Skip to main content

പ്രളയ പുനര്‍നിര്‍മ്മാണം :  അവകാശതര്‍ക്ക അദാലത്ത്‌ 

പ്രളയത്തെ തുടര്‍ന്ന്‌ നാശം സംഭവിച്ച വീടുകളുടെ പുനര്‍നിര്‍മ്മാണം അവകാശ തര്‍ക്കം മൂലം തടസപ്പെട്ട കേസുകളില്‍ പ്രകൃതിദുരന്ത പുനരധിവാസ അദാലത്ത്‌ നടത്തി. റവന്യൂ വകുപ്പിന്റെയും ജില്ലാ നിയമ സേവന അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിലാണ്‌ അദാലത്ത്‌ സംഘടിപ്പിച്ചത്‌. കൊടുങ്ങല്ലൂര്‍ മുകുന്ദപുരം താലൂക്കുകളിലെ തര്‍ക്കം നിലനില്‍ക്കുന്ന 83 കുടുംബങ്ങള്‍ക്കാണ്‌ അദാലത്ത്‌ ഏര്‍പ്പെടുത്തിയത്‌. ഇവരില്‍ 36 പേര്‍ കൊടുങ്ങല്ലൂര്‍ താലൂക്കില്‍ നിന്നും 47 പേര്‍ മുകുന്ദപുരം താലൂക്കില്‍ നിന്നുമാണ്‌. കൊടുങ്ങല്ലൂര്‍ താലൂക്കില്‍ നിന്ന്‌ ഹാജരായ 27 കേസുകളില്‍നിന്ന്‌ 11 പേരുടെ കേസുകളിലാണ്‌ എല്ലാ കക്ഷികളും ഹാജരായത്‌. ഇതില്‍ നിന്നുള്ള മൂന്നു കേസുകളും, മുകുന്ദപുരം താലൂക്കില്‍ നിന്ന്‌ ഹാജരായ 10 കേസുകളില്‍ എട്ടെണ്ണവും ഒത്തുതീര്‍പ്പായി. പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച വീടുകളുടെ പുനര്‍നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ 4 ലക്ഷം രൂപയാണ്‌ സഹായധനം അനുവദിച്ചത്‌. പുനര്‍നിര്‍മാണം സാധ്യമാകണമെങ്കില്‍ സമ്മതപത്രം ഒപ്പിട്ടു നല്‍കണം. എന്നാല്‍ കൂട്ടാധാരം നിലനില്‍ക്കുന്ന കുടുംബാംഗങ്ങളും വസ്‌തു തര്‍ക്കം നിലനില്‍ക്കുന്ന കുടുംബാംഗങ്ങളും സമ്മതപത്രം ഒപ്പിട്ട്‌ നല്‍കാന്‍ തയ്യാറായിരുന്നില്ല. സമ്മതപത്രം ഒപ്പിട്ടു നല്‍കിയില്ലെങ്കില്‍ സഹായധനം തള്ളിപ്പോകും. ഈ അവസ്ഥയിലാണ്‌ തര്‍ക്ക പരിഹാരത്തിനായി അദാലത്ത്‌ സംഘടിപ്പിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്‌. ഡെപ്യൂട്ടി കളക്ടര്‍ (ഡി.എം) ഹുസൈന്‍, റിട്ടയേഡ്‌ ജഡ്‌ജി അഡ്വ. ടി ബി ശിവപ്രസാദ്‌, സബ്‌ ജഡ്‌ജി കെ പി ജോയ്‌, ഇരിങ്ങാലക്കുട ആര്‍ഡിഒ എം സി റെജില്‍, മുകുന്ദപുരം താലൂക്ക്‌ തഹസില്‍ദാര്‍ ഐ ജെ മധുസൂദനന്‍, കൊടുങ്ങല്ലൂര്‍ താലൂക്ക്‌ തഹസില്‍ദാര്‍ തോമസ്‌, അഡ്വ. ഇന്ദു നിതീഷ്‌, അഡ്വ. സുലാല്‍. കെ എസ്‌ എന്നിവരും വിവിധ വില്ലേജ്‌ ഓഫീസര്‍മാരും റവന്യൂ ഉദ്യോഗസ്ഥരും പങ്കെടുത്തു.

date