Skip to main content

കുട്ടമ്പുഴ പഞ്ചായത്തിലെ പട്ടയ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കണം: ആന്റണി ജോൺ എംഎൽഎ

 

കൊച്ചി:  കുട്ടമ്പുഴ പഞ്ചായത്തിലെ പട്ടയ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആന്റണി ജോൺ എംഎൽഎ  നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചു.ഇവിടെ 1-1-1977 നു മുൻപായി വന ഭൂമിയിൽ കുടിയേറി പാർത്ത് കൃഷി ചെയ്ത് വീട് വച്ച് താമസിക്കുന്ന അയ്യായിരത്തോളം പേരും റവന്യൂ ഭൂമിയിൽ 25 സെന്റ് മുതൽ 4 ഏക്കർ വരെ ഭൂമി കൈവശം വച്ച് കൃഷി  ചെയ്ത് വീട് വച്ച് താമസിച്ചു വരുന്നതായ ആയിരത്തോളം പേരും അവരുടെ ഭൂമിക്ക് പട്ടയത്തിനു വേണ്ടി വർഷങ്ങളായി കാത്തിരിക്കുകയാണ്.ഇവർക്ക് പട്ടയം ലഭ്യമാക്കുന്നതിനു വേണ്ട അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആന്റണി ജോൺ എംഎൽഎ നിയമസഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.

 

വനഭൂമി കൈവശം വച്ചിരിക്കുന്നവരുടെ കാര്യത്തിൽ വനം റവന്യൂ വകുപ്പുകൾ സംയുക്ത പരിശോധന നടത്തണം.  പരിശോധനയ്ക്ക് ശേഷം അർഹരായവരുടെ ലിസ്റ്റ് തയ്യാറാക്കി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അംഗീകാരം ലഭ്യമാക്കി പട്ടയം നൽകുവാൻ നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.കല്ലേലിമേട്, മണികണ്ട്ഠൻചാൽ പ്രദേശങ്ങളിൽ സംയുക്ത പരിശോധന നടത്തിയതിൽ ഇനിയും 250 ൽ അധികം ഹെക്ടർ ഭൂമി പതിച്ച് നൽകാനുണ്ടെന്നും  റീസർവ്വെയ്ക്കു ശേഷം തയ്യാറാക്കിയിരിക്കുന്ന റവന്യൂ രേഖകളിൽ ഹിൽ മെൻമെന്റ് സെറ്റിൽമെന്റ് എന്ന് രേഖപ്പെടുത്തിയതിനാൽ പട്ടയം നൽകാൻ കഴിയുന്നില്ലെന്നും ഇവിടെയുള്ള കൈവശക്കാർ പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവരല്ലാത്ത സാഹചര്യത്തിൽ റവന്യൂ റിക്കാർഡുകളിൽ മാറ്റം വരുത്തി ഇവർക്ക് വേഗത്തിൽ പട്ടയം ലഭ്യമാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും എംഎൽഎ സബ്മിഷനിലൂടെ ഉന്നയിച്ചു.അതോടൊപ്പം തന്നെ റവന്യൂ ഭൂമിയിൽ 25 സെന്റ് മുതൽ 4 ഏക്കർ വരെ സ്ഥലം കൈവശം വച്ച് താമസിക്കുന്ന 1000ത്തോളം പേരുണ്ടെന്നും ഇവർക്ക് നിലവിൽ 15 സെന്റ് ഭൂമിക്ക് മാത്രമാണ് പട്ടയം ലഭ്യമാക്കുന്നത്. 1964 ലെ ഭൂമി  ചട്ടങ്ങളിൽ വരുത്തിയിട്ടുള്ള ഭേതഗതി പ്രകാരം ഹിൽട്രാക്ട് പ്രദേശങ്ങളിൽ നാല് ഏക്കർ ഭൂമി വരെ പതിച്ചു നൽകുവാൻ കഴിയുന്നതാണ്. അതിനാൽ ഹിൽട്രാക്ട് പ്രദേശമായ കുട്ടമ്പുഴയിലും ഇത്തരത്തിൽ പട്ടയം ലഭ്യമാക്കണം. റോഡ് പുറമ്പോക്കിലും റോഡിനോട് ചേർന്നുള്ള റവന്യൂ തരിശിലും വീട് വച്ച് താമസിക്കുന്നവർക്ക് 30/9/2009 ലെ പൊതുമരാമത്ത് വകുപ്പിന്റെ സർക്കുലർ പട്ടയം നൽകുവാൻ തടസ്സം നിൽക്കുന്നതായും ഇവർക്ക് നിലവിലുള്ള റോഡിൽ നിന്നും നിശ്ചിത ദൂര പരിധി നിശ്ചയിച്ച് പട്ടയം നൽകുന്നതിനു വേണ്ട നടപ്പടി സ്വീകരിക്കണമെന്നും നാഷണൽ ഹൈവേ, പി.ഡബ്ല്യൂ.ഡി,മുനിസിപ്പാലിറ്റി,പഞ്ചായത്ത് റോഡുകൾക്ക് പ്രത്യേക ദൂര പരിധി നിശ്ചയിച്ച് നിലവിലുള്ള സർക്കുലറിൽ മാറ്റം വരുത്തി പട്ടയ നടപടികൾ ലഭ്യമാക്കണമെന്നും എംഎൽഎ ഉന്നയിച്ചു.  

 

കുട്ടമ്പുഴ പഞ്ചായത്ത് 1997 ജനുവരി ഒന്നിന് ആണ് എറണാകുളം ജില്ലയുടെ ഭാഗമായത്. അതുവരെ ഇടുക്കി ജില്ലയുടെ ഭാഗമായിരുന്നു.ഇടുക്കി ജില്ലയിൽ റവന്യൂ വന ഭൂമികൾക്ക് 4 ഏക്കർ വരെ പട്ടയം ലഭ്യമാക്കുന്നുണ്ട്. അതിനാൽ 1997 ജനുവരി ഒന്ന് വരെ ഇടുക്കിയുടെ ഭാഗമായിരുന്ന കുട്ടമ്പുഴ പഞ്ചായത്തിലും സമാനമായ രീതിയിൽ തന്നെ പട്ടയം നൽകുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

 

27-7-2011 ലെ സർക്കാർ ഉത്തരവ് പ്രകാരം താമസ ആവശ്യത്തിനുള്ള ഭൂമി മാത്രം പതിച്ചു നൽകിയാൽ മതിയെന്ന നിർദ്ദേശ പ്രകാരം ഇപ്പോൾ 15 സെന്റ് ഭൂമിയുടെ പതിവ് നടപടികളാണ് കുട്ടമ്പുഴ വില്ലേജിൽ നടന്നു വരുന്നതെന്നും, വനഭൂമി കൈവശം വച്ചിരിക്കുന്ന കൈവശക്കാർക്ക് ഭൂമി തിരിച്ച് നൽകുന്നതിന് റവന്യൂ വനം വകുപ്പുകൾ ചേർന്ന് സംയുക്ത പരിശോധന നടത്തി ലിസ്റ്റ് തയ്യാറാക്കി കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ അംഗീകാരം ലഭ്യമാക്കുന്നതിനു വേണ്ട നടപടി സ്വീകരിച്ചു വരുന്നതായും കല്ലേലിമേട്, മണികണ്ഠൻ ചാൽ പ്രദേശത്തിൽപ്പെട്ട സംയുക്ത പരിശോധന ലിസ്റ്റിൽപ്പെട്ടിട്ടുള്ള ഹിൽമെൻ മെന്റ് സെറ്റിൽമെന്റ് എന്ന് രേഖപ്പെടുത്തിയിട്ടുള്ള 259.08.90 ഹെക്ടർ ഭൂമിക്ക് പട്ടയം നൽകുന്നതിന് പ്രത്യേക നടപടി ക്രമങ്ങൾ ആവശ്യമാണെന്നും ഇത് വേഗത്തിലാക്കുമെന്നും ബഹു റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ ആന്റണി ജോൺ എംഎൽഎയുടെ സബ്മിഷന് മറുപടി നൽകി.

date