Skip to main content

ഹരിത കേരളത്തിനായി പച്ചത്തുരുത്ത് പദ്ധതി:  ആസൂത്രണ യോഗം 20 ന്

 

സംസ്ഥാനത്തെ ഹരിത വൽക്കരണം വ്യാപിപ്പിക്കുന്നതിനായി ഹരിത കേരള മിഷൻ പച്ചത്തുരുത്ത് പദ്ധതി നടപ്പിലാക്കുന്നു. ജില്ലയിലെ ഉദയഗിരി ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കിയ മാതൃകയുടെ ചുവടുപിടിച്ചാണ് സംസ്ഥാനത്തുടനീളം പച്ചത്തുരുത്ത് പദ്ധതി വ്യാപിപ്പിക്കുന്നത്. തരിശ് ഭൂമികളിൽ വനവൃക്ഷങ്ങളും ഫലവൃക്ഷങ്ങളും വെച്ചുപിടിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഉദയഗിരി ഗ്രാമ പഞ്ചായത്ത് കുപ്പം-മണക്കടവ് പുഴയിൽ നാല് തുരുത്തുകളിലായി പത്ത് ഏക്കർ ഭൂമിയിൽ മുളയും ഫലവൃക്ഷങ്ങളും നട്ടുവളർത്തിയിട്ടുണ്ട്. തുരുത്തുകൾ വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ടു പോകാതിരിക്കാനുള്ള ജൈവ വേലികളും കൈയാലകളും അനുബന്ധമായി നിർമ്മിച്ചിട്ടുണ്ട്. പഴശ്ശി റിസർവോയർ, ആറളം പുഴ, അഞ്ചരക്കണ്ടി പുഴ എന്നിവിടങ്ങളിലെ സ്വകാര്യ വ്യക്തികളുടെ കൈയിലുള്ളതും വനവൽക്കരണത്തിന് താൽപര്യമുള്ളതുമായ തുരുത്തുകൾ, ഭൂമികൾ തുടങ്ങിയവ ഹരിതവൽക്കരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.  

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജലസേജന വകുപ്പ്, വനം വകുപ്പ്, സാമൂഹ്യ വനവൽക്കരണ വിഭാഗം, ജൈവവൈവിധ്യ ബോർഡ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടി. പദ്ധതിയുടെ നടത്തിപ്പ് ആസൂത്രണം ചെയ്യുന്നതിന് താൽപര്യമുള്ള സംഘടനകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും യോഗം ഡിസംബർ 20 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹരിത കേരള മിഷൻ ഓഫീസിൽ ചേരും.   

 

date