബാവെയുടെ ഭൂദാനയജ്‌ഞത്തിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തിയ സി എന്‍ പിന്നീട്‌ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകനായി മാറി. ദീര്‍ഘകാലം കോണ്‍ഗ്രസ്സിന്റെ തൃശൂരിലെ മുന്‍നിര നേതാക്കളിലൊരാളായിരുന്നു. കെ.പി.സി.സി. ട്രഷററായും പ്രവര്‍ത്തിച്ച സി.എന്‍ ബാലകൃഷ്‌ണന്‌ രാഷ്‌ട്രീയത്തിനതീതമായ സുഹൃദ്‌ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്‌തിരുന്നു. സി എന്‍ ബാലകൃഷ്‌ണന്റെ മരണം പൊതുപ്രവര്‍ത്തനരംഗത്തും തനിയ്‌ക്കും വ്യക്‌തിപരമായ നഷ്‌ടമാണ്‌ വരുത്തിയിട്ടുള്ളതെന്ന്‌ മന്ത്രി കൂട്ടിചേര്‍ത്തു.

മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ്‌ നേതാവുമായ സി എന്‍ ബാലകൃഷ്‌ണന്റെ നിര്യാണത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്‌ അനുശോചിച്ചു. സഹകരണപ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ച സഹകാരിയായിരുന്ന സി എന്‍ ബാലകൃഷ്‌ണന്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിലും സജീവമായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായി മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്‌ അറിയിച്ചു.

date