Skip to main content

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ജില്ലാ ആസ്ഥാനത്ത് കോള്‍ സെന്റര്‍ ആരംഭിക്കാനുള്ള  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ജില്ലാ കളക്ടര്‍

ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് ജില്ലാ ആസ്ഥാനത്ത് കോള്‍ സെന്റര്‍ ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് കോള്‍ സെന്റര്‍ ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ത്ബാബുവിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ചേര്‍ന്ന യോഗത്തില്‍  അടിയന്തരമായി ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങളെകുറിച്ച് ചര്‍ച്ച ചെയ്തു.
                       ഈ മാസം 22 ശേഷം, 1950 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെ ട്ടാല്‍ പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ്, വോട്ടര്‍ പട്ടിക, തിരിച്ചറിയല്‍ കാര്‍ഡ്, പോളിംഗ് സ്റ്റേഷന്‍ തുടങ്ങിയ തെരഞ്ഞെടുപ്പ് സംബന്ധമായ മുഴുവന്‍ വിവരങ്ങളും ലഭിക്കും. രാവിലെ 9 മുതല്‍ രാത്രി 9 വരെ കോള്‍സെന്റര്‍ പ്രവര്‍ത്തിക്കും. കോള്‍ സെന്റര്‍ വഴി സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും പരാതികള്‍ രജിസ്റ്റര്‍ ചെയ്ത്  പരിഹരിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതിനായി പ്രത്യേകം ഓഫീസ് സജ്ജീകരിക്കുകയും ഹുസൂര്‍ ശിരസ്തദാര്‍ കെ.നാരായണനെ ജില്ലാ കോണ്‍ടാക്ട് ഓഫീസറായി നിയമിക്കുകയും ചെയ്തു. കോള്‍ സെന്ററില്‍ സ്ഥിരമായി നാല്  ജീവനക്കാരുണ്ടാകും. വോട്ടര്‍ ഹെല്‍പ് ലൈന്‍ എന്ന മൊബൈല്‍ ആപ്പും തെരഞ്ഞെടുപ്പ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്.    
        യോഗത്തില്‍ സബ്കളക്ടര്‍ അരുണ്‍ കെ വിജയന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.കെ രമേന്ദ്രന്‍, ജൂനിയര്‍ സൂപ്രണ്ട് എസ്.ഗോവിന്ദന്‍ ,കെല്‍ട്രോണ്‍ കോര്‍ഡിനേറ്റര്‍ ശ്രീജ , സീനിയര്‍ ക്ലര്‍ക്ക് ടി.കെ വിനോദ്, സ്വകാര്യ മൊബൈല്‍ കമ്പനിയുടെ പ്രതിനിധികള്‍  എന്നിവര്‍ പങ്കെടുത്തു
 

date