Skip to main content

ലഹരിവസ്തുക്കളുടെ വ്യാപനം : കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം

 

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ ലഹരി വസ്തുക്കളുടെ വിപണനം തടയാനുള്ള നടപടികള്‍ ശക്തമാക്കാന്‍ ജില്ലാ ഭരണകൂടം. അഡീഷല്‍ ജില്ലാ മജിസ്ട്രേറ്റ് പി.ടി ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ കൂടിയ ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ജില്ലാ കോര്‍ഡിനേഷന്‍ സമിതി യോഗത്തിലാണ് തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറു മീറ്റര്‍ ചുറ്റളവ് പുകയില വില്‍പനരഹിതമായി അധ്യാപക-രക്ഷകര്‍തൃസമിതിയുടേയും ജനപ്രതിനിധികളുടേയും നേതൃത്വത്തില്‍ പ്രഖ്യാപിക്കാനും പ്രസ്തുത പ്രദേശങ്ങളില്‍ പുകയില വില്‍പന കര്‍ശനമായി നിരോധിക്കാനും യോഗം തീരുമാനിച്ചു. പുകയിലനിയന്ത്രണനിയമം നടപ്പാക്കാന്‍ എല്ലാ വകുപ്പ് മേധാവികളുടേയും നേതൃത്വത്തില്‍ ജില്ലാതല സ്‌ക്വാഡിന് യോഗം രൂപം നല്‍കി. സ്‌ക്വാഡിന്റെ രൂപീകരണം സംബന്ധമായ നടപടിക്രമങ്ങള്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ ജില്ലാ നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തി. പുകയില വില്‍പന ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് പരിശീലനം നല്‍കുന്നതിനും വ്യാപാരി -വ്യവസായി സംഘടനകളുടെ യോഗം വിളിക്കുന്നതിനും ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തി. എച്ച്എസ് വില്യം ജോര്‍ജ്, ഡെപ്യൂട്ടി ഡിഎംഒ പത്മകുമാരി, കേരള വോളന്ററി ഹെല്‍ത്ത് സയന്‍സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ സാജു ഇട്ടി, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ ഹരികുമാര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ ടി. സൗദാമിനി, വിവിധ വകുപ്പ് പ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

        (പിഎന്‍പി 4103/18)

date