Skip to main content

ഹരിത കേരള മിഷൻ വാർഷികം:   ജനകീയ തടയണകൾ നിർമിച്ച് തില്ലങ്കേരി 

 

ഹരിത കേരള മിഷൻ രണ്ടാം വാർഷികത്തിന്റെ ഭാഗമായി പഞ്ചായത്തിലെ തോടുകളിൽ ജനകീയ തടയണകൾ നിർമിച്ച് തില്ലങ്കേരി ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിലെ വഞ്ഞേരി തോട്ടിൽ നടന്ന തടയണ നിർമ്മാണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സുഭാഷ് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി നാനൂറോളം തടയണകൾ നിർമ്മിക്കുന്നതിനാണ് പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 

വേനൽക്കാലത്ത് പഞ്ചായത്ത് പരിധിയിലെ തോടുകളിലൂടെ ഒഴുകിപ്പോകുന്ന വെള്ളം സംഭരിക്കുക എന്ന ലക്ഷ്യത്തോടെയാണ് തടയണകൾ നിർമ്മിക്കുന്നത്. നാട്ടുകാരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും  തൊഴിലുറപ്പ് തൊഴിലാളികളുടെയും സഹകരണത്തോടെ 120 ഓളം തടയണകളാണ് ഉദ്ഘാടന ദിവസം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നിർമ്മിച്ചത്. വിവിധ വാർഡുകളിൽ നടന്ന തടയണ നിർമ്മാണങ്ങൾക്ക് വാർഡ് അംഗങ്ങൾ നേതൃത്വം നൽകി. സ്‌കൂൾ-കോളേജ് വിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്തി വരും ദിവസങ്ങളിൽ  വിപുലമായ രീതിയിൽ തടയണ നിർമ്മാണം തുടരാനാണ് പഞ്ചായത്തിന്റെ തീരുമാനം. 

ഡിസംബർ 31 നകം പദ്ധതി പൂർത്തിയാക്കുമെന്ന് പി പി സുഭാഷ് പറഞ്ഞു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഷൈമ അധ്യക്ഷത വഹിച്ചു.  പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

 

date