Skip to main content

മണലിപ്പുഴ സംരക്ഷണം : ഫെബ്രുവരി 2 ന്‌ തുടക്കമാകും

ജില്ലാപഞ്ചായത്തിന്റെയും ജില്ലാഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ നടപ്പിലാക്കുന്ന മണലിപ്പുഴ പുനരുജ്ജീവന- സംരക്ഷണയജ്ഞത്തിന്‌ ഫെബ്രുവരി 2 ന്‌ തുടക്കമാകും. കൃഷിവകുപ്പ്‌ മന്ത്രി അഡ്വ. വി.എസ്‌്‌. സുനില്‍കുമാര്‍, പൊതുവിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ പദ്ധതിയ്‌ക്ക്‌ തുടക്കംകുറിക്കുക. ഫെബ്രുവരി 5 ന്‌ ജില്ലയിലെ മന്ത്രിമാരുടെയും, വിവിധ ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ പുഴ നടത്തം സംഘടിപ്പിക്കും. ഫെബ്രുവരി 10 ന്‌ പുഴയുടെ ഇരുകരകളിലും മുളതൈകള്‍വച്ചുപിടിപ്പിക്കല്‍ ആരംഭിക്കും. ഫെബ്രുവരി 15 നുള്ളില്‍ പുഴയിലെ മാലിന്യങ്ങള്‍ നീക്കംചെയ്യും. മാര്‍ച്ച്‌ 15 നുള്ളില്‍ പുഴയുടെ ഇരുകരകളിലും തൈകള്‍ വച്ചുപിടിപ്പിച്ച്‌ മണലിപ്പുഴ സംരക്ഷണയജ്ഞം പൂര്‍ത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. മുളവച്ചുപിടിപ്പിക്കല്‍ നടത്തറ ഗ്രാമപഞ്ചായത്തില്‍നിന്നും ആരംഭിക്കും. തുടര്‍ന്ന്‌ പാണഞ്ചേരി ഗ്രാമപഞ്ചായത്തില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. മണലിപ്പുഴയുടെ ഇരുകരകളിലുമായി 64.6 കിലോമീറ്റര്‍ ദൂരത്തിലാണ്‌ മുളതൈകള്‍വച്ചു പിടിപ്പിക്കല്‍ ഉള്‍പ്പടെയുള്ള സംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌. പുഴയുടെ ഇരുകരകളെയും സംബന്ധിച്ച സ്ഥലത്തിന്റെ സര്‍വ്വേ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്‌. മണലിപ്പുഴ ഒഴുകുന്ന പഞ്ചായത്തുകളുടെയും ജില്ലാ സര്‍വ്വേ വിഭാഗത്തിന്‍െ്‌റയും പ്രദേശത്തെ ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ സര്‍വ്വേ വേഗത്തില്‍ പൂര്‍ത്തീകരിക്കും. ഇതിന്‍െ്‌റ ഭാഗമായി പുഴയുടെ തീരത്തെ കയ്യേറിയ ഭൂമി ഉള്‍പ്പടെയുള്ളവ കണ്ടെത്തും. മുളകള്‍വച്ചുപിടിപ്പിക്കുന്നതിന്‌ ഒരുപഞ്ചായത്തില്‍നിന്നും 5 പേര്‍ക്ക്‌ ട്രെയിനിങ്‌ നല്‍കും. ഫെബ്രുവരി ആദ്യവാരത്തില്‍ തന്നെ ട്രെയിനിങ്‌ നല്‍കും. തൊഴിലുറപ്പ്‌ തൊഴിലാളികളുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തും. 10000 തൈകള്‍ ഇരുകരകളിലും നടുന്നതിനായി തയ്യാറായി കഴിഞ്ഞു. ഇതില്‍ 4000 മുളതൈകളും ഉള്‍പ്പെടും. പുഴയില്‍നിന്നുള്ള മാലിന്യങ്ങള്‍ അടിയന്തിരമായി നീക്കാനും മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ പഞ്ചായത്തുകള്‍ സ്ഥലം കണ്ടെത്തണമെന്നും കളക്‌ട്രേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ എന്‍.കെ. ഉദയപ്രകാശ്‌ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത്‌ സ്‌റ്റാന്‍ഡിംഗ്‌ കമ്മറ്റി അധ്യക്ഷ ജെന്നി ജോസഫ്‌, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി എം എന്‍ സുധാകരന്‍, ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍ പി.ഡി. സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു പങ്കെടുത്തു.

date