Skip to main content

കൊടുങ്ങല്ലൂര്‍ ലാന്റിംഗ്‌ പ്ലേസ്‌ താമസക്കാരുടെ  പുനരധിവാസം : ശിലാസ്ഥാപനം 20 ന്‌

കൊടുങ്ങല്ലൂര്‍ നഗരസഭയിലെ ലാന്റിംഗ്‌ പ്ലേസ്‌ താമസക്കാരുടെ പുനരധിവാസം യാഥാര്‍ഥ്യമാകുന്നു. നഗരസഭാ കാവില്‍കടവ്‌ ലാന്റിംഗ്‌ പ്ലെയ്‌സില്‍ താമസിച്ചിരുന്ന പന്ത്രണ്ട്‌ കുടുംബങ്ങള്‍ക്കാണ്‌ പുനരധിവാസം സാധ്യമാകുന്നത്‌. ഇവര്‍ക്കായുള്ള ഭവനസമുച്ചയത്തിന്റെ ശിലാസ്ഥാപനം ലാന്റിംഗ്‌ പ്ലേസില്‍ ജനുവരി 20ന്‌ രാവിലെ 11ന്‌ തദ്ദേശസ്വയംഭരണ വകുപ്പ്‌ മന്ത്രി എ.സി. മൊയ്‌തീന്‍ നിര്‍വ്വഹിക്കും. നഗരത്തിന്റെ ഹൃദയഭാഗത്ത്‌ തൃശ്ശൂര്‍ റോഡിന്‌ സമീപത്താണ്‌ ഭവനസമുച്ചയം നിര്‍മ്മിക്കുന്നത്‌. മൂന്ന്‌ നിലകളിലായി പണിതുയര്‍ത്തുന്ന കെട്ടിടത്തില്‍ എല്ലാവിധ സൗകര്യങ്ങളും ഉണ്ടാകും. ഒരു കോടി ഇരുപതു ലക്ഷം രൂപയാണ്‌ പദ്ധതി തുക. അഡ്വക്കേറ്റ്‌ വി. ആര്‍. സുനില്‍ കുമാര്‍ എം.എല്‍.എ.യുടെ ഫണ്ടില്‍ നിന്നാണ്‌ ഇതിനായി തുക വകയിരുത്തിയിരിക്കുന്നത്‌. തൃശ്ശൂര്‍ കോസ്റ്റ്‌ ഫോര്‍ഡ്‌ ആണ്‌ കെട്ടിടം രൂപകല്‍പ്പന ചെയ്‌തത്‌. നഗരസഭയുടെ പരിധിയില്‍ വര്‍ഷങ്ങളായി കുടില്‍കെട്ടി താമസിച്ചിരുന്നവര്‍ക്കാണ്‌ സ്വന്തമായി ഒരു ഭവനം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നത്‌. ഇവരുടെ പുനരധിവാസത്തിനായി പത്തുവര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയില്‍നിന്ന്‌ തുക അനുവദിച്ചിരുന്നു. ഇതുപ്രകാരം ആറു പേര്‍ വീതമുള്ള കുടുംബങ്ങള്‍ക്കായി 2 ഫ്‌ലാറ്റുകളുടെ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്‌തു. പണി 80% പൂര്‍ത്തിയായപ്പോള്‍ വേണ്ടത്ര സൗകര്യമില്ല എന്നുള്ള ആക്ഷേപമുയര്‍ന്നു. കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ വാടകക്ക്‌ താമസിക്കുകയും വാടകത്തുക താങ്ങാനാവാതെ ബുദ്ധിമുട്ടുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ എം.എല്‍.എയുടെ ഭവനപദ്ധതിയിലുള്‍പ്പെടുത്തി പുതിയൊരു ഭവന സമുച്ചയം പണിതുയര്‍ത്താന്‍ നഗരസഭ തീരുമാനിക്കുന്നത്‌. മുക്കാല്‍ഭാഗത്തോളം പണിപൂര്‍ത്തിയാക്കിയ ആദ്യത്തെ കെട്ടിടം നവീകരിച്ച മറ്റേതെങ്കിലും പദ്ധതികള്‍ക്ക്‌ ഉപയോഗിക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ കെ.ആര്‍. ജൈത്രന്‍ അറിയിച്ചു. അഡ്വ.വി.ആര്‍.സുനില്‍കുമാര്‍ എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയര്‍മാന്‍ കേന്ദ്രം സ്വാഗതം പറയും. നഗരസഭാ വൈസ്‌ ചെയര്‍പേഴ്‌സന്‍ ഹണി പീതാംബരന്‍, വികസന സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ കേസ്‌ കൈസാബ്‌, ക്ഷേമകാര്യ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോഭാ ജോഷി, മുന്‍ നഗരസഭ ചെയര്‍മാന്‍ സി.സി. വിപിന്‍ ചന്ദ്രന്‍,വാര്‍ഡ്‌ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

date