Skip to main content

ജൂണിനകം മുഴുവന്‍ പട്ടയവും നല്‍കും - റവന്യൂ മന്ത്രി  ഇ. ചന്ദ്രശേഖരന്‍

ജൂണ്‍ മാസത്തോടു കൂടി എല്ലാ ഭൂരഹിതര്‍ക്കും ഭൂമി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന്  റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഇതിനായി അതത് ജില്ലാ കലക്ടര്‍മാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധചെലുത്തണമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് പട്ടയം വിതരണം ചെയ്യാനുണ്ട്. സര്‍ക്കാറിന്റെ കാലാവധിക്ക് മുന്‍പ് അവ ചെയ്തു തീര്‍ക്കണമെന്ന ദൃഢനിശ്ചയമുണ്ട്. ടൗണ്‍ഹാളില്‍ ജില്ലാതല പട്ടയവിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 85 ലക്ഷത്തോളം പേര്‍ക്ക്, ചെറുതാണെങ്കിലും സ്വന്തമായി ഭൂമിയും വീടുമുണ്ട്.  11 ലക്ഷം പേര്‍ക്ക് നാട്ടില്‍ സ്വന്തമായി ഭൂമിയും വീടുമുണ്ടെങ്കിലും അവര്‍ വിദേശത്ത് സ്ഥിര താമസമാക്കിയവരാണ്. നാല് ലക്ഷം പേരാണ് സ്വന്തമായി സ്ഥലം പോലുമില്ലാത്തത്. മിച്ചഭൂമിയുണ്ടെങ്കില്‍ അത് വിതരണം ചെയ്യാനുള്ള നടപടികള്‍ എത്രയും പെട്ടന്ന് സ്വീകരിക്കുമെന്നും ഭൂപരിഷ്‌ക്കരണം നടത്തിയ കേരളത്തില്‍ ഭൂരഹിതര്‍ ഉണ്ടെന്നു പറയുന്നത് സംസ്ഥാനത്തിന് ഭൂഷണമല്ലെന്നും മന്ത്രി പറഞ്ഞു.
ഭൂമി കൈവശം വെച്ചിരിക്കുന്ന അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം ലഭ്യമാക്കുക എന്നതാണ് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നയം.  സംസ്ഥാനത്തെ മുഴുവന്‍ ആളുകളെയും സ്വന്തമായി ഭൂമിയും വീടുമുള്ളവരാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി ദാനം ചെയ്യാന്‍  നിരവധി പേരാണ് മുന്നോട്ടു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി താമസിക്കുന്ന ഭൂമിയുടെ രേഖകള്‍ കിട്ടാന്‍ ദീര്‍ഘകാലം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ ഖേദകരമാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ 73,000 പേര്‍ക്ക് പട്ടയം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷാവസാനത്തോടെ 30,000 പേര്‍ക്കു കൂടി പട്ടയം വിതരണം ചെയ്യുമെന്നും  മന്ത്രി പറഞ്ഞു.ഭരണത്തിലേറി രണ്ടു വര്‍ഷത്തിനകം രണ്ടു വര്‍ഷത്തിനകം ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് പട്ടയം എന്ന ലക്ഷ്യമാണ് ഇതോടെ പൂര്‍ത്തീകരിക്കുന്നത്. 
ചടങ്ങില്‍ തൊഴില്‍, എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.  ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ പട്ടയം കൈമാറി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കലക്ടര്‍ സാംബശിവ റാവു, എം.എല്‍.എമാരായ ജോര്‍ജ്ജ്.എം. തോമസ്, കാരാട്ട് റസാഖ്, വി.കെ.സി. മമ്മദ് കോയ, കെ. ദാസന്‍, പുരുഷന്‍ കടലുണ്ടി, സി.കെ. നാണു, ഇ.കെ. വിജയന്‍ എ.ഡി.എം രോഷ്ണി നാരായണന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ സി.ബിജു, കെ.എന്‍ റംല, കെ.ഹിമ, തഹസില്‍ദാര്‍ പ്രേമചന്ദ്രന്‍, അഡീഷണല്‍ തഹസില്‍ദാര്‍ ഇ.അനിത കുമാരി, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ പി. മോഹനന്‍, കെ ലോഹ്യ, നവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date