Skip to main content

വയോജന സംരക്ഷണ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍  

 

   വയോജനങ്ങളുടെ സംരക്ഷണം ലക്ഷമിട്ടുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന്  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രധാന്യം നല്‍കണമെന്ന്  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. പറഞ്ഞു. കോട്ടയം നഗരസഭ നടപ്പാക്കുന്ന വയോജനങ്ങള്‍ക്ക് കട്ടില്‍ നല്‍കുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ദ്ധക്യകാലത്ത് ബുദ്ധിമുട്ടനുഭവിക്കുന്ന വരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്തം തദ്ദേശസ്ഥാപന ങ്ങള്‍ക്കുണ്ട്. വയോജനങ്ങള്‍ക്കായി കോട്ടയം നഗരസഭ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ മാതൃകാപരമാണ്. പാലിയേറ്റീവ് കെയര്‍ പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ വാര്‍ഡുകളിലേക്കും വ്യാപിപ്പിച്ചത് അഭിനന്ദനാര്‍ ഹമാണെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ പരിധിയിലെ 135 അംഗന്‍വാടികളിലേക്കുള്ള ബേബി ചെയറുകള്‍, കളിപ്പാട്ടങ്ങള്‍, ബെഡ്, കൂളറുകള്‍ തുടങ്ങിയവയുടെ ആദ്യ ഘട്ട വിതരണവും അദ്ദേഹം നിര്‍വ്വഹിച്ചു. നഗരസഭയുടെ 2018-19 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കട്ടില്‍ വിതരണം ചെയ്തത്. 23 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 60 വയസിനുമേല്‍ പ്രായമുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 523 പേര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. നേരത്തെ അപേക്ഷ നല്‍കി വാര്‍ഡ് സഭ അംഗീകരിച്ചവരെയാണ് ഗുണഭോക്ത ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യ ഘട്ടമായി 300 പേര്‍ക്ക് ചടങ്ങില്‍  കട്ടില്‍ വിതരണം ചെയ്തു.    

 

           മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍ സോന അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍  ബിന്ദു സന്തോഷ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ ജോസ് പള്ളിക്കുന്നേല്‍, ലീലാമ്മ ജോസഫ്. എം.പി സന്തോഷ് കുമാര്‍, കുഞ്ഞുമോന്‍ കെ.മേത്തര്‍, സനില്‍ കെ.ജെ, ലില്ലിക്കുട്ടി മാമന്‍, സി.എന്‍ സത്യനേശന്‍, റ്റി.സി റോയി, റ്റി.എന്‍ ഹരികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ പ്രസാദ് സ്വാഗതവും നഗരസഭ സി ഡി പി ഒ സാറാമ്മ ഏബ്രഹാം നന്ദിയും പറഞ്ഞു. 

                                                (കെ.ഐ.ഒ.പി.ആര്‍-2391/18)

date