Skip to main content

എറണാകുളം അറിയിപ്പുകള്‍

കുടിവെള്ള വിതരണം മുടങ്ങും

കൊച്ചി: കെ.എസ്.ഇ.ബി പവര്‍ സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ തൃപ്പൂണിത്തുറ സബ് ഡിവിഷന്റെ പരിധിയില്‍ വരുന്ന തൃപ്പൂണിത്തുറ, ചോറ്റാനിക്കര, തിരുവാങ്കുളം, ഉദയംപേരൂര്‍ എന്നീ പ്രദേശങ്ങളില്‍ 12, 13 തീയതികളില്‍ കുടിവെള്ള വിതരണം ഭാഗികമായി തടസപ്പെടും.

വിദ്യാഭ്യാസാനുകൂല്യത്തിനുള്ള അപേക്ഷകൾ 20 നകം നൽകണം

കാക്കനാട്: പട്ടികജാതി വികസന വകുപ്പ് മുഖേന സർക്കാർ നടപ്പാക്കുന്ന വിദ്യാഭ്യാസാനുകൂല്യം ലഭിക്കുന്നതിനായി പട്ടികജാതി, പിന്നോക്ക -മുന്നോക്ക സമുദായ വിദ്യാർത്ഥികൾ സ്ഥാപന മേധാവികൾക്ക് സമർപ്പിച്ചിട്ടുള്ള  അപേക്ഷകളും അനുബന്ധ രേഖകളും ഈ മാസം 20 നകം ജില്ലാ ഓഫീസിൽ എത്തിക്കണമെന്ന് ജില്ലാ പട്ടികജാതി ഓഫീസർ അറിയിച്ചു. അധ്യയന വർഷം ആരംഭിച്ച് ആറ് മാസം പിന്നിട്ടിട്ടും ഈ സ്ഥാപനങ്ങളിൽ ലഭിച്ച അപേക്ഷകൾ കെട്ടിക്കിടക്കുകയാണെന്ന് പരാതി ഉയർന്നിട്ടുണ്ട്.ഇക്കാര്യം സ്ഥാപന മേധാവികൾ പരിശോധിച്ച് വിദ്യാർത്ഥികൾക്ക് യഥാസമയം ആനുകൂല്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ലഭ്യമായ മുഴുവൻ അപേക്ഷകളും ഇ - ഗ്രാന്റ്സ് വെബ് സൈറ്റിൽ ഡാറ്റ എൻട്രി നടത്തി 20 നകം ജില്ലാ ഓഫീസിലെത്തിക്കണം.

 

എസ്.സി.പ്രമോട്ടർ കൂടിക്കാഴ്ച

കാക്കനാട്: ജില്ലയിലെ കൂവപ്പടി, വടവുകോട്, ആലങ്ങാട്, കോതമംഗലം, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തുകളിലും കോതമംഗലം, പിറവം, കളമശ്ശേരി നഗരസഭകളിലും നിലവിലുള്ള എസ്.സി.പ്രമോട്ടർ ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾ വ്യാഴാഴ്ച (13-12) രാവിലെ 10ന് കാക്കനാട് സിവിൽ സ്റ്റേഷൻ മൂന്നാം നിലയിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി (0484-2422256) ബന്ധപ്പെടണം

വസ്തുലേലം

കാക്കനാട്: കുന്നത്തുനാട് താലൂക്ക് ഐക്കരനാട് നോർത്ത് വില്ലേജിൽ മനയ്ക്കൽ കുടി കുട്ടപ്പൻ എന്നയാളുടെ പേരിലുള്ള ഐക്കരനാട് നോർത്ത് വില്ലേജ് ബ്ലോക്ക് 45 -ൽ റീസർവ്വെ 66/12 P+ ൽ പെട്ട 8.09 ആർ സ്ഥലവും ചമയങ്ങളും എം.എ.സി.റ്റി കുടിശ്ശികയിനത്തിൽ 43699 രൂപയും പലിശയും നടപടി ചെലവുകളും ഈടാക്കുന്നതിലേക്കായി ലേലം ചെയ്യും. ഈ മാസം 27 ന് പകൽ 11ന് ഐക്കരനാട് വില്ലേജോഫീസിൽ വച്ചാണ് ലേലം. ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ നിരതദ്രവ്യം കെട്ടി വച്ച് അന്നേ ദിവസം ലേലത്തിൽ പങ്കെടുക്കണം. സർക്കാർ ലേലങ്ങൾക്ക് ബാധകമായ നിബന്ധനകൾ ഈ ലേലത്തിന്നും ബാധകമാണെന്ന് കുന്നത്തുനാട് തഹസിൽദാർ അറിയിച്ചു

ജോലി ഒഴിവ്

കാക്കനാട്: ജില്ലാ ഹോമിയോ ആശുപത്രിയിലെ ലാബോറട്ടറി ടെക്നീഷ്യൻ, അറ്റൻറർ/ നഴ്സിംഗ് അസിസ്റ്റൻറ് എന്നീ താൽക്കാലിക ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.ലാബോറട്ടറി ടെക്നീഷ്യന് ഡി.എം.എൽ.റ്റിയും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും,  അറ്റന്റർ/

നഴ്സിoഗ് അസിസ്റ്റന്റിന് എസ്.എസ്.എൽ.സിയും എ ക്ലാസ് രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷ്യ ണറുടെ കീഴിൽ ഹോമിയോപ്പതി മരുന്നുകൾ കൈകാര്യം ചെയ്തുള്ള മൂന്ന് വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. അപേക്ഷകൾ ഈ മാസം 19 ന് ഉച്ചക്ക് 1 മണിക്ക് മുമ്പായി ആശുപത്രി സൂപ്രണ്ട്, സർക്കാർ ജില്ലാ ഹോമിയോ ആശുപത്രി, പുല്ലേപ്പടി, കലൂർ പി.ഒ എന്ന വിലാസത്തിൽ ലഭിക്കേണ്ടതും അന്നേ ദിവസം 2 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതുമാണ്. കൂടുതൽ വിവരങ്ങൾക്ക് 0484-2401016, 9496469545

ലിഫ്റ്റ് ഓപ്പറേറ്റർ  സർട്ടിഫിക്കറ്റ് പരിശോധന

കാക്കനാട്:  ജില്ലയിലെ വിവിധ വകുപ്പുകളിൽ ലിഫ്റ്റ് ഓപ്പറേറ്റർ (എൻ.സി.എ മുസ്ലിം, കാറ്റഗറി നമ്പർ 208/2018) തസ്തികയുടെ തെരഞ്ഞെടുപ്പിനായി അപേക്ഷ നൽകിയിട്ടുള്ള ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ജില്ലാ പി.എസ്.സി ഓഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾ പേര്, വിലാസം, ജാതി, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ പ്രൊഫൈലിൽ സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്ത ശേഷം അവയുടെ അസലുമായി ഹാജരാകണം. ആറ് മാസത്തെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷ നിരുപാധികം തള്ളുന്നതാണ്. വിശദ വിവരങ്ങൾ കമ്മീഷൻ വെബ്സൈറ്റിലെ അവരുടെ പ്രൊഫൈലിൽ നിന്നറിയാം.

ബോധവൽക്കരണ ക്ലാസ്

കാക്കനാട്: നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ് വകുപ്പ്, ഒ.ഡി.ഇ.പി.സി. എന്നിവ സംയുക്തമായി നഴ്സിങ്ങ് വിദ്യാർത്ഥികൾക്കായി ഏകദിന ഐ.ഇ.എൽ.റ്റി.എസ്  ബോധവൽക്കരണ ക്ലാസ് നടത്തും.17 ന് എറണാകുളം കച്ചേരിപ്പടിയിലെ ഹോട്ടൽ ഗാർഡനിൽ വച്ച് നടത്തുന്ന ക്ലാസിൽ പങ്കെടുക്കാൻ താൽ പര്യമുള്ളവർ 0484-2422458, 9946208901 എന്നീ നമ്പരുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ഡി.എസ് ഉണ്ണികൃഷ്ണൻ അറിയിച്ചു.

ഇ-ഗ്രാന്റ്‌സ്: രേഖകള്‍ 20നകം സമര്‍പ്പിക്കണം

 

കൊച്ചി: പട്ടികജാതി വികസന വകുപ്പ് മുഖാന്തിരം സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഇ-ഗ്രാന്റ്‌സ് പദ്ധതിയിലൂടെ വിദ്യാഭ്യാസാനുകൂല്യം ലഭിക്കുന്നതിനായി പട്ടികജാതി, പിന്നോക്ക- മുന്നോക്ക സമുദായ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളുടെ വിവരം സ്ഥാപനമേധാവികള്‍ ഡിസംബര്‍ 20നകം ജില്ലാ ആഫീസില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.  ലഭ്യമായ മുഴുവന്‍ അപേക്ഷകളും ഇ-ഗ്രാന്റ്‌സ് വെബ്‌സൈറ്റില്‍ ഡാറ്റ എന്‍ട്രി നടത്തിയെന്ന് ഉറപ്പാക്കി അപേക്ഷകളും അനുബന്ധ രേഖകളും സമര്‍പ്പിക്കണം.    സ്ഥാപനങ്ങളില്‍ ഇത്തരം അപേക്ഷകള്‍ കെട്ടിക്കിടക്കുന്നില്ലെന്ന് സ്ഥാപനമേധാവികള്‍ പരിശോധിക്കേണ്ടതും വിദ്യാര്‍ത്ഥികള്‍ക്ക് യഥാസമയം ആനുകൂല്യം ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുമാണെന്നും അറിയിച്ചു.   

 

യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷാ പരിശീലനം

 

കൊച്ചി: യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവര്‍ക്കായി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ തീവ്ര പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. താത്പര്യമുളളവര്‍ 04842576756 എന്ന നമ്പരില്‍ ബന്ധപ്പെടുക.

 

ഐഇഎല്‍ടിഎസ് ഏകദിന ബോധവത്കരണ പരിപാടി

കൊച്ചി: നാഷണല്‍ എംപ്ലോയ്‌മെന്റ്് സര്‍വീസ് വകുപ്പ് ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്റ് എംപ്ലോയ്‌മെന്റ് പ്രൊമോഷന്‍ കള്‍സള്‍ട്ടന്റ്‌സ് ലിമിറ്റഡുമായി  (ഛഉഋജഇ) സഹകരിച്ച് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി കച്ചേരിപ്പടിയിലെ ഹോട്ടല്‍ ഗാര്‍ഡനില്‍ ഡിസംബര്‍ 17 ന് ഐഇഎല്‍ടിഎസ് ഏകദിന ബോധവത്കരണ പരിപാടി നടത്തും. താല്പര്യമുള്ള നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടുക.ഫോണ്‍ നമ്പര്‍ 0484 2422458, 9946208901.

 

ദ്വിദിന അന്തര്‍ദേശീയ സെമിനാര്‍ നടത്തി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ ബിരുദാനന്തര ഗവേഷണ രസതന്ത്ര വകുപ്പ് ഹരിതരസതന്ത്രത്തിന്റെ നൂതനമാര്‍ഗങ്ങള്‍ എന്ന വിഷയത്തില്‍  ദ്വിദിന അന്തര്‍ദേശീയ സെമിനാര്‍ നടത്തി.   മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.സാബു തോമസ് ഉദ്ഘാടനം ചെയ്തു. കോളേജ് ഗവേര്‍ണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ പ്രൊഫ: പി.കെ.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.എന്‍.കൃഷ്ണകുമാര്‍ സ്വാഗതവും രസതന്ത്ര വിഭാഗം മേധാവി കെ.പി.അശോകന്‍,   മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ്  മെമ്പര്‍ ഡോ.എം.എസ്.മുരളി, പ്രൊഫസര്‍ സി.ടി.അരവിന്ദ് കുമാര്‍, ഡോ.പി.അനന്തപത്മനാഭന്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ.ബിന്ദു ശര്‍മ്മിള എന്നിവര്‍ പങ്കെടുത്തു. 

പരിസ്ഥിതിക്ക് അനുയോജ്യമായ ഹരിതരസതന്ത്രത്തിന്റെ നൂതനവിദ്യകള്‍,  കേരള പ്രളയ പരിഹാരത്തിനുതകുന്ന ഊര്‍ജ ഉപയോഗം കുറവുളള വസ്തുക്കള്‍ എന്നീ വിഷയങ്ങളില്‍ നടത്തിയ  പ്രഭാഷണ പരിമ്പരയില്‍ ആഗോള പ്രശസ്തരായ അധ്യാപകര്‍ ഡോ.മിക്വലന്‍ (യു.കെ.) പ്രൊഫ.യോറന്‍ഓറന്‍ (ഇസ്രായേല്‍) പ്രൊഫ. ഇയാന്‍ ഗോയ്‌മേര്‍ (യു.കെ.) പ്രൊഫ. റോളന്‍സ് കാലന്‍ബോണ്‍ (നോര്‍വെ), ഡോ.ലിവില്‍സന്‍ (കാനഡ) ഡോ.ജാനിസ് വെന്‍ക് (യു.കെ) എന്നിവരും ദേശീയ തലത്തില്‍ പ്രസിദ്ധരായ പ്രൊഫ. സി.ടി.അരവിന്ദ്കുമാര്‍, ഡോ.പി.എസ്.ഹരികുമാര്‍, ഡോ.പി.മനോജ്, ഡോ.കെ.ഗിരീഷ്‌കുമാര്‍, ഡോ.സുനില്‍ കെ നാരായണന്‍കുട്ടി, ഡോ.ദീപ്തി മേനോന്‍, ഡോ.പ്രദീപ് പെരിയാറ്റ് എന്നിവരും വിഷയാവരണം നടത്തി.

 

 

ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: കൊച്ചി നഗരസഭയുടെ മരാമത്ത് പണികളുടെ നിര്‍വ്വഹണത്തിനായി സാധുവായ ലൈസന്‍സ് ഉളളതും ഇ.പി.എഫ് രജിസ്‌ട്രേഷന്‍ ഉളളവരുമായ കരാറുകാരില്‍ നിന്നും മത്സരസ്വഭാവമുളള ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ഇ-ടെന്‍ഡര്‍ ഡിസംബര്‍ 20-ന് ഉച്ചയ്ക്ക് മൂന്നു വരെ ഓണ്‍ലൈനായി സ്വീകരിക്കും. ഇ-ടെന്‍ഡര്‍ https;//etenders.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരം വൈറ്റില മേഖല ഓഫീസില്‍/മെയിന്‍ ഓഫീസില്‍ അറിയാം. 

 

ദര്‍ഘാസ് ക്ഷണിച്ചു

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്ററിലേക്ക് ആവശ്യമായ ഷാഡോലസ് ലാംബ് വിതരണം ചെയ്യുകയും പ്രവര്‍ത്തന സജ്ജമാക്കുകയും ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 26 ഉച്ചയ്ക്ക് ഒന്നു വരെ.  

 

എസ്.സി പ്രൊമോട്ടര്‍ ഒഴിവ്; കൂടിക്കാഴ്ച 13-ന്

കൊച്ചി: കൂവപ്പടി, വടവുകോട്, ആലങ്ങാട്, കോതമംഗലം, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തുകളിലും കോതമംഗലം, പിറവം, കളമശ്ശേരി മുനിസിപ്പാലിറ്റികളിലും എസ്.സി പ്രൊമോട്ടര്‍മാരുടെ നിലവിലുളള ഒഴിവുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 13ന് രാവിലെ 10ന് കാക്കനാട് സിവില്‍ സ്റ്റേഷനിലെ മൂന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422256.

 

വൈദ്യുതി സുരക്ഷയും പ്രഥമ ശുശ്രൂഷയും; 

സെമിനാര്‍ ഇന്ന് (ഡിസംബര്‍ 12)

കൊച്ചി: വൈദ്യുതി സുരക്ഷയും പ്രഥമ ശുശ്രൂഷയും എന്ന വിഷയത്തില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് എറണാകുളം ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (ഡിസംബര്‍ 12) ഉച്ചയ്ക്ക് രണ്ടിന് തൃക്കാക്കര മുനിസിപ്പല്‍ കമ്മ്യൂണിറ്റി ഹാളില്‍  ബോധവല്‍കരണ സെമിനാര്‍ നടത്തും.   പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാം.

 

date