Skip to main content

ആഭ്യന്തര മത്സ്യോല്‍പാദനത്തില്‍ സ്വയംപര്യാപ്‌തത ലക്ഷ്യം :  മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

മത്സ്യകുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്നതില്‍ സ്വയംപര്യാപ്‌തത നേടുകയാണ്‌ സംസ്ഥാനത്തിന്റെ ലക്ഷ്യമെന്നും ഉള്‍നാടന്‍ മത്സ്യകൃഷിയുടെ സാധ്യതകള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താന്‍ സംസ്ഥാനത്തിന്‌ കഴിയുന്നില്ലെന്നും ഫിഷറീസ്‌ വകുപ്പ്‌ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പീച്ചി ഫിഷറീസ്‌ കോംപ്ലക്‌സ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അവര്‍. വര്‍ഷം പന്ത്രണ്ടര കോടി മത്സ്യകുഞ്ഞുങ്ങളെയാണ്‌ സംസ്ഥാനത്തിനാവശ്യം. ഇതില്‍ രണ്ടര കോടി കുഞ്ഞുങ്ങളെ മാത്രമാണ്‌ ഇവിടെ ഉല്‍പാദിപ്പിക്കുന്നത്‌. കൂടുതല്‍ ഹാച്ചറികള്‍ സ്ഥാപിച്ച്‌ ലക്ഷ്യം കൈവരിക്കാനാണ്‌ ഫിഷറീസ്‌ വകുപ്പ്‌ ഉദ്ദേശിക്കുന്നത്‌. കേരളത്തിന്റെ തനത്‌ ഇനങ്ങളായ വരാല്‍, കാളാഞ്ചി തുടങ്ങി മത്സ്യങ്ങളെ കൂടി പീച്ചി, കുളത്തൂര്‍പ്പുഴ, നെല്ലാര്‍, കല്ലോട്‌ എന്നിവിടങ്ങളിലെ ശുദ്ധജല ഹാച്ചറികളില്‍ നിന്നും ഉല്‍പാദിപ്പിക്കും. മത്സ്യോല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിലൂടെ സാമൂഹ്യ ആരോഗ്യ സുരക്ഷ കൂടി ഉറപ്പാക്കുകയാണ്‌ ലക്ഷ്യം. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മത്സ്യകൃഷി വ്യാപനത്തിന്റെ ഭാഗമായി മുറ്റത്തൊരു മീന്‍തോട്ടം പദ്ധതിക്ക്‌ ഫിഷറീസ്‌ വകുപ്പ്‌ രൂപം നല്‍കിയതായും അവര്‍ അറിയിച്ചു.ഉള്‍നാടന്‍ മത്സ്യകൃഷിക്കു അനുഗുണനമായി നമ്മുടെ ജലാശയങ്ങളെ മാറ്റാന്‍ കഴിയുംവിധം വലിയ മുന്നേറ്റം നടത്തേണ്ടതുണ്ട്‌. ത്രിതല പഞ്ചായത്തുകള്‍ക്ക്‌ ഇതില്‍ ഏറെ ചെയ്യാന്‍ കഴിയും. വാര്‍ഷിക പദ്ധതിയില്‍ ഇത്തരം പ്രോജക്‌ടുകള്‍ക്ക്‌ രൂപം നല്‍കിയാല്‍ മത്സ്യകുഞ്ഞുങ്ങളെയും സാങ്കേതിക സഹായവും നല്‍കാന്‍ ഫിഷറീസ്‌ വകുപ്പ്‌ തയ്യാറാണ്‌. മന്ത്രി അറിയിച്ചു.സമാന്തര മത്സ്യ വിപണന സമ്പ്രദായവും ഫിഷറീസ്‌ വകുപ്പ്‌ തുടങ്ങിക്കഴിഞ്ഞു. അന്തിപച്ച എന്ന പേരിട്ട കടല്‍ മത്സ്യവിപണ രീതിക്ക്‌ നല്ല സ്വീകാര്യതയാണ്‌ ലഭിക്കുന്നത്‌. അടുത്ത വര്‍ഷം കേരളത്തില്‍ ഒരു ലക്ഷം ടണ്‍ മത്സ്യം ഉല്‍പാദിപ്പിക്കുകയാണ്‌ വകുപ്പിന്റെ ലക്ഷ്യം. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.ഏഷ്യയിലെ ഏക ഫിഷറീസ്‌ സര്‍വകലാശാല കൊച്ചിയിലെ കുഫോസിലെ ബി എഫ്‌ എസ്‌ സി കോഴ്‌സിന്റെ സിലബസ്‌ പരിഷ്‌ക്കരിക്കുമെന്നും അവസാന സെമസ്റ്ററില്‍ പ്രായോഗിക പരിശീലനം നിര്‍ബന്ധമാക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിന്‌ ഹാച്ചറികള്‍ ഉപയോഗപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.
സി എന്‍ ജയദേവന്‍ എംപി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മേരി തോമസ്‌, ഒല്ലൂക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഐ എസ്‌ ഉമാദേവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ വി അനിതാ വാസു എന്നിവര്‍ മുഖ്യാതിഥികളായി. ജനപ്രതിനിധികളും രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികളും സംബന്ധിച്ചു. നിര്‍മ്മിതി കേന്ദ്ര പ്രോജക്‌ട്‌ മാനേജര്‍ എം എം ബോസ്‌കോ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. 4.64 കോടി രൂപ ചെലവില്‍ 4486 ചതുരശ്ര അടിയില്‍ ഓഫീസ്‌ കെട്ടിടം 3.8 ഏക്കര്‍ സൈറ്റ്‌ ഡവലപ്പ്‌മെന്റ്‌ 628 മീറ്ററില്‍ കമ്പിവേലി, 196 മീറ്റര്‍ കരിങ്കല്‍ ഭിത്തി നിര്‍മ്മാണം, കുളനവീകരണം പ്ലംബിങ്‌ പണികള്‍, ആര്‍ സി സി ടാങ്കുകള്‍, കാന തുടങ്ങിയവയാണ്‌ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചിട്ടുളളത്‌. ഫിഷറീസ്‌ മദ്ധ്യേ മേഖല ജോയിന്റ്‌ ഡയറക്‌ടര്‍ എം എസ്‌ സാബു സ്വാഗതവും ഡെപ്യൂട്ടി ഡയറക്‌ടര്‍ കെ സൂഹൈര്‍ നന്ദിയും പറഞ്ഞു.

date