Skip to main content

റോഡ് ടാറിങിന് പൊടിച്ച പ്ലാസ്റ്റിക്  ഉപയോഗിച്ച് മീനങ്ങാടി പഞ്ചായത്ത്

 

ഷ്രെഡിങ് യൂനിറ്റില്‍ പൊടിച്ച പ്ലാസ്റ്റിക്, റോഡ് ടാറിങിന് ഉപയോഗപ്പെടുത്തി മീനങ്ങാടി ഗ്രാമപ്പഞ്ചായത്ത്. ആറാംവാര്‍ഡിലെ കൊളഗപ്പാറ സ്‌കൂള്‍ റോഡാണ് പൊടിച്ച പ്ലാസ്റ്റിക് ഉപയോഗിച്ച് റീ ടാര്‍ ചെയ്യുന്നത്. 250 മീറ്റര്‍ ടാറിങിന് 40 കിലോഗ്രാം പൊടിച്ച പ്ലാസ്റ്റിക് ആണ് ഉപയോഗിക്കുന്നത്. 

2016-17ലെ സംസ്ഥാന സര്‍ക്കാരിന്റെ വികേന്ദ്രീകൃതാസൂത്രണ കോ-ഓഡിനേഷന്‍ കമ്മിറ്റി തീരുമാനപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള 10 ശതമാനം റോഡ് നിര്‍മാണ പ്രവൃത്തികളില്‍ എട്ടു ശതമാനം ബിറ്റുമിന് പകരമായി പൊടിച്ച പ്ലാസ്റ്റിക് കൂടി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. 2017-18, 2018-19 സാമ്പത്തിക വര്‍ഷങ്ങളില്‍ ഇത് ആനുപാതികമായി വര്‍ധിപ്പിക്കുകയും ചെയ്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഷ്രെഡിങ് മെഷീനുകള്‍ ഉപയോഗിച്ച് പൊടിച്ച് ടാറില്‍ ചേര്‍ക്കുകയാണ് ചെയ്യുന്നത്. 

തദ്ദേശസ്വയംഭരണ വകുപ്പ് എന്‍ജിനീയറിങ് വിഭാഗം തയ്യാറാക്കിയ ഡാറ്റ അനുസരിച്ച് ഒരു കിലോമീറ്റര്‍ റോഡിന് 350 കിലോഗ്രാം പൊടിച്ച പ്ലാസ്റ്റിക് ഉപയോഗിക്കാം. 20 എംഎം ചിപ്പിങ് കാര്‍പറ്റ് തയ്യാറാക്കുന്നതിന് 10 മുതല്‍ 15 ശതമാനം വരെ പൊടിച്ച പ്ലാസ്റ്റിക് ഉപയോഗിക്കാം. കൂടാതെ റോഡിന്റെ ഗുണമേന്‍മയും ഉറപ്പും വര്‍ധിക്കാനും ഇതു സഹായകരമാണ്. റോഡ് പണിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയന്‍ നിര്‍വഹിച്ചു. ഹരിതകര്‍മസേന ശേഖരിച്ച പ്ലാസ്റ്റിക് ശാസ്ത്രീയ സംസ്‌കരണ പ്രവര്‍ത്തനങ്ങളിലൂടെ ഷ്രെഡിങ് യൂനിറ്റിലെത്തിച്ച് വേര്‍തിരിച്ചു വൃത്തിയാക്കി പൊടിക്കും. ജില്ലയില്‍ ആദ്യമായാണ് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം ഇത്തരത്തിലൊരു സംരഭത്തിന് തുടക്കമിടുന്നതെന്നും സാമ്പത്തിക നേട്ടത്തിനൊപ്പം പ്ലാസ്റ്റിക് പ്രതിരോധമെന്നതു കൂടിയാണ് ലക്ഷ്യമെന്നും പ്രസിഡന്റ് പറഞ്ഞു. ഹരിതകര്‍മസേനകളുടെ പ്രവര്‍ത്തനം എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഉറപ്പുവരുത്തിയതായി ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ബി കെ സുധീര്‍ കിഷന്‍ അറിയിച്ചു. 

മീനങ്ങാടി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി അസൈനാര്‍, ബ്ലോക്ക് ഓവര്‍സിയര്‍ മഞ്ജുഷ, മിനി സാബു, ഉഷ രാജേന്ദ്രന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ എം ടി ബാബു, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം എസ് ദിലീപ്, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍മാരായ എം പി രാജേന്ദ്രന്‍, എ കെ രാജേഷ്, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ കെ അനൂപ് എന്നിവര്‍ പങ്കെടുത്തു. 

date