Skip to main content

മരട് നഗരസഭയിൽ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം

 

കൊച്ചി: മരട് നഗരസഭ പരിധിയിലുള്ള വിദ്യാലയങ്ങളിൽ കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിന് പുറമേ ഇനി മുതൽ പ്രഭാത ഭക്ഷണവും നൽകുന്നതിനുള്ള പദ്ധതി ആരംഭിച്ചു. മരട് മാങ്കായിൽ ഗവൺമെൻറ് എൽ പി സ്കൂളിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ സുനീല സിബി ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രകാരം ഒരു വിദ്യാർത്ഥിക്ക് പത്ത് രൂപ എന്ന രീതിയിലാണ് തുക വകയിരുത്തിയിരിക്കുന്നത്. നിലവിൽ നഗരസഭയുടെ പരിധിയിലുള്ള  വിദ്യാലയങ്ങളായ മരട് മാങ്കായിൽ ഗവൺമെൻറ്  സ്കൂളിലെ ഏഴുവരെയുള്ള കുട്ടികൾക്കും കുണ്ടന്നൂർ ജെ പി സ്കൂളിലെ വിദ്യാർഥികൾക്കുമാണ് സൗജന്യ പ്രഭാത ഭക്ഷണം പരിപാടി ആരംഭിച്ചിരിക്കുന്നത്. തുടർന്നുള്ള വർഷങ്ങളിൽ പദ്ധതി മറ്റു വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കും. വിദ്യാർത്ഥികൾക്ക് സൗജന്യ പ്രഭാത ഭക്ഷണം നൽകുന്നതിന് 2018 19 സാമ്പത്തിക വർഷത്തിൽ  തുക വകയിരുത്തിയിട്ടുള്ളതാണ്. ഇതു പ്രകാരമാണ് നിലവിൽ പദ്ധതി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നത്.

 

മരട് നഗരസഭ വൈസ് ചെയർമാൻ ബോബൻ  നെടുംപറമ്പിലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ദിശ പ്രതാപൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജബ്ബാർ പാപ്പൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുജാത ശിശുപാലൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്വമിന സുജിത്ത്, സെക്രട്ടറി പി കെ സുഭാഷ്, ഹൈസ്കൂൾ വിഭാഗം പ്രധാനാധ്യാപകൻ പി.വി. പവിത്രൻ, എൽ പി വിഭാഗം പ്രധാനാധ്യാപിക എ.സി. സതി, പി ടി എ പ്രസിഡണ്ട് എം എസ് മനോജ്,  കൗൺസിലർമാരായ കെ.എ. ദേവസി, ബേബി പോൾ തുടങ്ങിയവർ സംസാരിച്ചു.

 

ഫോട്ടോ ക്യാപ്ഷൻ: മരട് മാങ്കായിൽ  സ്കൂളിലെ എൽപി, യുപി വിദ്യാർത്ഥികൾക്ക് മരട് നഗരസഭ നടപ്പിലാക്കിയ പ്രഭാത ഭക്ഷണ പരിപാടി നഗരസഭ അധ്യക്ഷ സുനീല സിബി ഉദ്ഘാടനം ചെയ്യുന്നു.

date