Skip to main content
ഇടുക്കി ജില്ലാ ലൈബ്രറി കൗണ്‍സിന്റെ നേതൃത്വത്തില്‍ നടന്ന സെമിനാര്‍ ജില്ലാകളക്ടര്‍ കെ ജീവന്‍ ബാബു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

കുട്ടികളെ വായനയുടെ ലോകത്തേക്ക് എത്തിക്കണം: ജില്ലാകളക്ടര്‍

 

 

പുസ്തകങ്ങളുടെയും വായനയുടെയും  ലോകത്തേക്ക്  കുട്ടികളെ കൈപിടിച്ച് നടത്തണമെന്ന് ജില്ലാ കളക്ടര്‍ കെ ജീവന്‍ ബാബു. നവോത്ഥാന വും കേരളീയ  സ്ത്രീകളും എന്ന വിഷയത്തില്‍  ഇടുക്കി ജില്ല ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച സെമിനാര്‍ അടിമാലിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. മലയാളികളുടെ ചിന്താധാര വളര്‍ത്തിയതില്‍ ഗ്രന്ഥശാല പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം കുട്ടികളില്‍ കൂടുന്നത് മാതാപിതാക്കളുടെ അശ്രദ്ധമൂലമാണ്. കുട്ടികളെ ചെറുപ്പം മുതല്‍ വായനയിലേക്ക് തിരിച്ചു വിടണം. നവോത്ഥാന മൂല്യങ്ങളെയും നവോത്ഥാന നായകന്‍മാരെയും പുതുതലമുറ അറിഞ്ഞ് വളരണം. കേരളത്തിന്റെ സാസ്‌കാരിക തലങ്ങളില്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്.  നവോത്ഥാന മൂല്യങ്ങള്‍ ഇനിയും ശക്തമായി നിലനില്‍ക്കേണ്ടത് സമൂഹത്തില്‍ അനിവാര്യമാണെന്നും അറിവിന്റെ ലോകത്തു നിന്ന് നല്ല മനുഷ്യനായി മാറാനുള്ള സാഹചര്യം  ഇനി വരുന്ന തലമുറയിലേക്ക് പകര്‍ന്ന് നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു.

 സ്ത്രീകളെ നവോത്ഥാനത്തിലേക്ക് നയിച്ച ചരിത്ര സംഭവങ്ങളെ ഓര്‍മപ്പെടുത്തിക്കൊണ്ട് പ്രമുഖ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകനായ കെ. ഇ എന്‍ കുഞ്ഞഹമ്മദ് വിഷയാവതരണം നടത്തി. ആശയ വിപുലമായ ഒരു സമൂഹമാണ് നമ്മുക്ക് ആവശ്യം. അറിവിന്റെയും അന്വേഷണത്തിന്റെയും അഗ്‌നി സമൂഹത്തില്‍ നിന്ന് നേടിയെടുക്കാന്‍ നമ്മള്‍ ശ്രമിക്കണം. മാനവികമായ മൂല്യങ്ങളെ തിരിച്ചറിയണം. പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടങ്ങളിലൂടെയാണ് കേരളം നവോത്ഥാനത്തിലെത്തിയത്. ചാന്നാര്‍ ലഹള, കല്ലുമാല സമരം തുടങ്ങിയ ചരിത്രസംഭവങ്ങള്‍ പുതിയതലമുറ അറിഞ്ഞിരിക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

 ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ആര്‍ തിലകന്‍, സെക്രട്ടറി ഇ ജി സത്യന്‍, കെ.എം. ബാബു, ജോസ് കോനാട്ട്, ജോസ് വെട്ടിക്കുഴ സംഘാടക സമിതി ചെയര്‍മാന്‍ എന്‍ എം കുര്യന്‍, കണ്‍വീനര്‍ പിഎന്‍ ചെല്ലപ്പന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

date