Skip to main content

ജില്ലയില്‍ എഫ്.എം റേഡിയോ ആരംഭിക്കാന്‍ ലക്ഷ്യം: കളക്ടര്‍

 ജില്ലാഭരണകൂടം സംസ്ഥാന യുവജനക്ഷേമ ബോര്‍ഡുമായി സഹകരിച്ച് പൊതുജനങ്ങളുടെ പിന്തുണയോടെ എഫ്.എം റേഡിയോ സ്റ്റേഷന്‍   ജില്ലയില്‍ ആരംഭിക്കുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ജില്ലാകളക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു.  ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസറെ എഫ് എം റേഡിയോ ആരംഭിക്കുന്നതിനുളള നടപടികള്‍ക്ക് രൂപം നല്‍കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.  
മലയാളത്തിന് പുറമെ കന്നഡ, തുളു തുടങ്ങി ജില്ലയില്‍ പ്രചാരമുള്ള മറ്റുഭാഷകളില്‍ പരിപാടികള്‍ അവതരിപ്പിക്കുന്ന വിധത്തിലാണ് റേഡിയോ സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുവാന്‍ ഉദ്ദേശിക്കുന്നത്. പത്താതരം വിജയിച്ചവര്‍ക്ക് തുടര്‍പഠനത്തിനും തൊഴില്‍ പരിചയത്തിനും ഉപകരിക്കുന്ന കരിയര്‍ ഗൈഡന്‍സ് സെന്റര്‍ ജില്ലാഭരണകുടം രണ്ടുമാസത്തിനകം ആരംഭിക്കുമെന്നു കളക്ടര്‍ പറഞ്ഞു.  വര്‍ഷങ്ങളായി സംസ്ഥാന കായകമേളയില്‍ പിന്നിലാകുന്ന കാസര്‍കോട് ജില്ലയെ മുന്‍നിരയില്‍ എത്തിക്കുന്നതിന് ഗവ- എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കായി സംഘടിപ്പിക്കുന്ന ടാലന്റ് ഹണ്ട് ഈ മാസം 30, 31 തീയതികളില്‍ വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും.  ജില്ലയുടെ കായികവികസനത്തിന് യൂത്ത് ക്ലബ്കള്‍ക്ക് വളരെയേറെ സംഭാവന നല്‍കാന്‍ സാധിക്കും.  ജില്ലയുടെ സാമൂഹികപുരോഗതിക്ക് തടസ്സം നില്‍ക്കുന്ന തിന്മകളെ തിരിച്ചറിയണമെന്നും ഇരുട്ടിന്റെ ശക്തികള്‍ക്കെതിരെ പ്രതികരിക്കണമെന്നും കളക്ടര്‍ പറഞ്ഞു. കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നെഹ്‌റുയുവകേന്ദ്ര സംഘടിപ്പിച്ച ദേശീയ യുവജനവാരത്തിന്റെ സമാപന ചടങ്ങില്‍ അദ്ധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.

date