Skip to main content

പൊൻമുടിയിൽ ലോകനിലവാരമുള്ള വികസനപദ്ധതികൾ പരിഗണിക്കും - മന്ത്രി കടകംപള്ളി സുരേന്ദ്രൻ

 

* പൊൻമുടി കെ.ടി.ഡി.സി ഗോൾഡൻ പീക്കിൽ 15 പുതിയ കോട്ടേജുകൾ കൂടി

പൊൻമുടിയെ ലോകനിലവാരത്തിലുള്ള വിനോദസഞ്ചാരകേന്ദ്രമായി ഉയർത്താൻ വനസംരക്ഷണം ഉയർത്തിപ്പിടിച്ചുള്ള വികസനപദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പൊൻമുടിയിലെ കെ.ടി.ഡി.സി യുടെ ഗോൾഡൻ പീക്ക് റിസോർട്ടിൽ പുതുതായി പണികഴിപ്പിച്ച 15 കോട്ടേജുകളുടെ   ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

ലോവർ സാനിറ്റോറിയത്തിന്റെ വികസനത്തിനും സൗന്ദര്യവത്കരണത്തിനുമായി രണ്ടുകോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതിയായി. ഇതിന്റെ നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഇതുവഴി കൂടുതൽ സന്ദർശകരെ ആകർഷിക്കാനാകും. വിവിധതരം സന്ദർശകർ എത്തിച്ചേരുന്നവർക്ക് സമയം ചെലവഴിക്കാൻ കൂടുതൽ വിഭവങ്ങൾ ഇവിടെ ഒരുക്കേണ്ടതുണ്ട്. വനംവകുപ്പിന്റെ സഹകരണത്തോടെ ഇത്തരം പദ്ധതികൾ ആരംഭിക്കുന്നത് പരിഗണിക്കും. ട്രെക്കിംഗ്, ക്ലൈമ്പിംഗ്, സൈക്ലിംഗ് പോലുള്ള പദ്ധതികൾ ഉണ്ടാകേണ്ടതിന്റെ സാധ്യത പരിശോധിക്കും. സമഗ്രവികസന പദ്ധതികൾക്കായി സർക്കാർ 200 കോടിയുടെ പദ്ധതികൾ ബജറ്റിൽ നേരത്തെ പ്രഖ്യാപിച്ചത്. 

ഗോൾഡൻ പീക്കിൽ പുതുതായി 15 കോട്ടേജുകളാണ് സമയബന്ധിതമായി നിർമിച്ചത്. ഇതിനുപുറമേ, പഴയ ഗസ്റ്റ് ഹൗസിൽ ഏഴുമുറികൾ നവീകരിച്ചിട്ടുണ്ട്. പുതിയ മന്ദിരം കുറേകാലമായി പൂർത്തിയാകാതെ കിടക്കുന്നത് പൂർത്തിയാക്കാൻ നടപടിയെടുക്കും. 

കെ.ടി.ഡി.സി വഴിയുള്ള ടൂറിസം വികസന പദ്ധതികൾക്കും സംസ്ഥാനമാകെ സർക്കാർ വളരെയേറെ പ്രാധാന്യം നൽകുന്നുണ്ട്. മൂന്നാർ ടീക്കൗണ്ടി, കോവളം സമുദ്രാ ഹോട്ടൽ, കുമരകം വാട്ടർസ്‌കേപ് എന്നിവയുടെ നവീകരണപദ്ധതികളും കോഴിക്കോടും മുഴുപ്പിലങ്ങാടും രണ്ടു സ്റ്റാർ ഹോട്ടലുകൾ ആരംഭിക്കുന്നതും ഇതിന്റെ ഭാഗമാണ്. കന്യാകുമാരിയിലും ഗുരുവായൂരും കെ.ടി.ഡി.സിക്ക് രണ്ടു വലിയ ഹോട്ടലുകൾ വരുന്നുണ്ട്.      ചെന്നൈയിലും നിർമാണം ആരംഭിക്കാനുള്ള നടപടികൾ തുടരുകയാണ്.

തിരുവനന്തപുരം ജില്ലയിൽ ഈ സർക്കാർ വന്നശേഷം 150 കോടിയുടെ ടൂറിസം വികസനപദ്ധതികളാണ് വിവിധ കേന്ദ്രങ്ങളിൽ നടന്നുവരുന്നത്. നാശത്തിൽ കിടന്ന വേളി ടൂറിസ്റ്റ് വില്ലേജ് നവീകരിക്കുകയാണ്. ബോട്ട് വാങ്ങാനും ഫ്‌ളോട്ടിംഗ് റസ്‌റ്റോറൻറ് നവീകരിക്കാൻ നടപടിയായി. ടോയ് ട്രെയിൻ, ഇക്കോ പാർക്ക്, അർബർ പാർക്ക് തുടങ്ങിയവയും വേളി കൺവൻഷൻ സെൻററും ഉടൻ നിർമാണം ആരംഭിക്കും. ആക്കുളം, കോവളം, അരുവിക്കര, നെയ്യാർഡാം എന്നിവിടങ്ങളിലും മടവൂർപാറയിലും വർക്കലയിലും ടൂറിസം വികസനത്തിന് നിരവധി പദ്ധതികളാണ് വരുന്നത്.

മലബാറിന്റെ ടൂറിസം സാധ്യതകൾ ലോകത്തെ അറിയിക്കാനും അവ പരമാവധി ഉപയോഗപ്പെടുത്താനും സർക്കാർ ശ്രമം നടത്തുകയാണ്. നിരവധി പദ്ധതികൾ ഇത്തരത്തിൽ ഉത്തരമലബാറിൽ നടപ്പാക്കിവരുന്നുണ്ട്. മധ്യകേരളത്തിലും വൈവിധ്യമാർന്ന  പദ്ധതികളാണ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ഡി.കെ. മുരളി എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്  വി.കെ. മധു മുഖ്യാതിഥി ആയിരുന്നു. ടൂറിസം ഡയറക്ടർ പി. ബാലകിരൺ, വാമനപുരം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ചന്ദ്രൻ, പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത്    പ്രസിഡൻറ് പി. ചിത്രകുമാരി, വാമനപുരം ബ്‌ളോക്ക് പഞ്ചായത്തംഗം ഷീബാ ഗിരീഷ്, പെരിങ്ങമ്മല ഗ്രാമപഞ്ചായത്തംഗം ജിഷ എ.ആർ, കെ.ടി.ഡി.സി ബോർഡംഗങ്ങളായ  കൃഷ്ണകുമാർ, പി.പി. ദിവാകരൻ, പി. ഗോപിനാഥൻ, യു. ബാബു ഗോപിനാഥ് എന്നിവർ സംബന്ധിച്ചു.  കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടർ ആർ. രാഹുൽ സ്വാഗതവും ഗോൾഡൻ പീക്ക് മാനേജർ കെ. വിജയൻ നന്ദിയും പറഞ്ഞു.

3.2 കോടി രൂപ അടങ്കലിലാണ് 15 പുതിയ കോട്ടേജുകൾ പൊൻമുടിയിലെ ഗോൾഡൻ പീക്ക് റിസോർട്ടിൽ പുതുതായി പണികഴിപ്പിച്ചത്. നിലവിലുള്ള കോട്ടേജുകൾ ഉൾപ്പെടെ 29 കോട്ടേജുകൾ ഇപ്പോൾ ഇവിടെയുണ്ട്. ആധുനിക നിലവാരമുള്ളതും പ്രകൃതിയോടിണങ്ങിയവയുമായ കോട്ടേജുകളാണ് മനോഹരമായ ലാൻഡ്‌സ്‌കേപ്പിംഗിൽ ഇവിടെ ഒരുക്കിയിരിക്കുന്നത്. മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാനാവുംവിധമുള്ള ക്ലിഫ് വ്യൂ കേട്ടേജുകളും പ്രത്യേകതയാണ്. 2017ൽ ഭരണാനുമതിയായ പദ്ധതിപ്രകാരമാണ് പുതിയ കോട്ടേജുകൾ ഒരുക്കിയത്. 

പി.എൻ.എക്സ്. 5560/18

date