Skip to main content

വനിതാ മതില്‍: പ്രാദേശിക സമിതി 20 നകം രൂപീകരിക്കും

ജനുവരി ഒന്നിന് നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായി സംഘടിപ്പിക്കുന്ന വനിതാമതില്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഈ മാസം 20 നകം പഞ്ചായത്ത് തലത്തില്‍ പ്രാദേശിക സമിതി രൂപീകരിക്കും. ഡി.പി.സി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല സംഘാടകസമിതി രൂപീകരണ യോഗത്തിലാണ് തീരുമാനം. അഴിയൂര്‍ മുതല്‍ രാമനാട്ടുകര വരെയുള്ള 78 കിലോമീറ്ററില്‍ മൂന്ന് ലക്ഷത്തിലേറെ വനിതകളാണ് അണിനിരക്കുക. വയനാട് ജില്ലയിലെ 35000 വനിതകളും പരിപാടിയുടെ ഭാഗമാവും. ഓരോ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍  വാര്‍ഡ്തല യോഗങ്ങള്‍ ചേര്‍ന്ന് സമിതികള്‍ രൂപീകരിക്കാനാണ് തീരുമാനം. തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍,  വിവിധ സാംസ്‌കാരിക- സാമുദായിക സംഘടന പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സി.ഡി.എസ് പ്രവര്‍ത്തകര്‍, ആശാ-അംഗനവാടി ജീവനക്കാര്‍ തുടങ്ങിയവര്‍ സമിതി രൂപീകരണത്തില്‍ പങ്കാളികളാവും. പരമാവധി ആളുകളെ പരിപാടിയുടെ ഭാഗമാക്കുകയാണ് സമിതിയുടെ ലക്ഷ്യം. സ്ഥാപനങ്ങള്‍, വനിതാ സംഘടനകള്‍, ഗ്രൂപ്പുകള്‍, വ്യക്തികള്‍ എന്നിവരുടെയെല്ലാം പങ്കാളിത്തം സമിതി ഉറപ്പു വരുത്തും. വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പിന്തുണയും പരിപാടിക്ക്  ഉണ്ടാവണമെന്ന്  നവോത്ഥാന സംരക്ഷണ സമിതി വൈസ്ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ  ബി.രാഘവന്‍ യോഗത്തില്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ സാംബശിവ റാവു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പരിപാടികള്‍ വിശദീകരിച്ചു. 

date