Skip to main content
പ്ലാസ്റ്റിക് നിരോധനം കൂടുതല്‍ ഫലപ്രദമാക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നാറില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിളിച്ചു കൂട്ടിയ അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു സംസാരിക്കുന്നു

ദേവികുളം താലൂക്കിലെ പ്ലാസ്റ്റിക് നിരോധനം കര്‍ക്കശമാക്കുന്നു: നിയമനടപടികളിലേക്ക് നീങ്ങാന്‍ തീരുമാനം

 

ദേവികുളം താലൂക്കില്‍ കഴിഞ്ഞ നവംബര്‍ ഒന്നു മുതല്‍ പ്രഖ്യാപിച്ച പ്ലാസ്റ്റിക് നിരോധനം കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് മൂന്നാറില്‍ വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തില്‍ തീരുമാനമായി. താലൂക്കിലെ എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലും കാര്യക്ഷമമായി നിരോധനം നടപ്പിലാക്കുന്നതിന് പഞ്ചായത്ത് തലത്തില്‍ ജനപ്രതിനിധികള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, ടാക്‌സി-ഓട്ടോ ഡ്രൈവര്‍മാര്‍ , വിവിധ ഓഡിറ്റോറിയം ഉടമകള്‍, ട്രാവല്‍ ഏജന്‍സികള്‍, വ്യാപാരി വ്യവസായ സംഘടനകള്‍,  ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍, റിസോര്‍ട്ട് -ഹോം സ്‌റ്റേ അസോസിയേഷന്‍, ആരോഗ്യ വകുപ്പ്്-പോലീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവയുടെ വിപുലമായ യോഗം പഞ്ചായത്ത് സെക്രട്ടറിമാര്‍ ഉടന്‍ വിളിച്ചു ചേര്‍ക്കും. ഈ യോഗ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ നിശ്ചിത തീയതി മുതല്‍ താലൂക്കില്‍ പ്ലാസ്റ്റിക്  ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നിയമനടപടികള്‍ പ്രഖ്യാപിക്കുമെന്ന് ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു അറിയിച്ചു. വിവിധ ഗ്രാമപ്പഞ്ചായത്തുകളുടെ സെക്രട്ടറിമാര്‍ പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ചു സ്വീകരിച്ചുവരുന്ന നടപടികള്‍ യോഗത്തില്‍ വിശദീകരിച്ചു. മാങ്കുളം, ചിന്നക്കനാല്‍, വട്ടവട തുടങ്ങിയ പഞ്ചായത്തുകളില്‍ താരതമ്യേന പ്ലാസ്റ്റിക് ഉപയോഗം കുറവാണെന്ന് യോഗത്തില്‍ അറിയിച്ചു. അടിമാലി ഗ്രാമപ്പഞ്ചായത്തില്‍ പ്ലാസ്റ്റിക് നിരോധനം വളരെ ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്നും അതിനെ മാതൃകയാക്കാവുന്നതാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ വ്യാപാര സ്ഥാപനങ്ങളിലെത്തുന്നത് തടയാന്‍ പരിശോധനാ നടപടികള്‍ കര്‍ശനമാക്കണം. അത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ നിയമനടപടിയെടുക്കുന്നതിന് എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങളെയും അധികാരപ്പെടുത്തുന്നതിനു നടപടി സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

മൂന്നാര്‍ ടീ കൗണ്ടിയില്‍ ചേര്‍ന്ന യോഗത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ സജീവന്‍ ആമുഖ പ്രഭാഷണം നടത്തി. ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി എസ് ശ്രീകല വിഷയാവതരണം നടത്തി. മേഖലാ ചീഫ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ എം എ ബൈജു ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനു ഹരിതകേരളം മിഷന്‍ നടപ്പിലാക്കി വരുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജി.എസ് മധു വിശദീകരിച്ചു. എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ എബി വര്‍ഗീസ് സ്വാഗതവും  അസിസ്റ്റന്റ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ ജി എം ചിറയില്‍ നന്ദിയും പറഞ്ഞു.

date