Skip to main content

ജില്ലാ കലക്ടറുടെ തിരൂര്‍ താലൂക്ക് പരാതി പരിഹാര അദാലത്തില്‍ ലഭിച്ചത് 607 പരാതികള്‍

പരാതികള്‍ തുടര്‍നടപടികള്‍ക്കായി വകുപ്പ് മേധാവികള്‍ക്ക് കൈമാറി
ജില്ലാ കലക്ടറുടെ തിരൂര്‍ താലൂക്ക് പൊതുജനപരാതി പരിഹാര അദാലത്തില്‍ ആകെ ലഭിച്ചത് 607 പരാതികള്‍. ഓണ്‍ലൈനായി ലഭിച്ച പരാതികള്‍ക്ക് പുറമെ നേരിട്ട് 322 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. ഇതില്‍ എറ്റവും വേഗത്തില്‍ പരിഹരിക്കാവുന്ന പരാതികളില്‍ ഏഴു ദിവസത്തിനകം തീര്‍പ്പുകല്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ അമിത് മീണ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. മറ്റു പരാതികളിലെ തുടര്‍ നടപടികള്‍ പരാതിക്കാരെ അറിയിക്കണമെന്നും കലക്ടര്‍ വ്യക്തമാക്കി.

പ്രളയക്കെടുതി ദുരിതാശ്വാസതുക സംബന്ധിച്ച പരാതികളാണ് കൂടുതലായി അദാലത്തിന്റെ പരിഗണനയ്ക്ക് വന്നത്. ഇക്കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയ്ക്ക് വിധേയമായി നടപടികള്‍ കൈക്കൊള്ളുമെന്ന് കലക്ടര്‍ അമിത് മീണ പൊതുജനങ്ങളെ അറിയിച്ചു. ഭൂനികുതി ഒടുക്കാന്‍ അനുവദിക്കാത്തത് സംബന്ധിച്ചും വഴിതര്‍ക്കം സംബന്ധിച്ചുമുള്ളവയായിരുന്നു മറ്റു പരാതികള്‍. ഇക്കാര്യങ്ങളില്‍ ആവശ്യമായ പരിശോധന നടത്തി നിയമപരമായ നടപടിയ്ക്കാണ് കലക്ടറുടെ നിര്‍ദേശം.

തിരൂര്‍ കോരങ്ങത്തെ സാംസ്‌കാരിക സമുച്ചയത്തില്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് 1.15 വരെ നടന്ന കലക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്തില്‍ എ.ഡി.എം വി രാമചന്ദ്രന്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ അബ്ദുല്‍റഷീദ്, റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ നിര്‍മ്മലകുമാരി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പ്രസന്നകുമാരി, ലാന്റ് അക്വസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അബ്ദുസലാം, ആര്‍.ഡി.ഒ എന്‍.എം മെഹറലി, തഹസില്‍ദാര്‍ ടി.വി സുധീഷ്, ഭൂരേഖ തഹസില്‍ദാര്‍ പി രാജേന്ദ്രന്‍ പിള്ള, ഹെഡ്ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ പി ഉണ്ണി. തുടങ്ങിയവര്‍ നേത്യത്വം നല്‍കി.

date