Skip to main content

വിശ്വാസത്തെ വക്രീകരിച്ച് വർഗീയവത്ക്കരിക്കുന്നവരെ കരുതിയിരിക്കണം:  മന്ത്രി കെ. ടി. ജലീൽ

 

വിശ്വാസത്തെ വക്രീകരിച്ച് വർഗീയവത്ക്കരിക്കുന്നവരെ കരുതിയിരിക്കണമെന്ന് ന്യൂനപക്ഷക്ഷേമ മന്ത്രി ഡോ. കെ. ടി. ജലീൽ പറഞ്ഞു. ന്യൂനപക്ഷ ദിനാചരണത്തിന്റേയും നവീകരിച്ച പരാതി സമർപ്പണ സംവിധാനത്തിന്റേയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

എല്ലാ വിശ്വാസങ്ങളെയും മാനിക്കാൻ കഴിയണം. മനുഷ്യമനസുകളിൽ വർഗീയത സൃഷ്ടിക്കുന്ന സമീപനം മാറണം. ഭൂരിപക്ഷ, ന്യൂനപക്ഷ സൗഹൃദം നാടിന്റെ അഭിവൃദ്ധിക്കും പുരോഗതിക്കും അത്യാവശ്യമാണ്. കഴിവുള്ള വ്യക്തിയാണെങ്കിൽ ഏത് മതവിഭാഗത്തിൽ പെട്ടയാളാണെങ്കിലും അംഗീകാരങ്ങൾ തേടിയെത്തും. ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവർ രാഷ്ട്രപതി, പ്രധാനമന്ത്രി പദവികളിലെത്തിയിട്ടുണ്ട്. പൊതുവിദ്യാലയങ്ങളിൽ നിന്നാണ് നാം മതനിരപേക്ഷതയുടെ ആദ്യ പാഠങ്ങൾ പഠിക്കുന്നത്. വ്യത്യസ്ത ചിന്താധാരകളെ അംഗീകരിക്കുന്ന മനസാണ് വേണ്ടതെന്ന് മന്ത്രി പറഞ്ഞു. 

മതത്തിന് ഒരു രാഷ്ട്രത്തെ ഒരുമിപ്പിച്ച് നിർത്താനാവില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് പാക്കിസ്ഥാൻ. എല്ലാ മതഗ്രന്ഥങ്ങളും ഒന്നു തന്നെയാണ് പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പി. കെ. ഹനീഫ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ അഡ്വ. ബിന്ദു എം. തോമസ്, അഡ്വ. മുഹമ്മദ് ഫൈസൽ, ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. എ. ബി. മൊയ്തീൻകുട്ടി, ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പൽ പ്രൊഫ. അബ്ദുൾ അയൂബ് എ, മെമ്പർ സെക്രട്ടറി എം. കെ. ബിന്ദു തങ്കച്ചി, രജിസ്ട്രാർ സാബിർ ഹുസൈൻ എന്നിവർ പങ്കെടുത്തു.

പി.എൻ.എക്സ്. 5554/18

date