Skip to main content

സുരക്ഷിത ഭവന നിര്‍മ്മാണങ്ങളുടെ പ്രദര്‍ശനവുമായി സുരക്ഷിത കേരളം തുടങ്ങി

 

ആലുവ: ദുരന്തങ്ങളെ അതിജീവിക്കുവാന്‍ പ്രാപ്തമായ പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കുമ്പോഴും കേടുപാടുകള്‍ സംഭവിച്ച വീടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുമ്പോഴും എടുക്കേണ്ട മുന്‍ കരുതലുകളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായുള്ള പ്രദര്‍ശനം സുരക്ഷിത കേരളം' ആലുവ യു സി കോളേജില്‍ ആരംഭിച്ചു. ജില്ലാ ഭരണകൂടവും റീബില്‍ഡ് കേരളയും, ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും യുഎന്‍ ഡി പി യും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 
പ്രളയം ബാധിച്ചവര്‍ക്കു മാത്രമല്ല ദുരന്തങ്ങളെ നാശനഷ്ടങ്ങള്‍ കുറച്ച് എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചുള്ള അറിവും പ്രദര്‍ശനം പറഞ്ഞു തരുന്നു. വെള്ളക്കെട്ട് ഉണ്ടാകുന്ന ഇടങ്ങളില്‍ നിര്‍മ്മിക്കേണ്ട വീടിന്റെ മാതൃകകളും ഉരുള്‍പൊട്ടല്‍, ഇടിമിന്നല്‍, തീ പിടിത്തം, വരള്‍ച്ച, രാസവസ്തുക്കള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ മുതലായവ എങ്ങനെ നേരിടാമെന്നും പ്രദര്‍ശനത്തില്‍ വ്യക്തമാക്കുന്നുണ്ട്. 

പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ വീട് നിര്‍മ്മിക്കുന്നതിന് മുമ്പ് വീട്ടുടമകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിവുകള്‍ പ്രദര്‍ശനത്തിലുണ്ട്. നിര്‍മാണ സ്ഥലം തെരഞ്ഞെടുക്കുമ്പോള്‍ മുതല്‍ കെട്ടിടത്തിന് വിവിധ ഭാഗങ്ങള്‍ എങ്ങനെ പ്രളയദുരന്തത്തില്‍ നിന്നും രക്ഷിക്കാം എന്നതുവരെ വ്യക്തമാക്കുന്നതാണ് പ്രദര്‍ശനം.  ഏതുതരത്തിലാണ് അസ്ഥിവാരം വേണ്ടത,് അടിത്തറ പണിയേണ്ടത്, തറകള്‍ കെട്ടേണ്ടത് ചുമരുകളും വാതിലുകളും ജനാലകളും നിര്‍മ്മിക്കേണ്ടത് വൈദ്യുത പ്ലംബിംഗ് സംവിധാനങ്ങള്‍ മേല്‍ക്കൂരകള്‍ ഒരുക്കേണ്ടത് എന്ന അറിവുകളും ഇവിടെ നിന്നും ലഭിക്കും.
ഭിന്നശേഷി സൗഹൃദ ഭവന നിര്‍മ്മാണത്തെക്കുറിച്ചും അറിവ് പകരുന്നു.. ജില്ലാ ദുരന്തനിവാരണ വകുപ്പ് , തണല്‍, ഹാബിറ്റാറ്റ്, ശുചിത്വമിഷന്‍ ,ഹരിതകേരളം മിഷന്‍ , കുടുംബശ്രീ എന്നിവരാണ് പ്രദര്‍ശനത്തില്‍ സ്റ്റാളുകള്‍ ഒരുക്കിയിരിക്കുന്നത്. 

വിവിധ തരം ദുരന്തങ്ങളെ അതിജീവിക്കുന്നതിനുള്ള മുന്നറിയിപ്പുകളും ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്‌കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ദുരന്തനിവാരണ വകുപ്പിന്റെ സ്റ്റാള്‍ നല്കുന്നു. ഇതിനായുള്ള കൈപ്പുസ്തകങ്ങളും സ്റ്റാളില്‍ ലഭിക്കും. വിവിധ രക്ഷാ ഉപകരണങ്ങളും പരിചയപ്പെടുത്തുന്നു.

സാമൂഹ്യനീതി വകുപ്പിനു കീഴില്‍ തണല്‍ ഒരുക്കിയ സ്റ്റാളില്‍ ഭിന്നശേഷി സൗഹൃദ ഭവന നിര്‍മ്മാണത്തെക്കുറിച്ചാണ് വിശദീകരിക്കുന്നത്. വീട്ടിലേക്കുള്ള വഴി, വാതിലുകള്‍, മുറികള്‍ , ഭിന്നശേഷി സൗഹൃദ ശുചി മുറികള്‍ എന്നിവയെ പരിചയപ്പെടുത്തുന്നു. 

പ്രളയത്തില്‍ അതീജീവിക്കുന്ന വീടുകളുടെ 12 മാതൃകകളാണ് ഹാബിറ്റാറ്റ് പ്രദര്‍ശനത്തിലുള്ളത്. മാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രദര്‍ശനം ശുചിത്വ മിഷനില്‍ കാണാം. ഭവന നിര്‍മ്മാണ രംഗത്ത് കുടുംബശ്രീയുടെ നിര്‍മ്മാണ യൂണിറ്റുകളെയാണ് സ്റ്റാളിലുള്ളത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ പൂര്‍ത്തീകരിച്ച വീടുകളുടെ ഫോട്ടോ പ്രദര്‍ശനവുമുണ്ട്. മേസ്തിരി മാര്‍ക്കുള്ള പരിശീലനവും ഇതോടനുബന്ധിച്ച്  നല്‍കുന്നുണ്ട്. 

പ്രദര്‍ശനം അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ പി.ഡി. ഷീല ദേവി, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഏണസ്റ്റ് സി തോമസ്, യുഎന്‍ഡിപി സ്‌റ്റേറ്റ് പ്രോജക്ട് ഓഫീസര്‍ ജോ ജോണ്‍ ജോര്‍ജ്ജ,് യുഎന്‍ഡിപി ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോക്ടര്‍ ഉമ വാസുദേവ,് യൂസി കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ താരക സൈമണ്‍, വാര്‍ഡ് കൗണ്‍സിലര്‍ ലെനജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു പ്രദര്‍ശനം ഇന്ന് (ജനുവരി 20) അവസാനിക്കും.
 

date