Skip to main content

ജില്ലാ ശിശു പരിചരണ കേന്ദ്രം ഈ മാസം പ്രവര്‍ത്തനമാരംഭിക്കും

ജില്ലയിലെ ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാര്‍ഥികളുടെ ക്ഷേമത്തിനും പ്രാധാന്യം നല്‍കി ജില്ല ശിശുക്ഷേമ സമിതി വിവിധ പ്രവര്‍ത്തനങ്ങള്‍ രൂപം നല്‍കി. പാലക്കുന്നില്‍ ജില്ലാ ശിശുപരിചരണന കേന്ദ്രം ഈ മാസം ഒടുവില്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ മേല്‍നോട്ടത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുക. ഭാഷന്യൂനപക്ഷങ്ങള്‍ക്കിടയിലെ വിദ്യാര്‍ഥികള്‍ക്കായി പുത്തിഗയില്‍ ശാസ്ത്രബോധവല്‍ക്കരണ സഹവാസ ക്യാമ്പ് സംഘടിപ്പിക്കും. ഭരണഘടനയെക്കുറിച്ചും പ്രത്യേക ക്ലാസുകള്‍ എടുക്കും. 

മധുരം പ്രഭാതം പദ്ധതി ജില്ലയില്‍ ഈ അധ്യയന വര്‍ഷം നടപ്പാക്കുന്നതിന് തീരുമാനിച്ചു. പതിവായി പ്രഭാതഭക്ഷണം കഴിക്കാതെ സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെയും പ്രഭാതഭക്ഷണം നല്‍കും. മഞ്ചേശ്വരം, കയ്യൂര്‍-ചീമേനി, ബളാല്‍, വലിയപറമ്പ, വെസ്റ്റ് എളേരി തുടങ്ങിയ പഞ്ചായത്തുകളിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്. അടുത്ത അധ്യയവര്‍ഷം ജില്ലയില്‍ വ്യാപകമാക്കും. വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുവാനും നടപടി ഉണ്ടാകും. എഡിഎം:എന്‍.ദേവീദാസ് അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ ശിശുക്ഷേസമിതി സെക്രട്ടി മധു മുതിയക്കാല്‍,  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍,സംസ്ഥാന ശിശുക്ഷേമ സമിതി എക്‌സിക്യുട്ടീവ് അംഗം ഒ.എം ബാലകൃഷ്ണന്‍, ജില്ലാ വൈസ് പ്രസിഡന്റ് എംപിവി ജാനകി, അജയന്‍ പനയാല്‍, കുത്തൂര്‍ കണ്ണന്‍,പി.ശ്രീഖ, പി.കെ രഘുനാഥന്‍, പി.കെ ലക്ഷ്മി, പി.വി ജിഷ, എം.ലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.

date